ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിന്‍റെ സാമ്പത്തിക മാന്ദ്യത്തിൽ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മുൻ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. നിലവിലെ സാമ്പത്തികാവസ്ഥ ആശങ്കാവഹമാണ്. അവസാനപാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമെന്നത് സാമ്പത്തികമാന്ദ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.  ആറു വര്‍ഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മന്ദഗതിയിലാണ് മുന്നോട്ടു പോകുന്നതെന്ന സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സിങ്ങിന്റെ വമർശനം. 

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി അഞ്ച് ശതമാനമാനമായിരുന്നു. കഴിഞ്ഞ പാദത്തില്‍ 5.8 ശതമാനമാനവും. 2018 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ എട്ട് ശതമാനവുമായിരുന്നു സാമ്പത്തിക വളര്‍ച്ച. 4.3 ശതമാനമായിരുന്നു 2013 മാര്‍ച്ചിലെ വളര്‍ച്ചാനിരക്ക്. തുടര്‍ച്ചയായ അഞ്ചാം പാദത്തിലും സാമ്പത്തിക വളര്‍ച്ച പിന്നോട്ടുപോയത് സാമ്പത്തിക രംഗം ഏറ്റവും മോശം അവസ്ഥയിലാണെന്ന സൂചനയാണ് നൽകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഈ അവസ്ഥ തുടർന്നാൽ ഇന്ത്യയ്ക്കു നിലനിൽപ്പുണ്ടാകില്ല. മനുഷ്യനിര്‍മിതമായ ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ പ്രതികാര രാഷ്ട്രീയം മാറ്റിവച്ച് വിവേകപൂർവം പ്രവർത്തിക്കാൻ സർക്കാരിനോട് അഭ്യർഥിക്കുന്നതായി മൻമോഹൻ സിങ് പറഞ്ഞു.

നിര്‍മാണമേഖലയുടെ വളര്‍ച്ചാനിരക്ക് 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് നിരാശാജനകം. നോട്ട് അസാധുവാക്കല്‍ എന്ന മണ്ടന്‍ തീരുമാനവും തിരക്കിട്ടുള്ള ജിഎസ്ടി നടപ്പാക്കലും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും നിര്‍മാണ മേഖല കരകയറിയിട്ടില്ല. സമസ്ത മേഖലകളിലും മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും മന്‍മോഹന്‍‍ വിമര്‍ശിച്ചു.

നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഏതാനും ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രം സ്വീകരിച്ചിരുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ യോജിപ്പിച്ചുകൊണ്ടുള്ള പരിഷ്‌കരണങ്ങളും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണു സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിങ്ങിന്റെ വിമർശനം.

English Summary : "All-Round Mismanagement" By Government Led To Slowdown: Manmohan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com