ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര തലത്തിൽ സാമ്പത്തിക തളർച്ചയാണ് അനുഭവപ്പെടുന്നതെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ യുഎസിനേക്കാളും ചൈനയേക്കാളും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ യുഎസിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലാണെന്നും ശക്തമാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഒഴികെ ബാക്കിയെല്ലായിടത്തും കാര്യങ്ങൾ അത്ര പന്തിയല്ലെന്നും ട്രംപിന്റെ ട്വീറ്റ്. നിർമലയ്ക്ക് നേരിട്ടുള്ള മറുപടിയായിട്ടല്ലെങ്കിലും ഇരു നേതാക്കളുടെയും അവകാശവാദങ്ങൾ സമൂഹമാധ്യമങ്ങളിലെ ചർച്ചകൾക്കു വിരുന്നൊരുക്കി. സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്ന ഇരുരാജ്യത്തെയും പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മറുപടിയായാണ് നിർമലയും ട്രംപും ഇക്കാര്യം വ്യക്തമാക്കിയതെന്നതും കൗതുകമായി.

യുഎസ് സാമ്പത്തിക മാന്ദ്യത്തിലാണെന്നും അതല്ല വൻ സാമ്പത്തിക തകർച്ച വരാനിരിക്കുകയാണെന്നും ഡെമോക്രാറ്റുകളുമായി ചേർന്നു പലരും കള്ളപ്രചാരണം നടത്തുകയാണെന്നു ട്രംപ് പറഞ്ഞു. എന്തൊക്കെ പ്രചാരണം നടത്തിയാലും 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ തന്നെ അധികാരത്തിലെത്തുമെന്നും ട്രംപ് കുറിച്ചു.

സാമ്പത്തിക മാന്ദ്യത്തേക്കാളും യുഎസിനു നേരിടേണ്ടി വരുന്നത് ചൈനയെയാണെന്നു സൂചിപ്പിച്ചായിരുന്നു ട്രംപിന്റെ ശേഷിച്ച ട്വീറ്റുകൾ. ജെറോം പവലാണോ (അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ) അതോ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ആണോ യഥാർഥ ശത്രുവെന്നതാണു തന്റെ ചോദ്യമെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ്–ചൈന വ്യാപാരയുദ്ധം ശക്തമാക്കി കൂടുതൽ അമേരിക്കൻ ഉൽപന്നങ്ങളിൽ അധിക തീരുവ ഏർപ്പെടുത്താൻ ചൈന തീരുമാനിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ‘ഇക്കണ്ട കാലത്തിനിടെ മണ്ടത്തരം കാരണം യുഎസിന്റെ കോടിക്കണക്കിനു ഡോളറാണ് ചൈന സ്വന്തമാക്കിയത്. യുഎസിന്റെ ബുദ്ധി മോഷ്ടിച്ചാണ് ചൈന കോടികളുടെ ലാഭം ഓരോ വർഷവുമുണ്ടാക്കുന്നത്. അവരത് തുടരുകയുമാണ്. ദശാബ്ദങ്ങളായുള്ള ഈ മോഷണം തടയണം.

ചൈനയെ യുഎസിന് ആവശ്യമില്ല. അവരില്ലാതെ തന്നെ ഏറെ മുന്നോട്ടു പോകാനും സാധിക്കും. ചൈനയെ ആശ്രയിക്കുന്ന അമേരിക്കൻ കമ്പനികളെല്ലാം അതിനു പകരം പുതിയ ഇടം കണ്ടെത്തണം. ചൈനയിലെ യുഎസ് കമ്പനികളെല്ലാം തിരികെ എത്തണമെന്നും യുഎസിൽ തന്നെ ഉൽപാദനം നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ചൈനയുടെ പുതിയ തീരുവ കൂട്ടൽ തീരുമാനത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. ഇപ്പോഴത്തേത് യുഎസിനു ലഭിച്ച വലിയ അവസരമാണ്. ഇക്കഴിഞ്ഞ രണ്ടര വർഷത്തെ നേട്ടം കൊണ്ട് യുഎസിന്റെ സാമ്പത്തിക വ്യവസ്ഥ ചൈനയേക്കാളും ശക്തമായ നിലയിലാണ്. അതങ്ങനെത്തന്നെ തുടരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾക്കുള്ള ‘ഉത്തരവ്’ എന്നു പറഞ്ഞായിരുന്നു ട്രംപിന്റെ ട്വീറ്റുകൾ. എന്നാൽ ഉത്തരവ് എപ്രകാരം നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. യുഎസിൽ നിന്നു ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന 7500 കോടി ഡോളർ മൂല്യം വരുന്ന ഉൽപന്നങ്ങളിൽ 10% അധിക തീരുവ ഏർപ്പെടുത്താനായിരുന്നു ചൈനയുടെ തീരുമാനം. ചൈനയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 30,000 കോടി ഡോളർ മൂല്യം വരുന്ന ഉൽപന്നങ്ങളിൽ തീരുവ ഏർപ്പെടുത്താനുള്ള യുഎസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്.

English Summary: Trump vows quick response to China tariffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com