ADVERTISEMENT

കൊച്ചി∙ പതിയെപ്പതിയെ പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിനുള്ള ആദ്യഘട്ട പദ്ധതിക്ക് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിക്കുമ്പോൾ കേരളത്തിനും അഭിമാനിക്കാം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള മികച്ച മാതൃകകൾ മലയാളികൾ നേരത്തേ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്ന് നമ്മുടെ എറണാകുളത്തു തന്നെയുണ്ട്. കൃത്യമായിപ്പറഞ്ഞാൽ കോലഞ്ചേരി മെഡിക്കൽ കോളജിനടുത്ത്– 7 ടു 9 ഗ്രീന്‍ സ്റ്റോര്‍ എന്ന പേരിൽ.

ഒരു എംടെക്കുകാരൻ നടത്തുന്ന പലചരക്കു കടയാണത്. പേരിലെ വെറൈറ്റി കടയുടെ നടത്തിപ്പിലും അവിടത്തെ ഷോപ്പിങ്ങിലുമുണ്ട്. കോതമംഗലം സ്വദേശി ബിട്ടു ജോണ്‍ നടത്തുന്ന കടയിൽ പ്ലാസ്റ്റിക്കിനെ പൂർണമായും പടിക്കു പുറത്തു നിർത്തിയിരിക്കുകയാണ്. മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, അരിപ്പൊടികള്‍, റവ, അവല്‍, എണ്ണകള്‍, കടുക്, ജീരകം, ഉള്ളി എന്നിങ്ങനെ ഒട്ടുമിക്ക സാധനങ്ങളുമുണ്ട് ബിട്ടുവിന്റെ കടയിൽ. എല്ലാം പക്ഷേ ‘ലൂസ്’ ആയിട്ടാണു വിൽക്കുന്നത്. മിനറല്‍ വാട്ടറും പാലും വരെ വിൽക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിലോ പായ്ക്കറ്റുകളിലോ അല്ല. കുപ്പിയുമായി വന്നാല്‍ അഞ്ചു രൂപയ്ക്ക് ഒരു ലീറ്റര്‍ തണുത്ത വെള്ളം വാങ്ങാം. ക്ലീനിങ് ലോഷനുകള്‍, സ്റ്റിഫ് ആന്‍ഡ് ഷൈന്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവയെല്ലാം ആവശ്യക്കാര്‍ കാലിക്കുപ്പി കൊണ്ടുവന്നാണു വാങ്ങുന്നത്.

പ്ലാസ്റ്റിക് വിമുക്ത സൂപ്പര്‍മാര്‍ക്കറ്റ് എന്ന ലക്ഷ്യത്തോടെയാണ് ആറു മാസം മുൻപ് 7 ടു 9 ഗ്രീന്‍ സ്റ്റോര്‍ എന്ന കട ബിട്ടു തുടങ്ങിയത്. നാട്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതാണ് ഈ വേറിട്ട ആശയത്തിനു പിന്നിലെ പ്രചോദനം. ഒരു വിദേശയാത്രയ്ക്കിടെയാണ് ലണ്ടനിലെ ‘എര്‍ത്ത്, ഫൂഡ്, ലവ്’ എന്ന സൂപ്പർമാർക്കറ്റ് കാണുന്നത്. അതോടെ അത്തരമൊന്നു നാട്ടിലും തുടങ്ങണമെന്ന് മനസ്സിലുറപ്പിച്ചു. വൈകാതെ തന്നെ കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് വിരുദ്ധ സൂപ്പർമാർക്കറ്റ് രൂപപ്പെടുകയും ചെയ്തു.

500 സ്ക്വയര്‍ ഫീറ്റിലുള്ള ഈ ഷോപ്പിൽ ഉപഭോക്താക്കൾ അവരുടെ പാത്രങ്ങളും കുപ്പികളുമായി വന്നു സാധനങ്ങൾ നിറച്ചു കൊണ്ടു പോകുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. പലതരം പൊടികളും എണ്ണകളുമൊക്കെ വാങ്ങുന്നതിനു ചില്ലുകുപ്പികളും കടലാസു കവറുകളും തുണി സഞ്ചികളുമൊക്കെ കടയിൽ നിന്നു തന്നെ കൊടുത്താണ് ബിട്ടു പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നത്.

