ADVERTISEMENT

ഇസ്‌ലാമാബാദ്/ ന്യൂയോർക്ക് ∙ ഇന്ത്യയുമായി ഇനി ഒരിക്കലും ചർച്ചയ്ക്കു തയാറാകില്ലെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പലതവണ സമാധാന ചർച്ചകൾ‌ക്ക് തയാറാണെന്നു പാക്കിസ്ഥാൻ അറിയിച്ചതാണ്. എന്നാൽ ഇന്ത്യ അംഗീകരിച്ചില്ല. പാക്കിസ്ഥാൻ ഭീകര സംഘടനകൾക്കെതിരെ നടപടിയെടുത്ത ശേഷം മതി ചർച്ച എന്ന വാദമാണ് അവർ ഉന്നയിച്ചതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിലായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവന.

‘അവരോട് (ഇന്ത്യ) സംസാരിക്കുന്നതിൽ അർഥമില്ല. എന്റെ ഭാഗത്തു നിന്നു വേണ്ടതെല്ലാം ചെയ്തു. നിർഭാഗ്യവശാൽ, ഇപ്പോൾ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, സമാധാനത്തിനും ചർച്ചയ്ക്കുമായി നടത്തിയ എല്ലാ പ്രസ്താവനകളും, അവർ വെറും പ്രീണിപ്പെടുത്തലായി എടുത്തെന്നു കരുതുന്നു. ഇതിൽ കൂടുതൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. രണ്ടു ആണവ രാഷ്ട്രങ്ങൾക്കിടയിൽ ഇത്തരത്തിൽ ഭിന്നത നിലനിൽക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്.’ – ഇമ്രാൻ ഖാൻ പറഞ്ഞു.

സ്ഫോടനാത്മകമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കഴിഞ്ഞ ദിവസം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞത്. പാകിസ്ഥാനെതിരായ സൈനിക നടപടിയെ ന്യായീകരിക്കാൻ ഇന്ത്യ കശ്മീരിൽ വ്യാജ ആക്രമണം നടത്തിയേക്കുമെന്നും ഇമ്രാൻ ട്രംപിനോടു ആശങ്ക പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണ് രാജ്യാന്തര മാധ്യമത്തിലൂടെ ഇമ്രാൻ ഖാന്റെ പുതിയ പ്രസ്താവന.

എന്നാൽ യുഎസിലെ ഇന്ത്യൻ അംബാസിഡർ ഹർഷ വർധൻ ശ്രിംഗ്‌ല പാക്കിസ്ഥാന്റെ പ്രസ്താവന തള്ളി. സമാധാനത്തിനായി മുൻകൈയ്  എടുത്തപ്പോഴെല്ലാം മോശമായ അനുഭവമാണ് ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ളതെന്നു ഹർഷ വർധൻ പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ വിശ്വസനീയവും ശക്തവുമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016–ലെ പഠാൻകോട്ട് ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ചയ്ക്കു തയാറായിട്ടില്ല.

English Summary: Pakistan Will No Longer Seek Talks With India: Imran Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com