ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായിരിക്കെ വെടിയേറ്റു മരിച്ച റോബർട് എഫ്.കെന്നഡിയുടെ ഘാതകനു ജയിലിലെ ഇടനാഴിയിൽ കഴിഞ്ഞ ദിവസം കുത്തേറ്റതോടെ ദുരൂഹകൊലപാതകം വീണ്ടും വാർത്തകളിൽ നിറയുന്നു. യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ സഹോദരനാണു റോബർട്ട് കെന്നഡി. 1968 ൽ ലൊസാഞ്ചൽസിൽ അംബാസഡർ ഹോട്ടലിൽ സിർഹൻ സിർഹൻ (22) എന്ന പലസ്തീൻകാരനാണ് റോബർട്ട് കെന്നഡിയ്ക്കെതിരെ നിറയൊഴിച്ചത്. 50 വർഷമായി പരോൾ നിഷേധിക്കപ്പെട്ട് കലിഫോർണിയയിലെ പ്ലസന്റ് വാലി സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിലാണ് 75കാരനായ സിർഹാൻ.

യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ ഘാതകൻ, കെന്നഡി വധത്തിനു പിന്നാലെ മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടത് ചേർത്തു വായിക്കുമ്പോഴാണു സിർഹാന് എതിരെയുള്ള വധശ്രമം പല ചോദ്യങ്ങളുമുയർത്തുന്നത്. സിർഹാനു പ്രാദേശിക കോടതി വധശിക്ഷ വിധിച്ചെങ്കിലും യുഎസ് സുപ്രീം കോടതി ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു.

റോബർട്ടിന്റെ സഹോദരൻ എഡ്വേർഡ് കെന്നഡിയെ വധിക്കാനും സിർഹാൻ പദ്ധതിയിട്ടിരുന്നതായി 2010 ൽ എഫ്‌ബിഐ പരസ്യമാക്കിയ രേഖകളിൽ പരാമർശമുണ്ടായിരുന്നു. സിർഹാന്റെ തൊട്ടടുത്ത സെല്ലിൽ 18 മാസം തടവുശിക്ഷ അനുഭവിച്ച അന്തേവാസിയിൽ നിന്നാണ് എഫ്‌ബിഐയ്‌ക്ക് ഈ വിവരം ലഭിച്ചത്.

1977ൽ എഡ്വേർഡിനെ വധിക്കുന്നതിനു 10 ലക്ഷം ഡോളറും കാറും സിർഹാൻ തനിക്കു പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തെന്നും സമ്മതമെങ്കിൽ പുറത്തിറങ്ങുമ്പോൾ സിർഹാന്റെ അമ്മയുമായി ചർച്ച നടത്താൻ നിർദേശിച്ചെന്നും എഫ്‌ബിഐ പരസ്യമാക്കിയ രേഖകളിൽ പരമാർശമുണ്ടായിരുന്നു. സിർഹാനെ ആക്രമിച്ച തടവുകാരനെ ഏകാന്ത സെല്ലിലേയ്ക്കു മാറ്റി. സിർഹാൻ സുഖം പ്രാപിക്കുന്നതായി അറിയിച്ച ജയിൽ അധികൃതർ സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരാൻ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

കനത്ത സുരക്ഷ, എന്നിട്ടും കുത്തേറ്റു

Robert F. Kennedy John F. Kennedy
റോബർട് എഫ്. കെന്നഡി. ജോൺ എഫ്. കെന്നഡി

കനത്ത സുരക്ഷാ സന്നാഹങ്ങളാണു ജയിലിൽ സിർഹാനായി അധികൃതർ ഒരുക്കിയിരുന്നത്. എല്ലാ സുരക്ഷാക്രമങ്ങളും കാറ്റിൽപറത്തി ജയിലിൽ സിർഹാനു നേരെയുണ്ടായ വധശ്രമം അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. കെന്നഡി വധത്തിനു 50 വർഷങ്ങൾക്കു ശേഷവും ഘാതകൻ കൊല്ലപ്പെടണമെന്നുള്ളത് ആരുടെ ആവശ്യമാണെന്ന് തലപുകയ്ക്കുകയാണ് അധികൃതർ. ജോൺ എഫ്.കെന്നഡിയുടെയും സഹോദരൻ റോബർട്ടിന്റെയും കൊലപാതകത്തിനു പിന്നിലെ ചുരുളഴിക്കാൻ വർഷങ്ങൾക്കു ശേഷവും കഴിയാതിരുന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനു ഏറ്റ തിരിച്ചടി കൂടിയാണ് സിർഹാനു നേരെയുണ്ടായ വധശ്രമം.

