ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകുന്നതിനുള്ള നീക്കങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബജറ്റിൽ അതിസമ്പന്നർക്ക് ഏർപ്പടുത്തിയ അധിക സർചാർജിൽ നിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഒഴിവാക്കി. 2 മുതൽ 5 കോടി വരെ വാർഷിക നികുതി നൽകുന്നവർക്ക് മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാർഷിക വരുമാനമുള്ളവർക്ക് ഏഴു ശതമാനവും തുകയാണ് സൂപ്പർ റിച്ച് ടാക്സ് എന്ന പേരിൽ സർചാർജായി ഇക്കഴിഞ്ഞ ജൂലൈയിലെ ബജറ്റിൽ ഏർപ്പെടുത്തിയത്.

നിലവിലുള്ള ആദായനികുതിക്കു പുറമെയായിരുന്നു ഇത്. തുടർന്ന് എഫ്പിഐ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാൻ തുടങ്ങിയത് ഓഹരി വിപണിയെ ഉലച്ചിരുന്നു. ഈ പ്രവണത തുടരുന്നതിനിടെയാണിപ്പോൾ ധനമന്ത്രിയുടെ പ്രഖ്യാപനം. ആഭ്യന്തര നിക്ഷേപകർക്കുള്ള സർചാർജും ഒഴിവാക്കിയിട്ടുണ്ട്. ജൂലൈയിലെ ബജറ്റിനു മുന്നോടിയായുള്ള സാഹചര്യം തന്നെ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

എഫ്പിഐ നിക്ഷേപകരുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നിർമല ഇക്കഴിഞ്ഞ മാസങ്ങളിൽ ചർച്ച നടത്തിയിരുന്നു. രൂപയുടെ മൂല്യമിടിയുന്നതു തുടരുന്നതും ധനമന്ത്രാലയത്തെ ആശങ്കയിലാഴ്ത്തി. ഡോളറുമായുള്ള വിനിമയത്തിൽ ഓഗസ്റ്റ് 23നു രൂപ എട്ടു മാസത്തെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയിരുന്നു. പത്തു പൈസയുടെ ഇടിവോടെ 71.91 നിലവാരത്തിലേക്കാണ് എത്തിയത്. അതിനിടെയാണ് ധനമന്ത്രി പ്രത്യേക വാർത്താസമ്മേളനം വിളിച്ചത്.

രാജ്യാന്തര തലത്തിൽ സമ്പദ്‌വ്യവസ്ഥയ്ക്കു തിരിച്ചടിയേറ്റിട്ടുണ്ടെന്നും നിർമല പറഞ്ഞു. ചൈന–യുഎസ് വ്യാപാരയുദ്ധം ഉൾപ്പെടെ ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണം. എന്നാൽ രാജ്യാന്തര സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതാണ്.

യുഎസ്, ജർമനി ഉൾപ്പെടെയുള്ള രാജ്യാന്തര ശക്തികൾ സാമ്പത്തിക വളർച്ചയിൽ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യയ്ക്കു കാര്യമായ പ്രശ്നമില്ല. വളർച്ചാനിരക്കിൽ ഇവർക്കും മുകളിലാണ് ഇന്ത്യ. ചൈനയുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർച്ചയിലാണ്. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി മുന്നോട്ടു പോകുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രധാന തീരുമാനങ്ങൾ:

∙ ഓഹരി അടക്കം വൻകിട നിക്ഷേപങ്ങൾക്ക് സർചാർജില്ല. എഫ്പിഐ നിക്ഷേപകർക്കും ആഭ്യന്തര നിക്ഷേപകർക്കും ഇതിന്റെ ഗുണം ലഭിക്കും

∙ രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്എംഇ) ജിഎസ്ടി അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. കെട്ടിക്കിടക്കുന്ന റീഫണ്ടുകളെല്ലാം ഇന്നു മുതൽ 30 ദിവസത്തിനകം കൊടുത്തുതീർക്കും. ഇനി മുതൽ റീഫണ്ടിങ് 60 ദിവസത്തിനകം കൊടുത്തുതീർക്കും.

∙ ജിഎസ്ടി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച കേന്ദ്രത്തിന്റെ അടിയന്തര യോഗം

∙ ജിഎസ്ടി നിരക്കുകൾ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും

∙ 16 വകുപ്പുകളിൽ പ്രോസിക്യൂഷനു പകരം പിഴ

∙ ജിഎസ്ടി റിട്ടേൺ കൂടുതൽ ലളിതമാക്കും. ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല.

∙ സ്റ്റാർട്ടപ്പുകൾക്കുള്ള ഏഞ്ചൽ ടാക്സ് ഒഴിവാക്കി; സംരംഭകർക്ക് ഇളവുകൾ നല്‍കും

∙ പലിശയിലെ വ്യത്യാസം എല്ലാ വായ്പകൾക്കും ലഭിക്കും. എല്ലാ ബാങ്കുകളും ഇതിനു സമ്മതിച്ചു. 

∙ ഭവനവായ്പയ്ക്കും മറ്റു വായ്പകൾക്കും പലിശ കുറയും. വായ്പാ അപേക്ഷകളുടെ പുരോഗതി ഓൺലൈനിൽ പരിശോധിക്കാം.

∙ വ്യവസായങ്ങൾക്കുള്ള പ്രവർത്തന മൂലധനവും മെച്ചപ്പെടും.

∙ വായ്പ തിരിച്ചടച്ചാൽ 15 ദിവസത്തിനകം എല്ലാ രേഖകളും തിരികെ നൽകണം

∙ ഐടി നോട്ടിസുകളും സമൻസുകളും അയയ്ക്കാന്‍ കേന്ദ്രീകൃത സംവിധാനം ഒക്ടോബർ ഒന്നിനു നിലവിൽ വരും

∙ എല്ലാ നോട്ടിസുകളും മറുപടി ലഭിച്ച് മൂന്നു മാസത്തിനകം തീർപ്പാക്കണം

Updating...

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com