കടയിലെ 80 ശതമാനത്തോളം സാധനങ്ങൾ പ്ലാസ്റ്റിക് വിമുക്തമാണെന്നും വൈകാതെ 100 ശതമാനം പ്ലാസ്റ്റിക് വിമുക്തമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും ബിട്ടു ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. ഷാംപു, ബിസ്കറ്റ് തുടങ്ങി ഒഴിവാക്കാൻ സാധിക്കാത്ത കുറച്ചു സാധനങ്ങൾ മാത്രമാണ് ഇപ്പോൾ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിക്കുന്നത്. ഒരു ലീറ്റർ കുടിവെള്ളത്തിനു 20 രൂപ നൽകണമെങ്കിൽ ബിട്ടുവിന്റെ കടയിൽ അഞ്ചുരൂപയ്ക്ക് ലഭിക്കും.

Green Store
‘7 റ്റു 9 ഗ്രീന്‍ സ്റ്റോര്‍’

20 ലീറ്റർ ക്യാൻ വെള്ളം ‘ലൂസാക്കി’ വിൽക്കുകയാണു ചെയ്യുന്നത്. രണ്ടര രൂപ മാത്രമാണ് കുപ്പിവെള്ളത്തിനു യഥാർഥത്തിൽ ചെലവു വരുന്നത് ബാക്കിയെല്ലാം കുപ്പിയുടെ വിലയാണ്. ഉപഭോക്താവിന് ഈ രീതി വഴി 15 രൂപയോളം ലാഭിക്കാനും സാധിക്കും. ‘രണ്ടര രൂപയാണ് എന്റെ ലാഭം. പക്ഷേ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാമെന്നതാണ് ഇതിൽ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ ലാഭം’– ബിട്ടു പറയുന്നു.

പാൽ നാട്ടിൽ നിന്നു തന്നെ ശേഖരിച്ചാണു വിതരണം ചെയ്യുന്നത്. രാവിലെ ശേഖരിച്ച പാൽ ഉച്ചയ്ക്കു മുൻപ് തന്നെ വിറ്റുതീരും. ഉച്ചയ്ക്കു ശേഷം കറന്ന പാൽ ആണു പിന്നീട് വിൽക്കുക. പ്ലാസ്റ്റിക്ക് മാലിന്യം ഇല്ലെന്നുള്ളതും മികച്ച നിലവാരമുള്ള പാൽ ലഭിക്കുമെന്നുള്ളതും ഈ രീതിയുടെ മെച്ചമാണ്. ഫ്രീസറിലെ ബിന്നിലാണു പാല്‍ സൂക്ഷിക്കുന്നത്. കുപ്പിയുമായി വന്ന് കസ്റ്റമര്‍ക്കു ബിന്നില്‍ നിന്ന് ആവശ്യത്തിനു പാല്‍ എടുക്കാം. 20 സാധനങ്ങൾ തന്റെ കടയിൽനിന്ന് വാങ്ങിയാൽ അതിൽ 15 എണ്ണവും പ്ലാസ്റ്റിക് മുക്തമായിരിക്കുമെന്നതാണു പ്രധാന സവിശേഷതയെന്നും ബിട്ടു പറയുന്നു.

