ADVERTISEMENT

സോലാപുര്‍ ∙ മഹാരാഷ്ട്രയിലെ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ ബിജെപിയുടെ വാതില്‍ പൂര്‍ണമായും തുറന്നിട്ടാല്‍ ശരദ് പവാറും പൃഥ്വിരാജ് ചവാനും മാത്രമേ അവരുടെ പാര്‍ട്ടിയില്‍ അവശേഷിക്കുകയുള്ളൂ എന്നും അമിത് ഷാ പരിഹസിച്ചു.

മഹാരാഷ്ട്രയിലെ സോലാപൂരിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ നടക്കുന്ന മഹാജനദേശ് യാത്രയുടെ രണ്ടാം പാദത്തിന്റെ സമാപനത്തിലാണ് ഷാ കോൺഗ്രസിനും എൻസിപിക്കുമെതിരെ സ്വരം കടുപ്പിച്ചത്. സംസ്ഥാനത്ത് മുഖ്യ പ്രതിപക്ഷ കക്ഷികളായ ശരദ് പവാറിന്‍റെ എന്‍സിപിയും പൃഥ്വിരാജ് ചവാന്‍ നയിക്കുന്ന കോണ്‍ഗ്രസും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇരുപാര്‍ട്ടികളില്‍ നിന്നും നിരവധി നേതാക്കളാണ് ശിവസേനയിലും ബിജെപിയിലും ചേര്‍ന്നത്. എന്‍സിപിയില്‍ നിന്നാണ് കൂടുതല്‍ കൊഴിഞ്ഞുപോക്ക്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുന്ന രാഹുൽ ഗാന്ധിയും ശരദ് പവാറും വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തിൽ അമിത് ഷാ പറഞ്ഞു. ദാദ്ര നാഗർ ഹവേലിയിൽ നടന്ന പൊതുസമ്മേളനത്തിലും ഇരുവർക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ രാജ്യം മുഴുവൻ പിന്തുണയ്ക്കുമ്പോൾ ചില രാഷ്ട്രീയ പാർട്ടികൾ അതിനെ എതിർക്കുകയാണ്. രാഹുൽ ഗാന്ധി ഇപ്പോൾ എന്ത് സംസാരിച്ചാലും പാക്കിസ്ഥാനിൽ കയ്യടികളും ആർപ്പുവിളികളുമാണ്. സ്വന്തം പരാമർശങ്ങളെ ഇന്ത്യയ്ക്കെതിരെ ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ് നേതാക്കൾ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു.

Narendra Modi Amit Shah
നരേന്ദ്ര മോദി, അമിത് ഷാ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം ശേഷിക്കെ പവാറിന്റെ ബന്ധുവും എൻസിപി നേതാവുമായ റാണാ ജഗ്ജിത് സിങ് പാട്ടീൽ സോലാപൂരിൽ അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻസിപി ടിക്കറ്റിൽ ഒസ്മാനാബാദിൽനിന്നു മത്സരിച്ച പാട്ടീൽ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. എൻസിപി മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ അച്ഛനും ബിജെപിയിൽ ചേരുമെന്നു പ്രഖ്യാപിച്ചു.

മുൻ മഹാരാഷ്ട്ര മന്ത്രിയായിരുന്ന പത്മസിൻഹ് പാട്ടീലിന്റെ മകനാണ് റാണാജഗ്ജിത് സിങ്. ശരദ് പവാറിന്റെ മരുമകനായ അജിത് പവാറാണ് പാട്ടീലിന്റെ സഹോദരിയെ വിവാഹം കഴിച്ചിട്ടുള്ളത്. ബന്ധു ബിജെപിയിൽ ചേരുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു അതിരൂക്ഷമായ ഭാഷയിലായിരുന്നു പവാറിന്റെ മറുപടി. നിങ്ങളുടെ ചോദ്യം തന്നെ തെറ്റ്. രാഷ്ട്രീയത്തിൽ ബന്ധുക്കളില്ല– പവാർ പറഞ്ഞു.

