ആർപ്പോ... ഇർറോ... നെഹ്റു ട്രോഫിയിൽ ഇന്നിറങ്ങുന്നു കായൽ രാജാക്കന്മാർ

SHARE

അറുപത്തിയേഴു വർഷം മുൻപാണ്; കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് കുട്ടനാട് കാണാൻ മോഹം. സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്ന മേഖലയെന്നതായിരുന്നു ആഗ്രഹത്തിനു പിന്നിലെ കാരണം. കോട്ടയത്ത് എത്തിയ അദ്ദേഹം ജലമാർഗം ആലപ്പുഴയ്ക്കു പോകാന്‍ തീരുമാനിച്ചു. പൗരപ്രമുഖർ എത്തുമ്പോൾ ആനയെയും മറ്റും എഴുന്നള്ളിക്കാറുള്ളതുപോലെ നെഹ്റുവിനെ സ്വാഗതം ചെയ്യാൻ കുട്ടനാട് പുറത്തിറക്കിയത് കായലിലെ ‘കരിവീരന്മാരെ’യായിരുന്നു– 9 ചുണ്ടൻ വള്ളങ്ങളെ!

ഇവ പൊരുതിമുന്നേറുന്ന കാഴ്ച അദ്ദേഹത്തെ ആനന്ദിപ്പിച്ചു. ഒന്നാമത് തുഴഞ്ഞെത്തിയ നടുഭാഗം ചുണ്ടനിലേക്ക് ആവേശം കൊണ്ട് അദ്ദേഹം ചാടിക്കയറുകയും ചെയ്തു. വൈകാതെ ആ പ്രഖ്യാപനവുമെത്തി– ‘ഈ തുഴച്ചിൽ വർഷാവർഷം മത്സരമായി നടത്തണം. ട്രോഫി ഞാൻ നൽകാം’. ഡൽഹിയിൽ മടങ്ങിയെത്തിയ നെഹ്റു ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത കപ്പിൽ സ്വന്തം കയ്യൊപ്പും ചാർത്തി കേരളത്തിലേക്ക് അയച്ചു. അങ്ങനെ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി ജലമേളയ്ക്ക് 1954ൽ തുടക്കമായി. അദ്ദേഹത്തിന്റെ മരണശേഷം അതു നെഹ്റു ട്രോഫിയായി.

ചരിത്രത്തിൽ ഏറ്റവുമധികം വള്ളങ്ങൾ പങ്കെടുക്കുന്ന വർഷമാണിത്. ചുണ്ടൻ വള്ളങ്ങൾ- 20 (പ്രദർശനത്തുഴച്ചിലിന് 3 എണ്ണം), ചുരുളൻ– 4, ഇരുട്ടുകുത്തി– 30 (എ ഗ്രേഡ്– 4, ബി ഗ്രേഡ്– 16, സി ഗ്രേഡ് 10), വെപ്പ്– 16 (എ ഗ്രേഡ്– 10, ബി ഗ്രേഡ് – 6), തെക്കനോടി– 6 (തറ– 3, കെട്ട്– 3). കഴിഞ്ഞ വർഷം 81 വള്ളങ്ങൾ റജിസ്റ്റർ ചെയ്തെങ്കിലും പ്രളയത്തെ തുടർന്നു മാറ്റിവച്ചപ്പോൾ 9 എണ്ണം പിന്മാറുകയായിരുന്നു.

Nehru-Trophy-timetable

വള്ളംകളിക്ക് ഒരു വള്ളത്തില്‍ തന്നെ പലതരം തുഴകളുണ്ട്. ഓരോ വള്ളത്തിലും ശരാശരി 95 തുഴകൾ വീതവുമുണ്ടാക്കും. എന്തൊക്കെയാണ് മറ്റു തുഴക്കൗതുകങ്ങള്‍?

അയ്യടാ പോയെടാ, താളത്തിൽ തുഴയെടാ...

തുഴച്ചിലിന്റെ വിവിധ ശൈലികൾ അറിഞ്ഞാലേ അവസരത്തിനൊത്ത് ക്രമപ്പെടുത്താൻ ടീമിനു കഴിയൂ. അതിനാൽ തുഴച്ചിലിന്റെ എല്ലാ രീതികളും പരിശീലിപ്പിക്കും. 20 മീറ്റർ വീതിക്കുള്ളിൽ നാലു ചുണ്ടൻ വള്ളങ്ങൾ തുഴഞ്ഞെത്തുമ്പോൾ തുഴകൾ പരസ്‌പരം കൂട്ടിമുട്ടാതെ, താളം തെറ്റിക്കാതെ തുഴച്ചിൽക്കാർ ശ്രദ്ധിക്കണം. ചിട്ടയായ പരിശീലനത്തിലൂടെയേ ഇതിനുള്ള കഴിവു ലഭിക്കൂ.

