ADVERTISEMENT

ബൊളീവിയ∙ ആമസോൺ മഴക്കാടുകൾക്കു പിന്നാലെ ഭൂമിയിലെ മറ്റൊരു ജൈവവൈവിധ്യ കലവറയും കത്തിയമരുകയാണ്. ബ്രസീലുമായി അതിർത്തി പങ്കിടുന്ന ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയിയിലെ ഒറ്റുക്യൂസ് നാഷണൽ പാർക്കിന്റെ വലിയൊരു ഭാഗവും തീ ആളിക്കത്തി നശിക്കുകയാണ്. ആമസോൺ കാട്ടുതീ രാജ്യാന്തര ശ്രദ്ധ നേടിയെങ്കിലും ബൊളീവിയൻ തീയെപ്പറ്റി അധികം ചർച്ച ഉയർന്നിട്ടില്ല.

തെക്കുകിഴക്കൻ ബൊളീവിയയിലെ ചിക്വിറ്റാനോ മേഖല വനം, കൃഷിസ്ഥലം, പുൽമൈതാനങ്ങൾ എന്നിവയാൽ സമ്പന്നമാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഉഷ്ണമേഖലാ കാടുകളാണ് ചിക്വിറ്റാനോ വനമേഖല.  കഴിഞ്ഞ ഒരു മാസമായി ആളിപ്പടർന്ന അഗ്നി നശിപ്പിച്ചത് 9,500 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണെന്നാണ് കണക്കുകൾ. ഒരു മാസത്തിനിടെ 40,000 തീപിടിത്തങ്ങളാണ് മേഖലയിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.  അഞ്ച് ദിവസത്തിനിടെ ഏതാണ്ട് എട്ട് ലക്ഷം ഹെക്ടര്‍ ഉഷ്ണമേഖലാ വനമാണ് ബൊളീവിയയില്‍ കത്തി ചാമ്പലായത്. കാട്ടുതീയുണ്ടാക്കിയ പാരിസ്ഥിതിക നാശം പരിഹരിക്കാൻ പ്രകൃതിക്ക് ഏതാണ്ട് 2 നൂറ്റാണ്ട് വേണ്ടിവരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ആമസോൺ വനമേഖലയിലും ബൊളീവിയയിലുമായി 10,000 ചതുരശ്ര കിലോമീറ്ററിലുമായി വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്നാണ് നിഗമനം. മഴ പെയ്യുന്നുണ്ടെങ്കിലും തീ അണയ്ക്കാൻ കഴിയുംവിധം ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. വ്യാപകമായും പതിവായും മഴ ലഭിച്ചാൽ മാത്രമേ തീ പൂർണമായി അണയൂ. അതിന് ഒക്ടോബർ വരെ കാത്തിരിക്കേണ്ടിവരും.

മനുഷ്യൻ തന്റെ അത്യാഗ്രഹങ്ങൾക്കായി സൃഷ്ടിക്കുന്ന തീ തന്നെയാണ് ആമസോണിലും ബൊളീവിയയിലും കത്തിപ്പടരുന്നതെന്നാണ് പൊതുവാദം. ബൊളീവിയയുടെ ജൈവവൈവിധ്യത്തിന് നാശം വിതയ്ക്കുന്ന തീ മനുഷ്യനിർമിതം എന്നുതന്നെയാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. സർക്കാരിന്റെ അനാസ്ഥയാണ് ഇതിനു പിന്നിലെന്നും വാദിക്കുന്നവരുണ്ട്.

