ADVERTISEMENT

ന്യൂഡല്‍ഹി∙ ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരെ ഒരു ചെറിയ തെളിവെങ്കിലും ഹാജരാക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചു. ലോകത്തെവിടെയെങ്കിലും ചിദംബരത്തിനു വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ട്, വസ്തുവകകള്‍, കടലാസ് കമ്പനികള്‍ എന്നിവയുണ്ടെങ്കില്‍ അതിന്റെ തെളിവു പുറത്തുവിടണമെന്നു കുടുംബത്തിനു വേണ്ടി മകന്‍ കാര്‍ത്തി ചിദംബരം ട്വീറ്റില്‍ ആവശ്യപ്പെട്ടു.

ആവശ്യത്തിനു സമ്പത്തുള്ള ഒരു ചെറിയ കുടുംബമാണു ഞങ്ങളുടേത്. കൃത്യമായി ആദായനികുതി അടയ്ക്കുന്നുമുണ്ട്. നിയമവിരുദ്ധമായി പണം ആര്‍ജിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. വിവിധ രാജ്യങ്ങളില്‍ വസ്തുവകകളും അക്കൗണ്ടുകളും ഉണ്ടെന്ന ആരോപണം അമ്പരപ്പിക്കുന്നതാണ്. കെട്ടുകഥകളില്‍നിന്ന് അടര്‍ത്തിയെടുക്കുന്ന ഭാഗങ്ങളാണിവ. ഒരു ദിവസം ഇതെല്ലാം കെട്ടടങ്ങുമെന്നും കാര്‍ത്തി വ്യക്തമാക്കുന്നു.

അതേസമയം ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം ഇപ്പോള്‍ റിമാന്‍ഡിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതു തടയണമെന്ന് ചിദംബരം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ചിദംബരത്തിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസ് നിലനില്‍ക്കില്ലെന്ന് ഇന്നത്തെ വാദത്തിനിടെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.

ചിദംബരത്തിനെതിരായി ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം നടക്കുമ്പോള്‍ ഇപ്പോഴത്തെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ബാധകമല്ലായിരുന്നുവെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിന്റെ കൈയെഴുത്തു പ്രതി കോടതിയില്‍ ഹാജരാക്കണം. രേഖകള്‍ മറച്ചുവച്ചു കസ്റ്റഡി ആവശ്യപ്പെടുന്നതു ശരിയല്ലെന്നും ചിദംബരത്തിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി പറഞ്ഞു. കേസില്‍ നാളെയും വാദം തുടരും.

English Summary: P Chidambaram's family challenges government over evidence in INX Media case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com