4 ശൈലികൾ

1. കുട്ടനാടൻ ശൈലി: കൊത്തി വലിക്കുക എന്നു പഴമക്കാർ പറഞ്ഞിരുന്ന രീതി. മിനിറ്റിൽ 100–120 തുഴകളിടുന്ന ഇടത്താളം എന്ന രീതിയാണിത്.

2. കുമരകം ശൈലി (കോട്ടയം ശൈലി): മിനിറ്റിൽ 96– 106 തുഴകളിടുന്ന രീതി. എണ്ണപ്പെരുക്കം അല്ലെങ്കിൽ പെരുക്കത്താളം എന്നറിയപ്പെടുന്നു

3. കൊല്ലം ശൈലി: അയഞ്ഞതാളത്തിൽ നീട്ടിവലിക്കുക എന്നതു കൊല്ലം ശൈലി. മിനിറ്റില്‍ 60 തുഴകളിടുന്ന രീതി.

4. ഇടിത്താളം: സാധാരണയുള്ളതാണ് ഇടിത്താളം. ഇടിയുടെ താളത്തിനനുസരിച്ചാണു തുഴയിടുക എന്നതാണിത്.

വഞ്ചിപ്പാട്ട് പാടി പരിശീലനം

കൈമുട്ട് അയയാൻ വേണ്ടി പരിശീലിക്കുന്നത് വഞ്ചിപ്പാട്ട് പാടി തുഴഞ്ഞാണ്. ഇടവും വലവും തുഴയുന്ന പരിശീലനമുണ്ട്. പരിശീലന സമയത്ത് മുന്നോട്ടു പോകുന്ന വള്ളം തി‌രിക്കാതെ പിന്നോട്ടു പോകാൻ തുഴക്കാർ തിരിഞ്ഞിരുന്നു തുഴയാനാണ് ഇടവും വലവും തുഴയാൻ പഠിപ്പിക്കുന്നത്. നദിയിൽ അടയ്ക്കാമരം(കൗങ്ങ്) കൊണ്ടു തൂണു നാട്ടി അതിൽ പടങ്ങിട്ട് നിലയൊരുക്കും. ഇതിലിരുന്നാണ് പ്രാഥമിക തുഴച്ചിൽ പരിശീലനം.

മൂലം വള്ളംകളിക്ക് മുൻപ് പരിശീലനം തുടങ്ങും. മൂലം വള്ളംകളിയോട് അനുബന്ധിച്ച് നെഹ്റു ട്രോഫിക്ക് ക്യാംപ് തുടങ്ങുന്നവരുണ്ട്. 15 മുതൽ 30 ദിവസം വരെ ക്യാംപ് നടത്താറുണ്ട് സമീപവാസികൾ ഒഴികെ എല്ലാവരും ക്യാംപിൽ തന്നെ താമസിക്കും. പുലർച്ചെ അഞ്ചര മുതൽ ദിനചര്യകൾ തുടങ്ങും. ദിവസം മൂന്നോ നാലോ തുഴച്ചിൽ പരിശീലനം. ഓരോ പരിശീലന സെഷൻ 20–40 മിനിട്ടിൽ ക്രമീകരിക്കും. മത്സരത്തോട് അടുക്കുമ്പോൾ ഇതിൽ ഏറ്റക്കുറച്ചിൽ വരുത്തും. തുഴച്ചിൽ പരിശീലനത്തിനു പുറമേ ശാരീരിക വ്യായാമങ്ങളും ചെയ്യിക്കും.