Green Store Bittu
‘7 റ്റു 9 ഗ്രീന്‍ സ്റ്റോര്‍’

കുപ്പികളും സഞ്ചികളും ഇല്ലാതെ കടയിൽ എത്തുന്നവരെ സഹായിക്കാനും ബിട്ടു തയാറാണ്. 15 മുതൽ 35 രൂപ നിരക്കിൽ തുണിസഞ്ചികൾ ഇവിടെ നിന്നു ലഭിക്കും. ഏത്രനാൾ വേണമെങ്കിലും ഈ സഞ്ചി ഉപയോഗിച്ച് ഷോപ്പിങ് നടത്താമെന്നതാണു മേന്മ. 50 രൂപ മുതൽ 150 രൂപ വരെയാണ് കുപ്പികൾക്ക് ഈടാക്കുന്നത്. കുപ്പി ഉപയോഗിച്ച ശേഷം വൃത്തിയാക്കി തിരികെ തന്നാല്‍ പണം തിരിച്ചു നല്‍കും.

എണ്ണകൾക്കും ക്ലീനിങ് ലോഷനും കുടിവെള്ളത്തിനും വ്യത്യസ്ത രീതിയിലുള്ള കുപ്പികളാണ് നൽകുന്നത്. ഇവിടെ നിന്നു നൽകുന്ന കടലാസു കവറിന് പണം ഈടാക്കുന്നില്ല. ഷോപ്പിങ്ങിന് കുപ്പിയോ തുണി സഞ്ചികളോ ആയി വരുന്നവർക്കു ബില്ലില്‍ രണ്ടു ശതമാനം കിഴിവ് നൽകി ഇത്തരം സാധനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനും ശ്രമം നടത്തുന്നുണ്ടെന്നും ബിട്ടു പറഞ്ഞു.

പല സൂപ്പർമാർക്കറ്റുകളും തുണിസഞ്ചി നൽകുന്നുണ്ടെങ്കിലും അതിൽ നിറച്ചു കൊണ്ടു പോകുന്ന പല സാധനങ്ങളും പ്ലാസ്റ്റിക് കവറുകളിൽ ഉള്ളവയാണ്. ഈ രീതി മാറണം. സൂപ്പർമാർക്കറ്റുകളിൽനിന്നു ലഭിക്കുന്ന ഇത്തരം പ്ലാസ്റ്റിക് കവറുകളാണ് കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇതുവരെ രണ്ടു ലക്ഷത്തിലധികം പ്ലാസ്റ്റിക് പാക്കിങ് കവറുകള്‍ ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മിനറല്‍ വാട്ടര്‍ കുപ്പികളും ക്ലീനിങ് ലോഷന്‍ കുപ്പികളുമടക്കം 12,000 പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ടെന്നും ബിട്ടു പറയുന്നു.

Green Store
‘7 റ്റു 9 ഗ്രീന്‍ സ്റ്റോര്‍’

40 വർഷമായി കോതമംഗലം ട്രേഡേഴ്സ് എന്ന പേരിൽ ഒരു ഹോൾസെയിൽ പലചരക്കു കടയും ബിട്ടുവിന്റെ പിതാവിനുണ്ട്. ഈ ചെറിയ ഷോപ്പിലൂടെ ഇത്രയും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ സാധിച്ചുവെങ്കില്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളൊക്കെ ഈ രീതിയിലേക്ക് വരികയാണെങ്കില്‍ വലിയ മാറ്റം തന്നെ കൊണ്ടുവരാനാകുമെന്നും ബിട്ടു പറയുന്നു.

ജര്‍മനി, അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്നൊക്കെ കൊണ്ടുവന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഷോപ്പ് തയാറാക്കിയിരിക്കുന്നത്. ജാറില്‍ നിന്നു ലോഷൻ പമ്പ് ചെയ്ത് എടുക്കുന്ന മെഷീന്‍ യുഎസില്‍ നിന്നുള്ളതാണ്. ചില്ലുകുപ്പികള്‍ ചൈനയില്‍ നിന്നുള്ളതും. കോലഞ്ചേരിയില്‍ ഡെന്റല്‍ ക്ലിനിക്ക് നടത്തുന്ന ഡോ. നിഷയാണ് ബിട്ടുവിന്റെ ഭാര്യ. മകൾ മാർത്ത.

English Summary: War against plastic innovative idea of youth gets attention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com