ടെക്‌സസിലെ ഡാലസിൽ 1963 നവംബർ 22ന് ഉച്ചയ്‌ക്കു 12.30നാണ് ഇരുപത്തിനാലുകാരനായ ലീ ഹാർവി ഓസ്വാൾഡ് എന്നയാളുടെ വെടിയേറ്റ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയുള്ള പ്രസിഡന്റായിരുന്ന ജോൺ എഫ്.കെന്നഡി മരിച്ചത്. തുറന്ന കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രസിഡന്റിന്റെ തൊട്ടടുത്തു ഭാര്യ ജാക്വിലിനും മുൻസീറ്റിൽ ടെക്‌സസ് ഗവർണർ ജോൺ കോണലിയും ഉണ്ടായിരുന്നു. കോണലിക്കു വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവസ്‌ഥലത്തിനു സമീപമുള്ള കെട്ടിടത്തിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു ലീ ഹാർവി ഓസ്വാൾഡ്.

ആ കെട്ടിടത്തിൽ നിന്നാണു കെന്നഡിയുടെ നേരെ വെടിവച്ചതും. ഓസ്വാൾഡാകട്ടെ മണിക്കൂറുകൾക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് കയ്യാമം വച്ചു കൊണ്ടുപോകുമ്പോൾ, എല്ലാവരും നോക്കിനിൽക്കെയായിരുന്നു ഓസ്വാൾഡ് കൊല്ലപ്പെട്ടത്. സാധാരണക്കാരനായ ഓസ്വാൾഡ് എന്തിനാണ് കെന്നഡിയെ കൊലപ്പെടുത്തുന്നത് എന്നതായിരുന്നു അന്നുയർന്ന പ്രധാന ചോദ്യം. സംഭവത്തിനു തൊട്ടുപിന്നാലെ ഓസ്വാൾഡ് കൊല്ലപ്പെട്ടതും സംഭവത്തിലെ നിഗൂഢത ശക്തമാക്കി. ജാക്ക്റൂബി പിന്നീട് ജയിലിൽ വച്ചു കാൻസർ ബാധിച്ചു മരിച്ചു.

കൊലപാതകത്തിനു തൊട്ടു മുൻപ് മെക്സിക്കോയിലേക്ക് ഓസ്വാൾഡ് യാത്ര നടത്തിയെന്ന വിവരവും അതിനിടെ ലഭിച്ചു. എഫ്ബിഐയും സിഐഎയും പിന്നീട് അന്വേഷണം നടത്തിയത് ആ വഴിക്കായിരുന്നു. 1963 സെപ്റ്റംബറിൽ നടന്ന ഓസ്വോൾഡിന്റെ മെക്സിക്കോ യാത്രയിൽ എന്താണു സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ക്യൂബയുടെയോ സോവിയറ്റ് യൂണിയന്റെയോ ചാരന്മാരുമായി ഗൂഢാലോചന നടത്താനായിരുന്നു യാത്രയെന്നാണ് പലരും വിശ്വസിക്കുന്നത്. ഓസ്വാൾഡിനു പഴയ സോവിയറ്റ് യൂണിയനുമായി ‘രഹസ്യ’ ബന്ധം ഉണ്ടായിരുന്നതായും ഒട്ടേറെ പേർ കരുതുന്നു.

ജോൺ എഫ്.കെന്നഡിയുടെ മരണത്തിനു പിന്നിൽ മാഫിയാസംഘങ്ങളാണെന്നും ക്യൂബയാണെന്നും അതല്ല മറ്റു രാജ്യങ്ങളിലെ രഹസ്യ ഏജന്റുമാരാണെന്നുമൊക്കെയുള്ള ‘സിദ്ധാന്ത’ങ്ങൾ ഇതിനോടകം പുറത്തുവന്നു. സിഐഎ തന്നെയാണു കൊലപ്പെടുത്തിയതെന്ന വാദവുമുണ്ടായി. ജോൺ എഫ്.കെന്നഡിയുടെ വധത്തിനു പിന്നാലെയാണ് രാഷ്ട്രീയപരമായ കാരണങ്ങളാലുള്ള കുപ്രസിദ്ധ കൊലപാതകങ്ങൾ യുഎസിൽ തുടർക്കഥയായത്. മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൻ ലുഥർ കിങ് 1968 ഏപ്രിലിൽ കൊല്ലപ്പെട്ടു. പിന്നാലെ 1968 ജൂണിൽ റോബർട് എഫ്.കെന്നഡിയുടെ ദാരുണ വധം.

