ADVERTISEMENT

കോട്ടയം ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം നൽകുന്നത് സംബന്ധിച്ച് വീണ്ടും തർക്കം. ചിഹ്നം വേണമെന്നു കേരള കോൺഗ്രസ് ജോസ് വിഭാഗം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടു. ചിഹ്നം നൽകാൻ ജനറൽ സെക്രട്ടറിയെ സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ കാര്യവും അറിയിച്ചു. എന്നാൽ സ്റ്റിയറിങ് കമ്മിറ്റിയല്ല ചിഹ്നം അനുവദിക്കുന്നതെന്നു ടിക്കാറാം മീണ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിനു മാത്രമാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് അധികാരമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന്റെ കത്തുണ്ടെങ്കിലേ രണ്ടില അനുവദിക്കൂവെന്നു രാവിലെ ടിക്കാറാം മീണ നിലപാട് എടുത്തിരുന്നു. കത്തു നൽകിയില്ലെങ്കിൽ ജോസ് ടോം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ‘രണ്ടില’ചിഹ്നം നിര്‍ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തേ തൃശൂരിൽ പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് (എം) പിളർപ്പു സംബന്ധിച്ചു കേസുള്ളതിനാൽ പാലായിലെ ഉപതിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് നിയമോപദേശം തേടിയാവും തീരുമാനമെടുക്കുക. രണ്ടില തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. നിയമപരമായി എന്താണ് പ്രായോഗികമെന്ന് പരിശോധിക്കുകയാണ്. പാലായില്‍ സ്ഥാനാര്‍ഥിയും ചിഹ്നവും കെ.എം.മാണിയാണെന്നും ചെന്നിതല പറഞ്ഞിരുന്നു.

സാധാരണ പാർട്ടി പ്രവർത്തകനായ മികച്ച സ്ഥാനാർഥിയെയാണ് യുഡിഎഫ് അവതരിപ്പിച്ചിട്ടുള്ളത്. പി.ജെ.ജോസഫ് യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കും. സ്ഥാനാർഥിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വിജയം പാലായിലും മറ്റ് ഉപതിരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

എന്നാൽ രണ്ടിലയിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് സ്ഥാനാർഥി ജോസ് ടോം പറഞ്ഞു. കെ.എം.മാണിയാണ് വലിയ ചിഹ്നം. കെ.എം.മാണി മുന്നിലുളളപ്പോള്‍ പാലായില്‍ ഇടംവലം നോക്കേണ്ടതില്ല. രണ്ടിലയില്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹം, പാര്‍ട്ടി പറയുന്ന ചിഹ്നം സ്വീകരിക്കും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച യുഡിഎഫിന് ചിഹ്നം പ്രഖ്യാപിക്കാനും ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോസ് ടോം പുലിക്കുന്നേലിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com