ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം പാലം അഴിമതി വിഷയത്തിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. വിജിലൻസ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് വിവരം. പാലാരിവട്ടം പാലം നിർമാണസമയത്ത് ഇബ്രാഹിംകുഞ്ഞായിരുന്നു മന്ത്രി. അതുകൊണ്ടു തന്നെ പാലത്തിന്റെ നിർമാണത്തിൽ മന്ത്രി എന്ന നിലയിൽ എത്രത്തോളം ഇടപെടലുണ്ടായി, എന്ത് വീഴ്ചയാണ് വന്നത് എന്നീ വിവരങ്ങൾ നേരിട്ടറിയുന്നതിനു വേണ്ടിയാണ് വിജിലൻസ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. 

പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് ഇതിനകം ഉദ്യോഗസ്ഥരെ പലപ്രാവശ്യം ചോദ്യം ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് മുൻ മന്ത്രിയെയും ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തിയിരിക്കുന്നത്. കേസിൽ ആദ്യമായാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. നിലവിൽ മന്ത്രിയെ കേസിൽ പ്രതി ചേർത്തിട്ടില്ല. ചോദ്യം ചെയ്യൽ വൈകിട്ടു വരെ തുടരുമെന്നാണ് വിവരം. പാലാരിവട്ടം പാലം നിർമാണത്തിൽ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കരാറുകാരെയും കൺസൾട്ടൻസിയെയും മേൽനോട്ട ചുമതലയുണ്ടായിരുന്ന സ്ഥാപനങ്ങളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 

അതേസമയം പാലാരിവട്ടം പാലം പണിമുയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണത്തിൽ തനിക്കു പങ്കില്ലെന്നും മന്ത്രി എന്ന നിലയിൽ നേരിട്ട് ഇടപെടൽ ഉണ്ടായിട്ടില്ലെന്നുമാണ് ഇബ്രാഹിംകുഞ്ഞ് സ്വീകരിച്ചിട്ടുള്ള നിലപാട്. പാലത്തിന്റെ നിർമാണത്തിന് ഭരണാനുമതി നൽകുകയായിരുന്നു തന്റെ ഉത്തരവാദിത്തം. നിർമാണ പ്രവർത്തനത്തിൽ തനിക്ക് പങ്കില്ല. ഇതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്രയാണ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കുന്നത് മന്ത്രിയല്ല, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. അവർ ചെയ്തില്ലെങ്കിൽ അവരുടെ കുറ്റമാണെന്നുമാണ് മന്ത്രി സ്വീകരിച്ച നിലപാട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com