ADVERTISEMENT

തിരുവനന്തപുരം ∙ തെക്കുവടക്ക് വേഗ റെയില്‍പാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനം. നവംബറില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ 1463 രൂപയാകും ടിക്കറ്റ് നിരക്ക്. വേഗ റെയില്‍പാതയിലൂടെ ട്രെയിനില്‍ ചരക്കുലോറികള്‍ കടത്തിവിടുന്നതും ചെറുപട്ടണങ്ങളില്‍ നിര്‍ത്തുന്ന ചെറിയ ട്രെയിനുകള്‍ ഓടിക്കുന്നതും പരിഗണനയിലുണ്ടെന്ന് പദ്ധതി നടപ്പാക്കുന്ന കെആർഡിസിഎൽ മനോരമ ന്യൂസിനോട് പറഞ്ഞു.

അലൈന്‍മെന്റിന് അനുമതിയായതോടെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലു മണിക്കൂര്‍ കൊണ്ടെത്താവുന്ന വേഗ റെയില്‍പ്പാതയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ട്രാക്കിലായി. വിശദമായ പദ്ധതി റിപ്പോര്‍ട്ടിനുള്ള ഏരിയല്‍ സര്‍വേ നടത്താന്‍ ഹൈദരാബാദിലെ ജിയോനോ കമ്പനിയെ ചുമതലപ്പെടുത്തി. രണ്ടര മാസം കൊണ്ട് ഡിപിആര്‍ തയാറാകും. ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും പ്രാഥമിക ധാരണയായി. കിലോമീറ്ററിന് 2 രൂപ 75 പൈസ ചെലവാകും.

തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ 532 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1463 രൂപ. ദേശീയപാതയില്‍ നിന്നകന്ന്, ആള്‍ത്താമസം പരമാവധി കുറവുള്ള ഭൂമിയാകും പദ്ധതിക്ക് ഏറ്റെടുക്കുന്നത്. പദ്ധതിക്കുവേണ്ട 66,000 കോടിയില്‍ 11,000 കോടിയും ഭൂമിയേറ്റെടുക്കാനാണ്. സ്ഥലം നല്‍കുന്നവര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലിയും നല്‍കും. പദ്ധതി ലാഭകരമാക്കാന്‍ റോ– റോ സര്‍വീസ് നടത്തും. ചരക്കുലോറികള്‍ ട്രെയിനില്‍ കയറ്റി കൊണ്ടുപോകുന്ന സര്‍വീസാണ് ഇത്.

വേഗ ട്രെയിനിന് 10 സ്റ്റോപ്പുകളാണ് ഉള്ളത്. രണ്ട് സ്റ്റോപ്പുകള്‍ക്കിടയില്‍ നിര്‍ത്തുന്ന ചെറു ട്രെയിനുകള്‍ ഇതേ പാതയിലൂടെ ഓടിക്കാനും പദ്ധതിയുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയില്‍ കഴക്കൂട്ടം, ആറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ സ്റ്റേഷനുകള്‍ നിര്‍മിക്കും. ഇതുവഴി ഇവിടെയുള്ളവര്‍ക്കും തിരുവനന്തപുരത്തോ കൊല്ലത്തോ എത്തി വേഗ ട്രെയിനില്‍ കയറാനാകും. ഡിപിആറിനൊപ്പം ഇതിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ടും തയാറാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com