ബൊളീവിയൻ പ്രസിഡന്റ് ഇവോ മോറലസ് കഴിഞ്ഞ ജൂലൈയിൽ നിയന്ത്രിതമായി കാട്ടുതീയിടുന്നതിനും കൃഷിക്കായി വനം വെട്ടിനികത്തുന്നതിനും അനുമതി നൽകിയതായാണ് വിവരം. അതിനു പുറമേ കഴിഞ്ഞ വർഷം അനിയന്ത്രിതമായി കാടുകത്തിക്കുന്നതിൽ പിടിയിലായവരെ പൊതുമാപ്പ് നൽകി പുറത്തുവിടുകയും ചെയ്തു. ഇതൊക്കെ ബൊളീവിയ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പ്രസിഡന്റ്ും ഉത്തരവാദിയാണെന്ന നിഗമനത്തിലേക്ക് ജനത്തെ നയിക്കുകയാണ്. ഭൂമാഫിയകൾക്കും കൃഷികാർക്കും കാടുവെട്ടിത്തെളിക്കാൻ കണ്ണടച്ച് അനുമതി നൽകിയ ഭരണകൂടമാണ് 'ഭൂമിയുടെ ശ്വാസകോശം' കത്തിനശിക്കാൻ കാരണമെന്ന് പരിസ്ഥിതിപ്രവർത്തകർ നേരത്തെ വാദം ഉന്നയിച്ചിരുന്നു. ‌ബ്രസീല്‍ പ്രസിഡന്റ് ജയിർ ബോൾസനാരോയെ ആണ് പരിസ്ഥിതി പ്രവർത്തകർ കുറ്റപ്പെടുത്തുന്നത്.

BOLIVIA-ENVIRONMENT-FIRE-MORALES
റൊബോറയിലെ സാന്താ റോസ് പ്രദേശത്ത് തീയണയ്ക്കാൻ ശ്രമിക്കുന്ന ബൊളീവിയൻ പ്രസിഡന്റ് ഇവോ മോറൽസ് (എഎഫ്‌പി)

പ്രസിഡന്റിന്‍റെ നിർദേശത്തെ തുടർന്നായിരുന്നു കാടുകളിൽ മരങ്ങൾ വെട്ടിമാറ്റിയ പ്രവർത്തനങ്ങൾ നടന്നത്. വനനശീകരണത്തിനും മേഖലയിലെ മറ്റു കയ്യേറ്റങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതും ആമസോണ്‍ മഴക്കാടുകളുടെ നാശത്തിന് കാരണമായതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

ഇപ്പോൾ തീയണയ്ക്കാൻ വിദേശ സഹായം സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും. പെറുവിൽ നിന്ന് രണ്ടു ഹെലികോപ്റ്ററും ടാങ്കറുകളും  അമേരിക്കയിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ അഗ്നിശമന ടാങ്കർ വിമാനവും ഈ ആഴ്ച ബോളീവിയയിൽ തീയണയ്ക്കാനായി എത്തുമെന്നാണ് പ്രസിഡന്റ് അറിയിച്ചത്. തീയണയ്ക്കാനായി അഗ്നിശമന സേനയ്ക്കും സൈനികർക്കുമൊപ്പം ബൊളീവിയൻ പ്രസി‍ഡന്റും രംഗത്തിറങ്ങിയിട്ടുണ്ട്.

ജി 7 രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായം ആദ്യം നിരസിച്ചെങ്കിലും പണം എങ്ങനെ ചെലവഴിക്കണമെന്നു തീരുമാനിക്കാൻ അവകാശമുണ്ടെങ്കിൽ ആമസോണിലെ കാട്ടുതീ തടയുന്നതിനു വിദേശസഹായം സ്വീകരിക്കാമെന്നാണ് ഇപ്പോൾ‌ ബ്രസീലിന്റെ നിലപാട്. തീ കെടുത്താൻ 2 കോടി ഡോളർ നൽകാൻ തയാറായ ജി7 രാജ്യങ്ങളെ നേരത്തെ പുച്ഛിച്ച ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൽസൊനാരോ, 4 വിമാനങ്ങൾ നൽകാമെന്ന ചിലെയുടെ വാഗ്ദാനവും ബ്രിട്ടന്റെ 1 കോടി പൗണ്ടും (87.63 കോടി രൂപ) സ്വീകരിച്ചു.

അതിനിടെ ആമസോൺ വനസംരക്ഷണത്തിനായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ യോഗം വിളിച്ചുകൂട്ടുമെന്നു ബ്രസീൽ പ്രസിഡന്റ് വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് തനിക്കെതിരെ നടത്തിയ ആക്ഷേപങ്ങൾ പിൻവലിച്ചാൽമാത്രം സഹായം സ്വീകരിക്കാമെന്നായിരുന്നു മുൻ നിലപാട്. ആമസോണിനൊപ്പം തന്ന ചർച്ചയാകേണ്ടതാണ് ബൊളീവിയയും. 

English Summary : Focus on Brazil's Amazon fires, but a massive inferno rages next door in Bolivia

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com