അസാധാരണമായി പെരുമാറിയ സിർഹാൻ

John F. Kennedy
ജോൺ എഫ്. കെന്നഡി

യുഎസ് പ്രസിഡന്റിന്റെ കസേരയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് റോബർട്ട് കെന്നഡി കൊല്ലപ്പെടുന്നത്. വിചാരണക്കോടതിയിൽ അസാധാരണമായാണ് സിർഹാൻ പെരുമാറിയിരുന്നത്. കൊലപാതകത്തെ കുറിച്ചും അതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും തനിക്കൊന്നും ഓർമയില്ലെന്നു പലകുറി പറഞ്ഞ സിർഹാൻ മതിഭ്രമത്തിന്റെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു.

ദമ്പതികൾക്കൊപ്പമാണ് സിർഹാൻ അന്ന് ഹോട്ടലിൽ എത്തിയതെന്നും സംഭവം നടക്കുമ്പോൾ രണ്ട് സിഐഐ ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസിനെ അറിയിച്ചിരുന്നുവെങ്കിലും ആ വഴിക്ക് അന്വേഷിച്ചില്ലെന്നു ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. വെടിയുണ്ടയ്‌ക്കിരയായ ‘കിഴക്കിന്റെ പുത്രി’ ബേനസീർ ഭൂട്ടോയോടും പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കൊല്ലപ്പെട്ട രാജീവ് ഗാന്ധിയോടുമാണ് പലപ്പോഴും റോബർട്ട് എഫ്.കെന്നഡിയെ ചേർത്തുവായിക്കുന്നത്.

ദുരന്തങ്ങളാൽ വേട്ടയാടപ്പെട്ടവരാണു ഭൂട്ടോ– ഗാന്ധി കുടുംബങ്ങൾ. ഇതുപോലെ ദുരന്തങ്ങളുടെ ഒഴിയാബാധ ജോൺ എഫ്. കെന്നഡിയുടെ കുടുംബത്തെയും ആവേശിച്ചിരുന്നു. അധികാരക്കസേരയിലേക്കുള്ള മടങ്ങിവരവിനിടെയാണു ബേനസീർ ഭൂട്ടോയും രാജീവ് ഗാന്ധിയും കൊല്ലപ്പെടുന്നത്. രാജീവ് ഗാന്ധിയുടെ അമ്മ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റു കൊല്ലപ്പെട്ടപ്പോൾ ബേനസീറിന്റെ പിതാവ് സുൾഫിക്കർ അലി ഭൂട്ടോയെ പാക്ക് പട്ടാളഭരണകൂടം തൂക്കിലേറ്റുകയായിരുന്നു.

ദുരന്തം വേട്ടയാടുന്ന കെന്നഡി കുടുംബം

Robert F. Kennedy John F. Kennedy
റോബർട് എഫ്. കെന്നഡി. ജോൺ എഫ്. കെന്നഡി

നാൽപതുകളുടെ തുടക്കംമുതലാണു കെന്നഡി കുടുംബത്തിലേക്കു ദുരന്തം അതിഥിയായെത്തുന്നത്. 1944 ഓഗസ്‌റ്റ് ആരംഭത്തിൽ ജോൺ കെന്നഡിയെ കപ്പൽ അപകടത്തിൽ കാണാതായെന്ന വാർത്ത അദ്ദേഹത്തിന്റെ പിതാവായ ജോസഫ് കെന്നഡിക്കു ലഭിച്ചു. ഭാഗ്യവശാൽ അധികം താമസിയാതെ തന്നെ സോളമൻ ദ്വീപിലെ ചെറിയ ആശുപത്രിയിൽ ജോൺ കെന്നഡി സുഖംപ്രാപിച്ചു വരുന്നുവെന്ന വാർത്തയെത്തി. ദുരന്തം അപ്പോഴും ഒഴിഞ്ഞില്ല.