കരുത്ത് = തുഴച്ചിലുകാർ

വള്ളത്തിന്റെ ഭാരം, ഘടന, പോരായ്മകൾ എന്നിവയെ കുറിച്ചെല്ലാം ധാരണയുള്ള ലീഡിങ് ക്യാപ്റ്റന്റെ നേതൃത്വത്തിലാണ് താരങ്ങളെ കണ്ടെത്തുന്നത്. പഴയ തുഴച്ചിലുകാരും മുൻകയ്യെടുക്കും. അവരുടെ നിരീക്ഷണങ്ങൾക്കും അഭിപ്രായങ്ങൾക്കും പരിഗണനയുണ്ട്. യുവാക്കളെ വിളിച്ചുകൂട്ടിയാണ് സിലക്‌ഷൻ ട്രയൽ നടത്തുന്നത്.നൂറ്റമ്പതോളം പേർ ട്രയലിനുണ്ടാകും. സാധാരണയായി 18– 35 പ്രായപരിധിവരുന്നവരിൽ കായികക്ഷമതയുള്ളവർക്കും മുൻപ് തുഴഞ്ഞിട്ടുള്ളവർക്കും മുൻഗണന. പിന്തള്ളപ്പെടുന്നവരെ സംഘാടകർക്കൊപ്പം കൂട്ടും.

Alappuzha-Nehru-Trophy-Boat-race
ഫയൽ ചിത്രം

പുതിയ തുഴച്ചിൽകാരാണെങ്കിൽ നിർബന്ധിത പരിശീലനം. ആദ്യം നദിയിൽ കെട്ടിയ പടങ്ങിലും പിന്നീട് വള്ളത്തിലും. നിലക്കാർ ഇട്ടുനൽകുന്ന താളത്തിലാണ് തുഴയേണ്ടത്. സർവശക്തിയുമെടുത്ത് തളരാതെ തുഴയുന്നവരെ പ്രത്യേകം പരിഗണിക്കും. ഇവരെ വള്ളത്തിൽ പ്രധാന സ്ഥാനങ്ങളിൽ ഇരുത്തുംതുഴച്ചിൽതാരങ്ങളുടെ ഭാരം, ഉയരം, പ്രായം എന്നിവയും വള്ളത്തിൽ എവിടെ ഇരുത്തണം എന്നതിൽ പരിഗണിക്കപ്പെടുന്ന യോഗ്യതകളാണ്.

സുഭിക്ഷം ഭക്ഷണം

രാവിലെ എഴുന്നേറ്റാലുടൻ കട്ടൻ ചായയോ കാപ്പിയോ. പിന്നെ വ്യായാമം കഴിഞ്ഞാൽ പാൽ. ഒപ്പം മുട്ടയോ പഴമോ പുഴുങ്ങിയത്. തുഴച്ചിൽ കഴിഞ്ഞാൽ പ്രഭാതഭക്ഷണം പാൽ, താറാവ് മുട്ട, പഴം, ചെറുപയർ, കപ്പ തുടങ്ങിയവ പുഴുങ്ങിയത്. അപ്പം, ഇടിയപ്പം പൊറോട്ട ഇവയില്‍ ഏതെങ്കിലും. ഒപ്പം ഇറച്ചിയോ ഗ്രീൻ പീസോ മറ്റോ നൽകും. പിന്നെ വിശ്രമം. ചിലർ ഒരുവട്ടം കൂടി തുഴയും. തുഴച്ചിലിനിടയിൽ യഥേഷ്ടം വെള്ളം കുടിക്കണം. ഇടയ്ക്ക് പാലും പഴവും. ഉച്ചയ്ക്ക് തിരിച്ചെത്തിയാൽ ഊണ്. ഒപ്പം ഇറച്ചിയും മീനും മുട്ട പുഴുങ്ങിയതും. സസ്യേതര ഭക്ഷണം ഉറപ്പാണ്. പോത്തിറച്ചിയോ ചിക്കനോ നിർബന്ധമായും ഉണ്ടാകും. മീൻ കറിയും. ഇതിനു ശേഷം വിശ്രമം വൈകിട്ട് ചുക്കുകാപ്പിയും ചെറുകടിയും. നീർദോഷം ചെറുക്കാൻ വേണ്ടി കൂടിയാണ് ചുക്കുകാപ്പി. മൂന്നരയോടെ വീണ്ടും പരിശീലനം. രാത്രിയും ഊണാണു പതിവ്. ഇതും വിഭവസമൃദ്ധമായിരിക്കും. സംഘാടകരുടെ ധനസ്ഥിതി അനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകും.

