ADVERTISEMENT

നാസോ ∙ ബഹാമസ് ദ്വീപ് നിവാസികളെ ദുരിതത്തിലാക്കിയ ഡോറിയൻ ചുഴലിക്കാറ്റിന്റെ നിസ്സഹായതയുടെ ഉദാഹരണമായി ഒരച്ഛനും മകനും. അബകോ ദ്വീപിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകാതിരിക്കാനായി വീടിന്റെ മേൽക്കൂരയിലേക്കു കയറ്റിവിട്ട അഞ്ചു വയസ്സുള്ള മകനെ എവിടെ തിരയണമെന്നറിയാതെ സങ്കടത്തിലാണ് അഡ്രിയാൻ ഫറിങ്ടൻ (38). ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങളിൽ എമ്പാടും തിരഞ്ഞിട്ടും അഡ്രിയാൻ ജൂനിയറെ കണ്ടെത്താനായില്ല.

കനത്ത മഴയോടു കൂടിയ ചുഴലിക്കാറ്റു സൃഷ്ടിച്ച വെള്ളക്കെട്ടിലൂടെ മുറിഞ്ഞ കാലുമായി ക്ലേശിച്ചാണു മകനെയുംകൊണ്ട് അഡ്രിയാൻ മുന്നോട്ടു നടന്നത്. ഒരു മണിക്കൂറോളം നീണ്ട നടത്തത്തിനിടെയാണു വെള്ളം കയറാത്ത മേൽക്കൂര ഭാഗം കണ്ടത്. കുഞ്ഞിനെയും കൊണ്ട് ഇനിയും നടക്കുന്നത് അപകടമാണെന്ന് അഡ്രിയാനു തോന്നി. സുരക്ഷയെക്കരുതി മകനെ മേൽക്കൂരയിലേക്കു കയറ്റിവിട്ടു. വാവിട്ടുകരഞ്ഞ കു​ഞ്ഞിനോട്, കരയാതെ വായടച്ചു പിടിക്കാനും ദീർഘമായി ശ്വസിക്കാനും പറഞ്ഞുകൊണ്ടിരുന്നു.

മേൽക്കൂരയുടെ അറ്റത്തേക്കു പിടിച്ചു കയറുന്നതിനിടെ ആഞ്ഞടിച്ച കാറ്റിൽ പിടിവിട്ട കുഞ്ഞ് മറുവശത്തേക്കു തെന്നിവീണു. അപ്പോഴാണ് അഡ്രിയാൻ ജൂനിയറെ പിതാവ് അവസാനമായി കണ്ടത്. കുഞ്ഞു വീഴുന്നതു കണ്ടു പൊട്ടിക്കരഞ്ഞ അഡ്രിയാൻ ഫറിങ്ടൻ കലങ്ങിമറിഞ്ഞ വെള്ളത്തിലേക്ക് എടുത്തുചാടി. ചെളിവെള്ളത്തിൽ ജൂനിയർ അഡ്രിയാൻ താഴ്‍ന്നിടത്തേക്കാണ് അഡ്രിയാൻ ഫറിങ്ടൻ നീന്തിച്ചെന്നത്. പക്ഷേ ഒന്നും കണ്ടെത്താനായില്ല. ഏതാനും മിനിറ്റുകൾക്കു ശേഷം ഫറിങ്ടൻ വെള്ളത്തിനു മുകളിലേക്കു പൊങ്ങി ശ്വാസമെടുത്തു.

ശ്വാസം ഉള്ളിലെടുത്തു മകനെ തേടി വീണ്ടും വെള്ളത്തിലേക്ക് ഊളിയിട്ടു. ഈ സമയത്തെല്ലാം ഭാര്യയെ നാട്ടുകാർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. അവർ പലകുറി വിളിച്ചെങ്കിലും ഫറിങ്ടൻ പോയില്ല. കുഞ്ഞിനെ ഉപേക്ഷിച്ചു തനിക്കുമാത്രം രക്ഷപ്പെടേണ്ട എന്നായിരുന്നു ചിന്ത. കുറെയേറെ സമയം തിരച്ചിൽ തുടർന്നു. മകൻ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നും ഉയർന്ന ഏതെങ്കിലും പ്രദേശത്തു കയറിയിരിപ്പുണ്ടാവുമെന്നും ‘ഡാഡി’ എന്നുവിളിച്ചു പ്രത്യക്ഷപ്പെടുമെന്നും പ്രതീക്ഷിച്ചാണു ഫറിങ്ടനും സുഹൃത്തുക്കളുടെ കൂടെ തിരച്ചിൽ നടത്തിയത്. പക്ഷേ ശുഭവാർത്ത മാത്രം ഇതുവരെ തേടിയെത്തിയില്ല. അഞ്ചു വയസ്സുകാരൻ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണു രക്ഷാപ്രവർത്തകർ പറയുന്നത്.

ഏറെ ശ്രമകരമായാണ് അഡ്രിയാൻ ഫറിങ്ടൻ ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയത്. ചുഴലിക്കാറ്റിൽ ബഹാമസ് ദ്വീപുകളിൽ ഇതുവരെ മുപ്പതോളം പേർ കൊല്ലപ്പെട്ടു. 13,500 ലേറെ വീടുകൾ തകർന്നു. യുഎസിന്റെ തീരമേഖലകളിലും ചുഴലി വൻനാശം വിതച്ചു. സൗത്ത് കാരലൈനയിലും ജോർജിയയിലും പതിനായിരക്കണക്കിനു വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചു. ബഹാമസിലെ 70,000 പേർക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. നൂറുകണക്കിന് പേരെ കാണാതായെന്നു ബഹാമസ് അധികൃതർ അറിയിച്ചു.

English Summary: He put his son on a roof for safety after the hurricane hit. A storm surge swallowed the 5-year-old

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com