കുടുംബത്തിലെ മൂത്തപുത്രൻ ജോസഫ് ജൂനിയർ ഇംഗ്ലണ്ടിനു മീതെ പറന്നുകൊണ്ടിരുന്ന വിമാനത്തിൽ മരിച്ചുവെന്ന നടുക്കുന്ന വാർത്തയാണു തൊട്ടുപിന്നാലെയെത്തിയത്. വരാൻ പോകുന്ന ദുരന്തങ്ങളുടെ തുടക്കമായിരുന്നു അതെന്ന് ആരും കരുതിയില്ല. ഒരു മാസം കഴിഞ്ഞതേയുള്ളൂ, കാതലീൻ കെന്നഡിയുടെ ഭർത്താവ് വില്യം ഫ്രാൻസിൽ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വിധവയായ കാതലീൻ നാലുകൊല്ലത്തിനു ശേഷം ഫ്രാൻസിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

Saoirse Kennedy
റോബർട് എഫ്. കെന്നഡിയുടെ കൊച്ചുമകൾ സുർഷ കെന്നഡി

കുറെ വർഷങ്ങൾ കടന്നുപോയി. ജോൺ എഫ്.കെന്നഡി അമേരിക്കൻ പ്രസിഡന്റായി. ദുർവിധിയുടെ നാളുകൾ കഴിഞ്ഞുപോയെന്ന് എല്ലാവരും കരുതി. പക്ഷേ, മരണത്തിന്റെ കറുത്ത കരങ്ങൾ വീണ്ടും ഉയർന്നു താണു. രണ്ടുതവണ മിസിസ് ജാക്വിലിൻ കെന്നഡിയുടെ ഗർഭം അലസിപ്പോയി. മൂന്നാമത്തെ കുട്ടി പ്രസവാനന്തരം മരിച്ചു. മനുഷ്യസ്‌നേഹിയും രാജ്യതന്ത്രജ്‌ഞനും ദൈവഭക്‌തനുമായ ജോൺ ഇതിലൊന്നും പതറിയില്ല. 1963 നവംബർ 22നു ഭാര്യയോടൊപ്പം തുറന്ന കാറിൽ ടെക്‌സസിലെ ഡാലസ് നഗരത്തിലെ തെരുവീഥിയിലൂടെ കടന്നുപോകുമ്പോൾ ഒരു വെടിയുണ്ട കെന്നഡിയുടെ ജീവിതം അവസാനിപ്പിച്ചു.

എഴുപത്തിയഞ്ചു വയസ്സുണ്ടായിരുന്ന പിതാവ് ജോസഫ് കെന്നഡിക്ക് ഇതെല്ലാം കണ്ടും കേട്ടും കഴിയുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. രക്‌തസമ്മർദം മൂലം അദ്ദേഹത്തിനു സംസാരിക്കാനുള്ള കഴിവു നഷ്‌ടമായിരുന്നു. ജോൺ കെന്നഡിയുടെ മകൻ ജോൺ എഫ്.കെന്നഡി ജൂനിയർ വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. മാർത്താസ് വീൻയാർഡിനകലെ കടലിൽ തകർന്നുവീണ വിമാനത്തിനുള്ളിൽ ജഡം കണ്ടെത്തി. വിമാനത്തിൽ കെന്നഡി, ഭാര്യ കാരലിൻ ബാസെറ്റ്, കാരലിന്റെ സഹോദരി ലോറൻ എന്നിവരാണുണ്ടായിരുന്നത്.

ഒറ്റ എഞ്ചിൻ വിമാനം പെട്ടെന്നു പലവട്ടം വട്ടംതിരിയുകയും നിയന്ത്രണംവിട്ടു കടലിൽ പതിക്കുകയുമായിരുന്നു. യന്ത്രക്യാമറ ഘടിപ്പിച്ച വിദൂരനിയന്ത്രിത മുങ്ങൽവാഹനമാണു മൃതദേഹം കണ്ടെത്തിയത്; അതും കടലിൽ 100 അടി താഴെ. റോബർട്ട് കെന്നഡിയുടെ കൊച്ചുമകളായ സുർഷ കെന്നഡി ഹിൽ അമിത ലഹരിമരുന്ന് ഉപയോഗത്തെ തുടർന്നാണു മരണടഞ്ഞതാണ് ഏറ്റവും ഒടുവിൽ ആ കുടുംബത്തെ വേട്ടയാടിയ ദുരന്തം.

English Summary: Sirhan Sirhan, the man who shot Robert Kennedy, stabbed in prison – reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com