nehru-trophy-infographics-5

കായലിലെ രാജക്കന്മാർ

ചെമ്പകശേരി രാജാവും കായംകുളം രാജാവും തമ്മിലുണ്ടായിരുന്ന വൈരത്തിൽ പിറവിയെടുത്തതാണ്ചുണ്ടൻവള്ളം എന്നാണ് പറയപ്പെടുന്നത്. കായംകുളത്തെ കീഴ്പ്പെടുത്താന്‍ ചെമ്പകശേരിക്ക് നാരായണനാചാരി നിർമിച്ചു നൽകിയതാണ് പടക്കപ്പൽ എന്നു വിളിച്ചിരുന്ന ചുണ്ടൻവള്ളങ്ങളത്രേ. ഏറെ സൂക്ഷ്മതയോടെയാണു ഇവയുടെ നിർമാണരീതി. ഭരണങ്ങാനം, പാല, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ആഞ്ഞിലിത്തടിയാണ് ചുണ്ടന്റെ ആധാരം. എരാവ് പലക, മാതാവ് പലക, വങ്ക് ഇവയാണ് വള്ളത്തിന്റെ അടിസ്ഥാനം. മാവിന്റെ പലകയിൽ അച്ചുണ്ടാക്കും. ഇതാണ് മൂശ. അറുത്തെടുത്ത ആഞ്ഞിലിത്തടി 5 പലകകളാക്കി ഇതിൽ വയ്ക്കും. എരാവ് അടിയിൽ. ഇരുവശത്തും മാതാവ് പലക.

തടി വളച്ചു ചേർക്കേണ്ടതിനായി ചാണകം പുരട്ടി തൊണ്ടും ചിരട്ടയും കത്തിച്ചു കനലുണ്ടാക്കി ചൂടാക്കും. ചെഞ്ചല്യം ചേർത്ത് ഒട്ടിക്കും. പൈൻ മരക്കറ, പഞ്ഞി വെളിച്ചണ്ണ തുടങ്ങിയവ ചേർത്താണ് ചെഞ്ചല്യം ഉണ്ടാക്കുന്നത്. ഇരുമ്പിന്റെയും ചെമ്പിന്റെയും ആണികളുമടിക്കും. തുരുമ്പെടുക്കാതിരിക്കാൻ പൊന്മെഴുകുപുരട്ടും. പിന്നെയാണ് ചെത്തിമിനുക്കലും കൊത്തുപണിയും മറ്റു ഭാഗങ്ങൾ ചേർക്കുന്നതുമെല്ലാം. പ്രത്യേകം തയാറാക്കുന്ന നീളമുള്ള ആണികളാണ് ഉപയോഗിക്കുക. എല്ലാറ്റിനുമായി 365 ദിവസമെങ്കിലും വേണം, 40 ലക്ഷം രൂപയെങ്കിലും ചെലവാകും.

Boat-club-practice-for-Nehru-trophy
(പരിശീലനത്തിൽ നിന്ന്)

രാപ്പകൽ കാവൽ

ആഴ്‌ചകളോളം പരിശീലനത്തിനായി വെള്ളത്തിൽ കിടക്കുന്ന വള്ളം മത്സരത്തിനു 2 നാള്‍ മുൻപെങ്കിലും കരയ്ക്കു കയറ്റി ചൂടാക്കും. ചകിരിയും ചിരട്ടയും ചേർത്ത കനലും മറ്റും ഇതിന് ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ ബ്ലോ ലാംപ് ഉപയോഗിക്കും. ഭാരം കുറയാനാണിത്. ഉണങ്ങിയ ശേഷം സാൻഡ് പേപർ ഉപയോഗിച്ച് പായലും മറ്റും നീക്കും. പിന്നീട് വള്ളത്തിന് എണ്ണയിടും. മുൻപ് മീൻ നെയ്യ് ആണ് ഉപയോഗിച്ചിരുന്നത്. പിന്നീട് എൻജിൻ ഓയിൽ, ഡീസൽ, ഗ്രീസ് തുടങ്ങിയവ പ്രയോഗിച്ചു. ഇപ്പോൾ പോളിഷ് പെയിന്റ് ഉപയോഗിക്കുന്നവരുണ്ട്. വെള്ളത്തിൽ തടസമില്ലാതെ വള്ളം തെന്നിനീങ്ങാനാണിത്.

മത്സരത്തിനിടയിലും വള്ളത്തിന്റെ പുറത്ത് എണ്ണ തേയ്‌ക്കാറുണ്ട്. രാപകലില്ലാതെ വള്ളത്തിനു കാവലും നിൽക്കും. അട്ടിമറികൾ ഒഴിവാക്കാനാണ് ഇത്. ഇതര ജില്ലകളിലെ ട്രാക്കുകളിൽ മത്സരിക്കാൻ ചുണ്ടൻ വള്ളങ്ങൾ എൻജിൻ ഘടിപ്പിച്ച ബോട്ട് ഉപയോഗിച്ചു കെട്ടിവലിക്കാറാണ് പതിവ്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ക്ലബുകൾ തുഴഞ്ഞും പോകാറുണ്ട്.

