ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ആശയസംവാദമെന്ന കല മൺമറഞ്ഞു കൊണ്ടിരിക്കുകയാണെന്നും സർക്കാരിന്റെ നടപടികളിൽ വിയോജിച്ചാൽ രാജ്യദ്രോഹിയാക്കി മുദ്രകുത്തുന്ന പ്രവണതയാണെന്നും സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത. ആവിഷ്കാര സ്വാതന്ത്ര്യവും രാജ്യദ്രോഹവും എന്ന വിഷയത്തിൽ ശനിയാഴ്ച അഹമ്മദാബാദിൽ അഭിഭാഷകർക്കായി സംഘടിപ്പിച്ച ശിൽപപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി ജഡ്ജിയെന്ന നിലയിലല്ല വ്യക്തിപരമായാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ബ്യൂറോക്രസി, സായുധ സേന എന്നിവയെ വിമർശിച്ചാൽ രാജ്യദ്രോഹമെന്നു വിശേഷിപ്പിക്കാനാവില്ല. ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ എതിർക്കുകയാണെങ്കിൽ ജനാധിപത്യ രാഷ്ട്രത്തിനു പകരം പൊലീസ് രാഷ്ട്രമായി മാറും– ജസ്റ്റിസ് ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ വശമെന്നു പറയുന്നതു ജനങ്ങൾക്കു സർക്കാരിനെ ഭയക്കേണ്ട കാര്യമില്ലെന്നുള്ളതാണ്. അധികാരത്തിൽ ഇരിക്കുന്നവരോട് അഭിപ്രായം ഭയമില്ലാതെ പ്രകടിപ്പിക്കാൻ ജനത്തിനു കഴിയണം. ജനശബ്ദം അടിച്ചമർത്താൻ രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കുന്നതു സ്വാതന്ത്ര്യസമരസേനാനികള്‍ നമുക്കു നേടിത്തന്ന അടിസ്ഥാനതത്വത്തിന് എതിരാണ്. തന്നെ സംബന്ധിച്ചിടത്തോളം, ഏറ്റവും പ്രധാനപ്പെട്ട അവകാശം വിയോജിപ്പിനുള്ള അവകാശമാണ്.

വിയോജിക്കാനുള്ള അവകാശം പൗരൻമാർ എന്ന നിലയിൽ എല്ലാവർക്കുമുണ്ട്. സമൂഹത്തിനു സ്വീകാര്യമായ പെരുമാറ്റച്ചട്ടങ്ങളോടു വിയോജിക്കുമ്പോഴാണു പുതിയ ചിന്തകർ ഉദയം ചെയ്യുന്നത്. എല്ലാവരും നടക്കുന്ന വഴിയാണു നാം പിന്തുടരുന്നതെങ്കിൽ പുതിയ പാതകൾ സൃഷ്ടിക്കപ്പെടില്ല. ജുഡീഷ്യറി പോലും വിമർശനത്തിന് അതീതമല്ലെന്നും സ്വന്തം പ്രവർത്തനങ്ങളെ കുറിച്ച് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Criticism of government not sedition, majoritarianism cannot be the law says Justice Deepak Gupta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com