ADVERTISEMENT

നിലമ്പൂർ∙ കവളപ്പാറ ദുരന്തത്തിൽ  രക്ഷാപ്രവർത്തകരുടെ കണ്ണു നിറച്ച കാഴ്ചകളിൽ ഒന്നായിരുന്നു തകർന്നു വീണ വീട്ടിലെ കോൺക്രീറ്റ് തൂണിനടിയിൽ നിന്നും രക്ഷയ്ക്കായ് നീട്ടിയ കൈകളുമായി കുഞ്ഞു അലീനയുടെ കിടപ്പ്. അഞ്ചടിയോളം മണ്ണു നിറഞ്ഞ മുറിക്കുള്ളിലെ, നിലത്തേക്കിരുന്നുപോയ കട്ടിലിൽ ഒറ്റയ്ക്ക് ആയിരുന്നു 7 വയസ്സുകാരി അലീന. കോൺക്രീറ്റ് പാളി മാറ്റി കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോഴേക്കും മരിച്ചു.

വെട്ടുകാട്ടിൽ വിക്ടറിന്റെ മകളാണ് അലീന. സഹോദരൻ തോമസിന്റെ മകൾ അനഘയും അലീനയും കെട്ടിപ്പിടിച്ച് ഒരു കട്ടിലിൽ കിടന്നുറങ്ങുമ്പോഴാണ് ദുരന്തമെത്തിയത്. ഒരുമിച്ച് കളിച്ചുവളർന്ന കുഞ്ഞുങ്ങളെ ഒന്നിച്ചു തന്നെ ഭൂതാനത്തെ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. കവളപ്പാറയിൽ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി കേരള ഫയർ ആന്റ് റെസ്ക്യൂ സംഘം സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിലാണ് അലീനയെ ഓർത്തെടുക്കുന്നത്. 

ഇനിയും കണ്ടെത്താനുള്ള പതിനൊന്നു പേർക്കായുള്ള അവസാനഘട്ട തിരച്ചിലിനായി ഇന്ന് ഒരിക്കൽ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാഠപുസ്തകം കൈയിൽ തടഞ്ഞതെന്ന കരൾ നോവുന്ന കുറിപ്പിലാണ് അലീനയെ കുറിച്ചുള്ള ഓർമകൾ നിറയുന്നത്. ഇന്ന് തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോൾ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നുവെന്ന് റെസ്ക്യൂ സംഘം കുറിക്കുന്നു. 

കവളപ്പാറയിലെ മുത്തപ്പൻകുന്നിന്റെ ഏറ്റവും മുകളിലായിരുന്നു വിക്ടറിന്റെയും തോമസിന്റെയും വീടുകൾ. സഹോദരങ്ങളായ ഇരുവരുടെയും ഭാര്യമാരും അഞ്ച് കുട്ടികളും ആ കുഞ്ഞുവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ദുരന്തം നടക്കുമ്പോൾ തോമസ് വീട്ടിലില്ലായിരുന്നു. കുന്നിടിഞ്ഞ് വരുന്നത് കണ്ട് വിക്ടറും ഭാര്യയും തോമസിന്റെ ഭാര്യയും വീട്ടിൽ നിന്നിറങ്ങിയോടി. രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെ മാത്രമെ കൈയിലെടുക്കാൻ കഴിഞ്ഞുള്ളൂ. അലീനയും അനഘയും വീടിനുള്ളിൽ കുടുങ്ങിപ്പോയി.

മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വിക്ടർ തിരികെയെത്തി കുട്ടികളെ തിരഞ്ഞു. മണ്ണിനടിയില്‍ നിന്ന് അലീനയുടെ കരച്ചിൽ കേട്ടു. കൈ കൊണ്ട് മണ്ണുതുരന്ന് വിക്ടർ കുട്ടികൾക്കായി കൈനീട്ടി. പിതാവ് കൈയിൽ പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും കൂറ്റൻ കല്ല് വീട്ടിൽ പതിച്ച് അലീന ഉള്ളിൽപ്പെടുകയായിരുന്നു. ഓഗസ്റ്റ് 11ന് ഉച്ചയോടെയാണ് കോൺക്രീറ്റ് മാറ്റി അലീനയെ പുറത്തെടുത്തത്. മണിക്കൂറുകളോളം തിരഞ്ഞിട്ടും കുട്ടികളിലേക്ക് എത്താനായില്ല. പിറ്റെ ദിവസവും  തിരച്ചിൽ നടത്തി. ഒടുവിൽ അനഘയെ പുറത്തെടുത്തു. സമീപത്തെ വീട്ടിലേക്കു കൊണ്ടുപോയി. 

റോഡുൾപ്പെടെ തകർന്നതിനാൽ അനഘയെ ആശുപത്രിയിലെത്തിക്കാനായില്ല. ഏറെ വൈകിയാണ് അനഘയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പിന്നീട് അലീനയ്ക്കായുള്ള തിരച്ചിൽ‌. വീടിന്റെ മുകൾവശം പുറത്ത് കാണാമായിരുന്നെങ്കിലും കോൺക്രീറ്റ് പാളി മാറ്റാൻ സാധിക്കാത്തതിനാല്‍ കുട്ടിയെ പുറത്തെടുക്കാനായില്ല. കോൺക്രീറ്റ് പാളി മാറ്റി കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോഴേക്കും അലീന മരിച്ചിരുന്നു. 

English Summary: Remembering Aleena who died in the massive landslide in kavalappara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com