ആരു ജയിച്ചാലും ‘ചെലവുണ്ടേ’

ഓരോ വള്ളംകളി സീസണിലും ക്ലബുകളും കരക്കാറും ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. എന്താണ് ക്ലബുകളുടെ ചെലവ്, എത്രയൊക്കെ?

nehru-trophy-infographics-6

ചുണ്ടൻവള്ളം: 40 ലക്ഷം

കൊച്ചുവള്ളങ്ങളിൽ തുഴഞ്ഞു നടക്കുന്ന കാലം മുതൽ കുട്ടനാട്ടുകാരന്റെ ഉള്ളിൽ ചുണ്ടനോട് ഒരു കൊതി പിറക്കും. ആ കൊതി തീർക്കാനാണ് കരക്കാർ പിരിവെടുത്ത് ചുണ്ടൻ വള്ളം വാങ്ങുന്നതിലേക്ക് എത്തിക്കുന്നത്. പിരിവിട്ടും പിരിച്ചെടുത്തുമൊക്കെയാണ് ചുണ്ടൻ വള്ളങ്ങൾ സ്വന്തമാക്കുന്നത്. ഇപ്പോഴത്തെ നിലയിൽ ചുണ്ടൻ നിർമിക്കാൻ 20 ലക്ഷം രൂപയുടെ തടിയുൾപ്പെടെ 40 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ഇതുപോലെ ക്ലബുകളും വള്ളം നിർമിച്ചിട്ടുണ്ട്. ചില ചുണ്ടൻ വള്ളങ്ങൾ വ്യക്തികളുടേതാണ്.

അറ്റകുറ്റപ്പണി: 1 – 5 ലക്ഷം

ഓരോ സീസണിനു മുൻപും വള്ളത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഉടമകൾ ചെലവാക്കുന്നത് വലിയ തുകയാണ്.1 മുതൽ 5 ലക്ഷം രൂപ വരെ വള്ളത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവാകാറുണ്ട്. കേടു തീർക്കുന്നതും മോടി കൂട്ടുന്നതുമെല്ലാം ഇതിൽപ്പെടും.

വാടക: 1– 2 ലക്ഷം

ക്ലബുകളും ടീമുകളും വള്ളം വാടകയ്ക്ക് എടുക്കുന്ന പതിവുണ്ട്. ഇതു പല വിധത്തിലാണ്. 1 മുതൽ 2 ലക്ഷം രൂപ വരെ വാടകയ്ക്കാണ് വള്ളം വാടകയ്ക്ക് എടുക്കുന്നത്. ഒരു മത്സരത്തിനും അതുമായി ബന്ധപ്പെട്ട പരിശീലനത്തിനുമാണ് ഈ വാടക. മറ്റു ചിലർ മത്സരത്തിന് ഉപയോഗിക്കുന്ന വള്ളം പരിശീലനത്തിന് ഉപയോഗിക്കില്ല. അതിനു വേണ്ടി മാത്രം ഈ തുകയ്ക്കു മറ്റൊരു വള്ളം വാടകയ്ക്ക് എടുക്കും. അഞ്ചോ ആറോ ദിവസത്തെ പരിശീലനത്തിനാണ് ഇത് ഉപയോഗിക്കുക.

nehru-trophy-infographics-7

ലക്ഷങ്ങളാണ് ചില ക്ലബുകൾ വള്ളംകളി രംഗത്ത് ചെലവാക്കുന്നത്. ഇതിനോട് കിട പിടിക്കാനാകാതെ നിന്നുപോയ ക്ലബുകൾ പലതും മത്സരരംഗം വിട്ടുപോയി. കയ്യിലുള്ളത് നുള്ളിപ്പെറുക്കിയും കടം വാങ്ങിച്ചും വള്ളംകളിക്ക് കരക്കാരെ തന്നെ ഇറക്കിയും മത്സരത്തിന് എത്തുന്നവരും ഉണ്ട്. 30– 32 ലക്ഷം വരെ ചെലവാക്കുന്ന ക്ലബുകളുണ്ട്. മുൻ കാലങ്ങളിൽ 3 മുതൽ 5 ലക്ഷം രൂപ വരെ ബോണസ് ഇനത്തിലും അതിലും കുറഞ്ഞ തുക സമ്മാനമായും കിട്ടിയിരുന്ന കാലത്തു തന്നെ ഇത്രയേറെ പണം ചെലവാക്കി മത്സരിച്ചവരുണ്ട്. ഇക്കുറി ബോട്ട് റേസ് ലീഗിൽ സമ്മാനത്തുകയും ബോണസുമെല്ലാം കൂടിയതിനാൽ ക്ലബുകളും ആവേശത്തിലാണ്.