സോലാപൂര്‍ ജില്ലയിലെ ബര്‍ഷി മണ്ഡലത്തില്‍ നിന്നുള്ള എന്‍സിപി എംഎല്‍എ ദിലീപ് സോപല്‍ പാർട്ടി വിട്ടു ശിവസേനയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത് ഏതാനും ദിവസം മുൻപാണ്. കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിന്‍റെ മന്ത്രിസഭയില്‍ അംഗമായിരുന്നു ദിലീപ് സോപലിന്റെ കൊഴിഞ്ഞുപോക്ക് എൻസിപിക്ക് വൻ തിരിച്ചടിയാകുകയും ചെയ്തു. സോപല്‍  ശിവസേന  സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. എൻസിപി എംഎൽഎമാരായ ശിവേന്ദ്രസിങ് ഭോസലെ, സന്ദീപ് നായിക്, വൈഭവ് പിച്ചാഡ് എന്നിവർ കഴിഞ്ഞ മാസം എൻസിപി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

എൻസിപി ഷഹാപൂർ എംഎൽഎ പാണ്ഡുരംഗ് ബറോറ, മുംബൈ യൂണിറ്റ് തലവൻ സച്ചിൻ ആഹിർ എന്നിവർ ശിവസേനയിൽ എത്തി. ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എൻസിപിയിൽ നിന്ന് കൂട്ട കൊഴിഞ്ഞുപോക്കുണ്ടാകുന്നത്. നേരത്തെ 25 ഓളം കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരണമെന്നാവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി മഹാരാഷ്ട്ര ബിജെപി ജലവിഭവ മന്ത്രി ഗിരീഷി മഹാജന്‍ രംഗത്തെത്തിയിരുന്നു.

കോൺഗ്രസിന് രാജ്യവ്യാപകമായി നിലനിൽക്കുന്ന നേതൃത്വ അസ്ഥിരത പ്രകടമായി കാണുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെ നിയന്ത്രിക്കുന്ന  മുംബൈ ജില്ലാ കോൺഗ്രസിലും അവസ്ഥ പരിതാപകരമാണെന്ന് രാഷ്ട്രീയ നീരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്ട്രിയിലെ എക്കാലത്തെയും വലിയ കോൺഗ്രസ് നേതാക്കളിലൊരാളായ മുരളി ദേവ്റെയുടെ മകൻ മിലിന്ദ് മുംബൈ കോൺ‌ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത് രാഹുലിന്റെ രാജി ചൂണ്ടിക്കാട്ടിയാണ്.

Sharad Pawar
ശരദ് പവാർ

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെയാണ് മഹാരാഷ്ട്രയിൽ ബിജെപിയുടെ തുറുപ്പുചീട്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം, സംസ്ഥാന സർക്കാരിന് അനുകൂലമായ പൊതുജന പ്രതികരണം, മെച്ചപ്പെട്ട  ബിജെപി-ശിവസേന ബന്ധം തുടങ്ങിയവയാണ് ഫഡ്നാവിസിന്റെ മെച്ചം. മുൻ പ്രതിപക്ഷനേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ ഉൾപ്പടെയുള്ളവർ എംഎൽഎ സ്ഥാനം രാജിവച്ച് അടുത്തിടെ ബിജെപി പാളയത്തിലെത്തിയിരുന്നു.

കൊഴിഞ്ഞുപോക്ക് അതിരൂക്ഷമായതോടെ എൻസിപിയുടെ അടിത്തറ ഇളകിയിരിക്കുന്നു. ‘പവാ‍ർ പരിവാറിന്റെ’ പ്രതാപകാലം മങ്ങുകയാണ്. പ്രകാശ് അംബേദ്ക്കറുൾപ്പെടെ സമാന്തരകക്ഷികളും രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ വോട്ടു ഭിന്നിപ്പിച്ച ബിജെപിയുടെ ബി ടീമാണ് അവരെന്ന് കോൺഗ്രസും എൻസിപിയും  ആരോപിച്ചിരുന്നു. അതിശക്തരായ ബിജെപിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ പതിനെട്ട് അടവും പയറ്റുകയാണ് എൻസിപിയും കോൺഗ്രസും. 

English Summary: "All But Sharad Pawar, Prithviraj Chavan Will Join BJP If...": Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com