ADVERTISEMENT

കൊൽക്കത്ത ∙ അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങളെ ഒഴിവാക്കി ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എൻആർസി) പ്രസിദ്ധീകരിച്ചതിനെത്തുടർന്നു കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗൂഢലക്ഷ്യത്തോടെ ബിജെപി സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതി ഒരു തികഞ്ഞ പരാജയമാണെന്ന് മമത പറഞ്ഞു. എൻആർസിയിലൂടെ രാഷ്ട്രീയ മുന്നേറ്റം ആഗ്രഹിച്ചവർക്കെല്ലാം അതിന്റെ പരാജയം തിരിച്ചടിയാണ്. അതാരൊക്കെയാണ് ഇപ്പോൾ വെളിപ്പെട്ടു. അവർ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. സമൂഹത്തിന്റെ നന്മയും രാജ്യത്തിന്റെ താൽപര്യവും മാനിക്കാതെ ഗൂഢലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ സംഭവിക്കുന്നത് ഇതാണെന്ന് അവർ ട്വീറ്റ് ചെയ്തു. വിലക്ഷണമായ പ്രവർത്തി മൂലം ദുരിതമനുഭവിക്കുന്നവരോട് സഹതാപമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ശനിയാഴ്ച രാവിലെയാണ് അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങൾ വഴിയാധാരമാക്കിക്കൊണ്ട് ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. 3.11 കോടി പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 41 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ടുള്ള കരടു പട്ടിക ഏറെ വിവാദമായിരുന്നു. പൗരത്വം തെളിയിക്കുന്നതിനു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും സങ്കീര്‍ണമായ നടപടികള്‍ക്കൊടുവിലാണു പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈ 30ന് ആണു കരട് പട്ടിക പുറത്തുവന്നത്. അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 120 ദിവസം വരെ ഫോറിന്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാം. ആറുമാസത്തിനകം അപ്പീലുകളില്‍ തീരുമാനമെടുക്കണം.

എൻ‌ആർ‌സിയുടെ ഏറ്റവും കടുത്ത വിമർശകരിലൊരാളായ തൃണമൂൽ കോൺഗ്രസ് പലപ്പോഴും ‘ഭിന്നിപ്പിക്കൽ അഭ്യാസം’ എന്നാണ് എൻആർസിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ ബംഗാളിൽ അധികാരത്തിൽ എത്തിയാൽ അവിടെയും എൻആർസി നടപ്പാക്കുമെന്നാണ് ബിജെപി നയം. അന്തിമ എൻ‌ആർ‌സി പട്ടികയിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ട 19 ലക്ഷം അപേക്ഷകരുടെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കേണ്ടിവരുമെന്ന് മറ്റൊരു തൃണമൂൽ കോൺഗ്രസ് നേതാവ് ഫിർഹാദ് ഹക്കീം പറഞ്ഞു. ബിജെപി സ്വന്തം രാജ്യത്തെ ആളുകളെ ഭവനരഹിതരാക്കി. ബംഗാളികളെ അസമിൽ നിന്നു പുറത്താക്കാനുള്ള ഗൂഢാലോചനയാണ് എൻ‌ആർ‌സിയെന്ന് ഹക്കീം ആരോപിച്ചു. പതിറ്റാണ്ടുകളായി അസമിൽ താമസിക്കുന്ന പൗരന്മാരെ ഒരു സുപ്രഭാതത്തിൽ എങ്ങനെ വിദേശികളായി പ്രഖ്യാപിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

തൃണമൂലിനു പുറമെ വിവിധ രാഷ്ട്രീയ കക്ഷികളും സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നു. അസമിലെ പല മേഖലകളും, പ്രത്യേകിച്ച് ബംഗ്ലദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളും പുനരവലോകനം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നു കോൺഗ്രസ് ആരോപിച്ചു. ശനിയാഴ്ച പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്നു നിരവധി യഥാർഥ പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ടെന്നു കോൺഗ്രസ് അവകാശപ്പെട്ടു. എൻ‌ആർ‌സിയെ ബിജെപി പിന്തുണയ്ക്കുന്നു. എന്നാൽ ചില വിടവുകൾ അടയ്ക്കേണ്ടതുണ്ട്. അസാമിന്റെ അതിർത്തിയിലുള്ള ജില്ലകളിൽ 20 ശതമാനവും മറ്റുള്ളവയിൽ 10 ശതമാനവും പുനരവലോകനം അനുവദിക്കണമെന്ന് കേന്ദ്രവും അസം സർക്കാരും സുപ്രീം കോടതിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നു ബിജെപി നേതാവ് ഹിമന്ത ബിശ്വശർമ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com