മറ്റു ചെലവുകൾ: 1–3 ലക്ഷം

സ്പോൺസറെ ലഭിച്ചില്ലെങ്കിൽ യൂണിഫോം വാങ്ങേണ്ടി വരും. വള്ളങ്ങളുടെ പരിപാലനത്തിനായി പെയിന്റ്, മത്സ്യ എണ്ണ, ഗ്രീസ് പോലുള്ള സാധനങ്ങൾ വാങ്ങണം. ഇത്തരത്തിൽ ‘ചില്ലറ’ ചെലവുകൾ വേറെയുമുണ്ട്. പരിശീലന സമയത്തും മറ്റുമായി ക്യാംപിൽ സഹായത്തിന് ബോട്ടും ചെറുവള്ളങ്ങളും കരുതും. ചിലർക്ക് ഇവ സ്വന്തമായുണ്ട്. അല്ലാത്തവർ ഇവ വാടകയ്ക്ക് എടുക്കും. ദിവസം 5000 രൂപയെങ്കിലും വാടകയും ഇന്ധനച്ചെലവുമായി വരും.

തുഴ: 70,000

ഒരു തുഴയ്ക്ക് ശരാശരി 450 രൂപയുണ്ട് ഇപ്പോൾ. ഇത്തരത്തിൽ പരിശീലനത്തിന് ഉൾപ്പെടെ 150 തുഴയെങ്കിലും ക്ലബുകൾക്കു വേണ്ടി വരും. ഈയിനത്തിൽ എഴുപതിനായിരത്തോളം രൂപയാകും. അമരം ഇത്തരത്തിൽ പുതിയത് വാങ്ങേണ്ടി വരുന്നത് സ്ഥിരമല്ലെങ്കിലും ചിലപ്പോൾ അതും വേണ്ടി വരാറുണ്ട്. 6000 രൂപയാണ് ശരാശരി വില

ഭക്ഷണം: 4– 6 ലക്ഷം

ക്യാംപിലെ ഭക്ഷണം വിഭവസമൃദ്ധവും ആരോഗ്യമുള്ളതുമായിരിക്കണമെന്നാണ്. ദിവസം 25,000 രൂപ മുതൽ 40,000 രൂപ വരെ ഭക്ഷണത്തിനു ചെലവാകും. 4 മുതൽ 6 ലക്ഷം രൂപ വരെയാണ് ഭക്ഷണത്തിനു ശരാശരി ചെലവ്.

ക്യാംപ്: 75,000– 90,000

പരിശീലനത്തിനു 30 ദിവസം വരെ ക്യാംപ് നടത്തുന്ന ടീമുകളുണ്ട് ഇപ്പോൾ. പലരും ഓ‍ഡിറ്റോറിയങ്ങളോ ഹാളുകളോ വാടകയ്ക്ക് എടുത്താണ് ഇതു നടത്തുന്നത്. വാടക ഇനത്തിൽ‍ 75,000 മുതൽ 90,000 രൂപ വരെ ചെലവുണ്ട്. ചില സ്ഥലങ്ങൾ കരക്കാർക്കും ക്ലബുകൾക്കും സൗജന്യമായി വിട്ടു നൽകിയിട്ടുമുണ്ട്.

Nehru-Trophy-2016-2
2016ലെ നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന്.

ശമ്പളം: 15–22 ലക്ഷം

ചുണ്ടൻ വള്ളത്തിൽ തുഴച്ചിൽ താരങ്ങൾക്കു നൽകുന്ന ശമ്പളം പ്രതിദിനം 800 രൂപ മുതൽ 1200 രൂപ വരെയാണ്. മത്സരത്തിനു തുഴയുന്നവർക്കു പുറമേ കരുതലായി ചേർക്കുന്നവരും ഉൾപ്പെടെ 125 പേരെങ്കിലും കാണും. ഇവർക്ക് ശമ്പള ഇനത്തിൽ പ്രതിദിനം 96,000 രൂപ മുതൽ 1,50,000 രൂപ വരെയാകും. 15 ദിവസം ക്യാംപ് നടത്തിയാൽ 15 മുതൽ 22 ലക്ഷം രൂപ വരെ തുഴച്ചിലുകാർക്ക് ശമ്പളമായി നൽകണം. ഇതിനു പുറമേ പരിശീലകർ, ടീം ഫിസിയോ തുടങ്ങിയവർക്കുള്ള തുകയും മറ്റും വരും.

