ADVERTISEMENT

കോഴിക്കോട്∙ പാലാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ മൽസരിപ്പിക്കണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. സ്ഥാനാർഥി നിർണയത്തിനായി 2 ദിവസത്തിനകം എൻഡിഎ യോഗം ചേരും. ഉപതിരഞ്ഞെടുപ്പ് പാലായിൽ മാത്രമായി നടത്തുന്നതിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം സിപിഎമ്മിന്റെ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലായിൽ മാത്രമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശപരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. തിരഞ്ഞെടുപ്പുകമ്മിഷൻ നടപടിക്കു പിന്നിൽ ദുഷ്ടലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് നിയമസഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പാലായ്ക്കു മുൻപ് ഒഴിവുവന്നതാണ് മഞ്ചേശ്വരം സീറ്റ്. സാധാരണരീതിയിൽ ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്തുന്നതാണ് പതിവ്. രാഷ്ട്രീയ കുതന്ത്രങ്ങൾ തുടർച്ചയായി തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തുനിന്നു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉപതിര‍ഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം സജ്ജമാണ്. എൻസിപി മത്സരിച്ചിരുന്ന സീറ്റാണ്. ആരു മത്സരിക്കണമെന്ന് 28ന് എൽഡിഎഫ് യോഗം ചേർന്നു തീരുമാനിക്കും. കെ.എം.മാണി ആയിട്ടും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത്. ഇത്തവണ സാഹചര്യം മാറി. ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും തങ്ങളെ കബളിപ്പിക്കുകയാണെന്നു തിരിച്ചറിഞ്ഞ വിശ്വാസികൾ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും കോടിയേരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com