ADVERTISEMENT

ലഹോർ∙ ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്നു പാക്ക് മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. കരയിൽ നിന്നു കരയിലേക്കു തൊടുക്കാവുന്ന ഗസ്‌നവി മിസൈലാണ് രാത്രിയിൽ പാക്കിസ്ഥാൻ പരീക്ഷിച്ചത്. ഇതിന്റെ വിഡിയോയും പുറത്തുവിട്ടു. 290 കിലോമീറ്റർ വരെ ദൂരത്തേക്ക് പലതരം പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. ആണവ പോര്‍മുന വഹിക്കാനും ശേഷിയുള്ളതായാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ സൈനിക വക്താവാണ് മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചത്. പാക്ക് ആക്രമണസാധ്യതയുള്ളതിനാൽ ഗുജറാത്ത് തീരത്ത് ജാഗ്രത പാലിക്കാൻ ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്.

ഗസ്‌നവി മിസൈലാണ് പാക്കിസ്ഥാൻ പരീക്ഷിച്ചതെന്ന് സൈന്യത്തിന്റെ ഔദ്യോഗിക മാധ്യമമായ ദി ഇന്റർ–സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു. പാക്കിസ്ഥാനിലെ നാഷനൽ ഡവലപ്മെന്റ് കോംപ്ലക്സ് നിർമിച്ച ഇത് മധ്യദൂര ഹൈപർസോണിക് മിസൈലാണ്. ഹത്ഫ് 3 ഗസ്നവി എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. അതീവമാരകമായ എന്നും പ്രതികാരം ചെയ്യൽ എന്നുമെല്ലാം ഹത്ഫിന് അർഥമുണ്ട്.

പകൽ എല്ലാ സാങ്കേതിക സംവിധാനങ്ങളോടെയും കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുന്നതാണ് പൊതുവായ മിസൈൽ പരീക്ഷണം. രാത്രിയിലും അതു സാധ്യമാകുമെന്നാണ് പുതിയ പരീക്ഷണത്തിലൂടെ പാക്കിസ്ഥാൻ തെളിയിച്ചിരിക്കുന്നത്. ഇരുട്ടിലും ലക്ഷ്യം തെറ്റാതെ മിസൈൽ പായിക്കാമെന്നു വ്യക്തമാക്കുന്നതാണ് പരീക്ഷണം. വിജയകരമായ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പ്രസിഡന്റ് ആരിഫ് ആൽവിയും അഭിനന്ദനങ്ങൾ അറിയിച്ചു.

അതിർത്തിയിൽ പ്രകോപനപരമായ നിലപാട് തുടരുകയെന്നതാണു പാക്കിസ്ഥാൻ നയമെന്നു വ്യക്തമാക്കുന്നതാണ് അവിടെ നിന്നുള്ള മറ്റു റിപ്പോർട്ടുകളും. വെള്ളിയാഴ്ച കശ്മീരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടികളും പാക്കിസ്ഥാൻ സംഘടിപ്പിക്കുന്നുണ്ട്.

മിസൈൽ പരീക്ഷണം നടക്കുന്നതിനാൽ ഓഗസ്റ്റ് 28 മുതൽ 31 വരെ പാക്കിസ്ഥാനു മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ താൽക്കാലികമായി അടച്ചിടുമെന്ന് പാക്കിസ്ഥാൻ ഇന്നലെ അറിയിച്ചിരുന്നു. ബുധനാഴ്ച ഇതു സംബന്ധിച്ചു വൈമാനികർക്കുള്ള നിർദേശവും പുറത്തിറങ്ങിയതായി ദേശീയ വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള വ്യോമഗതാഗതം ഒഴിവാക്കണമെന്നായിരുന്നു രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിർദേശം. ഇതിനു പകരമായി മറ്റൊരു വ്യോമപാത അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാൻ സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ചൗധരി ഇന്ത്യയിലേക്കുള്ള വ്യോമപാതകൾ അടച്ചിടുമെന്നു നേരത്തേ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയ്ക്കുള്ള വാണിജ്യ ബന്ധവും തടസ്സപ്പെടുത്താൻ പാക്കിസ്ഥാൻ ആലോചിക്കുന്നുണ്ട്.

ബാലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു തകർത്തതിനു പിന്നാലെ ഫെബ്രുവരി 26ന് പാക്കിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. കഴിഞ്ഞ ജൂലൈ 16 നാണ് പാക്കിസ്ഥാന്‍ വ്യോമപാത പൂർണമായും തുറന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയിലേക്കുള്ള ബസ്, ട്രെയിൻ സർവീസുകളും വാണിജ്യ ബന്ധവും പാക്കിസ്ഥാൻ നിർത്തിവച്ചിരുന്നു.

English Summary : Pakistan tests surface-to-surface ballistic missile Ghaznavi, a day after shutting down Karachi airspace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com