സ്വപ്നം, സ്പോൺസർ 

കൈ നിറയെ കാശുള്ളയാൾ ക്യാപ്ടനാകാൻ വന്നിരുന്നെങ്കിൽ... ക്ലബുകളുടെ ആഗ്രഹമാണിത്. മുൻകാലങ്ങളിൽ 1 കോടി രൂപ കൊടുത്ത് ക്യാപ്ടനായവരുണ്ട്. ഇന്നു പലരും ക്യാപ്ടന്മാരെ അന്വേഷിച്ച് നടക്കുകയാണ്. രണ്ടോ മൂന്നോ ലക്ഷം തന്നാൽ ക്യാപ്ടനാക്കാം എന്നും ചില ക്ലബുകൾ പറയുന്നുണ്ടത്രേ. 

കാത്തുകാത്ത്

ക്ലബുകളുടെ  വെല്ലുവിളി തുഴക്കാരെ സംരക്ഷിക്കുക എന്നതാണത്രേ. പരിശീലനം നടത്തുമ്പോഴേക്കും കൂടുതൽ ശമ്പളം നൽകാമെന്ന വാഗ്ദാനം നൽകി തുഴക്കാരെ കടത്തുന്നുണ്ട്. ഒറ്റയടിക്ക് പത്തോ ഇരുപതോ തുഴച്ചിൽതാരങ്ങൾ പോകുന്നതോടെ ക്ലബുകൾ പ്രതിസന്ധിയിലാകും. ക്യാംപുകൾക്കു സമീപം കറങ്ങി നടന്നവരെ കരക്കാർ ഓടിച്ചതായും കഥയുണ്ട്. സൈന്യത്തിലെയും മറ്റും ഇതരസംസ്ഥാനക്കാർ ചുണ്ടൻ വള്ളങ്ങളിൽ തുഴയെറിയുന്നുണ്ട്. വള്ളത്തിലെ ആകെ തുഴക്കാരുടെ 25 ശതമാനം ഇതരസംസ്ഥാനക്കാരാകാം എന്നാണ് നിയമം. സൈന്യത്തിലുള്ളവരും മറ്റും സ്ഥിരം കായികക്ഷമത നിലനിർത്തുന്നവരായത് കൊണ്ട് ഇതരസംസ്ഥാനക്കാരും സായിയിലെയും സൈന്യത്തിലെയും മറ്റും മലയാളികളെയും ചേർത്ത് 50 ‘കരുത്തരായ’ തുഴക്കാരെ ഒപ്പിച്ചാൽ ടീം കപ്പടിക്കുമെന്നാണ് പുതിയ പാഠം.

nehru-trophy-timeline-new

ബോട്ടുകളുടെ ‌‌ചാംപ്യൻസ് ലീഗ്

ചുണ്ടൻ വള്ളങ്ങളുടെ മത്സരക്കുതിപ്പ് കേരളത്തിന് ആവേശമാണ്. ഇതു ലോകമാകെ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ ചാംപ്യൻസ് ബോട്ട് ലീഗും ആരംഭിക്കുകയാണ്. ടൂറിസം രംഗത്ത് വള്ളംകളിയെ പ്രധാന ബ്രാൻഡ് ആക്കുക കൂടിയാണു പദ്ധതിയുടെ ലക്ഷ്യം. ഐപിഎൽ മാതൃകയിൽ മത്സരം വരുന്നതോടെ ചുണ്ടൻ വള്ളങ്ങൾക്കും ക്ലബുകൾക്കും സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും കരുതുന്നു.

മത്സരക്രമം

നെഹ്റു ട്രോഫിയോടെ ലീഗ് മത്സരം തുടങ്ങും. നവംബർ ഒന്നിനു കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടക്കുന്ന പ്രസിഡന്റ്സ് ട്രോഫിയോടെ മത്സരം സമാപിക്കും. ആകെ 12  ശനിയാഴ്ചകളിലായി 12 ലീഗ് മത്സരങ്ങൾ. ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 9 ടീമുകളെ ഫ്രാഞ്ചൈസികളാക്കി ലേലം നടത്തി സ്പോൺസർമാർക്കു കൈമാറും. മത്സരങ്ങളിൽ നേടുന്ന പോയിന്റ് അനുസരിച്ചാണ് ജേതാക്കളെ നിശ്ചയിക്കുന്നത്. ഈ വർഷം ലേലം നടക്കാത്ത സാഹചര്യത്തിൽ 9 ടീമിന്റെയും ഉടമകൾ ടൂറിസം വൈകുപ്പ് തന്നെയാകും. 40 കോടിയോളം രൂപയാണ് സർക്കാർ പ്രതീക്ഷിക്കുന്ന ചെലവ്.

