ADVERTISEMENT

ബെയറിറ്റ്‌സ്∙ ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സാരിഫ് അപ്രതീക്ഷിത അതിഥിയായി എത്തിയത് അംഗരാജ്യങ്ങളെ അമ്പരപ്പിച്ചു. ഇറാന്‍ മന്ത്രി വിമാനമിറങ്ങും വരെ ഇക്കാര്യം അംഗരാജ്യങ്ങള്‍ക്കൊന്നും അറിവുണ്ടായിരുന്നില്ലെന്നാണു റിപ്പോര്‍ട്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായി മുഹമ്മദ് ജാവേദ് ചര്‍ച്ച നടത്തി. യുഎസ് -ഇറാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉള്‍പ്പെടെ പങ്കെടുക്കുന്ന ഉച്ചകോടിയിലേക്ക് ഇറാന്‍ വിദേശകാര്യ മന്ത്രി അപ്രതീക്ഷിതമായി എത്തിയത് അമേരിക്കന്‍ സംഘത്തെ ആശ്ചര്യപ്പെടുത്തി.

ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ട്രംപ് തയാറായില്ല. അമേരിക്കന്‍ സംഘത്തിന്റെ അനുമതിയോടെയാണ് ജാവേദിനെ ക്ഷണിച്ചതെന്ന് ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും വൈറ്റ് ഹൗസ് ഇത് അംഗീകരിച്ചിട്ടില്ല. മാക്രോയുമായി ക്രിയാത്മകമായ ചര്‍ച്ചയാണു നടത്തിയതെന്ന് മുഹമ്മദ് ജാവേദ് ട്വിറ്ററില്‍ കുറിച്ചു. ജര്‍മന്‍, ബ്രിട്ടിഷ് പ്രതിനിധികളുമായും ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം അറിയിച്ചു. 

ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ അനുകൂലമായ പ്രതികരണമല്ല ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇറാന്‍ അണുബോംബ് നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മേഖലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണു ശ്രമിക്കുന്നതെന്നും മാക്രോ പറഞ്ഞു. 

ഇറാനുമായുണ്ടായിരുന്ന ആണവ കരാറില്‍നിന്ന് പിന്‍മാറാന്‍ ഡൊണള്‍ഡ് ട്രംപ് തീരുമാനിച്ചതോടെയാണു സംഘര്‍ഷം രൂക്ഷമായത്. തുടര്‍ന്ന് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കം ശക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ ആക്രമിച്ചാണ് ഇറാന്‍ തിരിച്ചടിച്ചത്.

ഉച്ചകോടിക്കിടെ മോദിയും ട്രംപും തമ്മില്‍ കശ്മീര്‍, വാണിജ്യ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നാണു സൂചന. ഫ്രാന്‍സില്‍ മോദിയെ കാണുമ്പോള്‍ കശ്മീരില്‍ സമാധാനം നിലനിര്‍ത്താനുളള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ആരും ഇടപെടേണ്ടതില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

English Summary: Iranian foreign minister attends unexpected talks in G7 summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com