പദ്ധതി നടത്തിപ്പ്

സിബിഎൽ കമ്പനി റജിസ്റ്റർ ചെയ്താണ് മത്സരങ്ങൾ നടത്തുന്നത്. ടൂറിസം മന്ത്രി, ധനമന്ത്രി, ടൂറിസം സെക്രട്ടറി, ധന സെക്രട്ടറി, കെടിഐഎൽ ചെയർമാൻ എന്നിവരാണു കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ. ആദ്യവർഷം പണം മുടക്കുന്നത് സർക്കാരാണ്. സ്പോൺസർമാരെ ലഭിക്കുന്നതോടെ ഇതിൽ മാറ്റമുണ്ടാകും. നിലവിൽ നടക്കുന്ന വള്ളംകളി മത്സരങ്ങളിൽ തന്നെയാണ് സിബിഎല്ലും സംഘടിപ്പിക്കുന്നത്. എന്നാൽ ഈ മത്സരങ്ങളെ ബാധിക്കാതെ സിബിഎൽ നടത്താനാണു ലക്ഷ്യം. വൈകിട്ട് 4 മുതൽ 5 വരെയുള്ള സമയം സിബിഎൽ സംഘടിപ്പിക്കും. ഇതു രാജ്യാന്തര ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്യും. പ്രാദേശിക മത്സരങ്ങൾ ഇതിനു മുൻപും ശേഷവുമായി തുടരും. ലീഗ് മത്സരങ്ങളുടെ ഫൈനലും പ്രാദേശിക മത്സരത്തിന്റെ ഫൈനലും പ്രത്യേകം നടത്തും.

ടീം തിരഞ്ഞെടുപ്പ്

കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി വള്ളം കളിയിൽ ആദ്യ 9 സ്ഥാനങ്ങളിലെത്തിയ ടീമുകളെയാണ് ഇക്കുറി സിബിഎല്ലിൽ ചേർത്തിരിക്കുന്നത്. 12 കളികളിൽ നിന്ന് ഏറ്റവുമധികം പോയിന്റ് നേടുന്നവർ ജേതാക്കളാകും. ലീഗ് മത്സരത്തിൽ 1,2,3, സ്ഥാനം നേടുന്നവർക്ക് 10,9,8 എന്നിങ്ങനെയാണ് പോയിന്റ് ലഭിക്കുക. ഓരോ വള്ളംകളിയിലും ഹീറ്റ്സിലടക്കം ഏറ്റവും മികച്ച സമയം കണ്ടെത്തുന്ന ക്ലബ്ബിന് 5 ബോണസ് പോയിന്റും ലഭിക്കും. പ്രഥമ ലീഗിലെ ആദ്യ 3 സ്ഥാനക്കാരും ഇവരൊഴികെ നെഹ്റു ട്രോഫിയിൽ മുന്നിലെത്തുന്ന മറ്റ് 6 ടീമുകളുമാകും അടുത്ത വർഷത്തെ ലീഗിൽ മത്സരിക്കുന്നത്. 

നെഹ്റു ട്രോഫിക്കു ശേഷം കോട്ടയം താഴത്തങ്ങാടി (സെപ്റ്റംബർ 7), ആലപ്പുഴ കരുവാറ്റ (14), എറണാകുളം പിറവം (28), കൊച്ചി മറൈൻ ഡ്രൈവ് (ഒക്ടോബർ 5), തൃശൂർ കോട്ടപ്പുറം (12), മലപ്പുറം പൊന്നാനി (19), ആലപ്പുഴ കൈനകരി (26), പുളിങ്കുന്ന് (നവംബർ 2), കായംകുളം (9), കൊല്ലം കല്ലട (16), കൊല്ലം പ്രസിഡന്റ്സ് ട്രോഫി (23) ജലോത്സവങ്ങളാണു ലീഗിന്റെ ഭാഗമായി നടക്കുക.

English Summary: Nehru Trophy Boat Race - All you want to know in infographics