ADVERTISEMENT

കൊച്ചി∙ ‘നാലു ദിവസമായി ഇവിടെ പല താമസക്കാരും ഭക്ഷണമുണ്ടാക്കിയിട്ട്, ഞങ്ങളെല്ലാം എവിടെ പോകാനാണ് പറയുന്നത്, പൊളിക്കാൻ വന്നാലും ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങില്ല’ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റിലെ താമസക്കാരി ലത പറയുന്നു. ഈ മാസം 20 നകം ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു ശേഷം പല വീടുകളും മരണവീടു പോലെ നിശബ്ദമാണ്.

‘ഒരു കുടുംബം പോലെയാണ് ഇവിടെ 90 കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. എല്ലാ വർഷവും ഞങ്ങൾക്ക് ഓണാഘോഷമുണ്ട്, എല്ലാ ആഘോഷങ്ങളുമുണ്ട്. ഇത്തവണ എങ്ങും ആർക്കും ഒരു ആഘോഷവുമില്ല’. – അവർ പറയുന്നു.

‘എല്ലാം ഞങ്ങൾക്കറിയാം, താങ്കൾ നിസഹായനാണെന്നും, എന്നാലും ‍ഞങ്ങളെ സഹായിക്കണം.’ – ചീഫ് സെക്രട്ടറി ആദ്യം സന്ദർശിച്ച കായലോരം അപാർട്മെന്റിൽ നിന്ന് ഒരു വൃദ്ധന്റെ കണ്ണീർ സ്വരം ഇങ്ങനെ. ‘പ്രായമായ ഞങ്ങളുടെ മാതാപിതാക്കളുമായി എവിടെ പോകണമെന്നാണ്. എവിടെയും പോകില്ല. ആത്മഹത്യയാണ് അവസാന ആശ്രയം’ എന്നു കടുപ്പിച്ചു പറയുന്ന ആൻസി ഹോളി ഫെയ്ത്തിലെ താമസക്കാരിയാണ്. ‘ഞങ്ങളുടെ വീട് പൊളിക്കില്ലെന്നു തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഞങ്ങളുടെ ആവശ്യം അതാണ്. ഞങ്ങൾക്കു കയറിക്കിടക്കാൻ വീടില്ല. ഞങ്ങൾ അധ്വാനിച്ചുണ്ടാക്കിയ വീട്ടിൽ പത്തുവർഷമായി താമസിക്കുന്നവരാണ്. ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയ്ക്ക് ഞങ്ങളെന്തിന് അനുഭവിക്കണം’ എന്നു മറ്റു ചിലർ ചോദിക്കുന്നു. 

ഫ്ലാറ്റ് പൊളിച്ച് റിപ്പോർട്ട് നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് സുപ്രീം കോടതി നിർദേശിച്ചതോടെയാണ് തിങ്കളാഴ്ച ചീഫ് സെക്രട്ടറി ടോം ജോസ് മരടിലെ അഞ്ചു ഫ്ലാറ്റുകൾ സന്ദർശിക്കാൻ എത്തിയത്. ഹോളി ഫെയ്ത്ത് ഫ്ലാറ്റിലെ താമസക്കാരിൽ കുറെ പേർ പ്ലക്കാർഡുമായി അണിനിരന്നു. ചീഫ് സെക്രട്ടറിയോട് എന്തെങ്കിലും സംസാരിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടുന്ന സംഘം. എന്നാൽ ഫ്ലാറ്റിൽ എത്തി ഉടൻ തന്നെ അവരെ കേൾക്കാൻ നിൽക്കാതെ മടങ്ങാൻ ഒരുങ്ങിയ ചീഫ് സെക്രട്ടറിക്കു മുന്നിൽ ‘ഗോബാക്’ പ്രതിഷേധവും ‘ഞങ്ങളെ കേട്ടിട്ടു പോകൂ’ എന്ന കണ്ണീരിന്റെ സ്വരവുമാണ് ഉയർന്നത്. ഒടുവിൽ ഗേറ്റിൽ നിന്നു ചീഫ് സെക്രട്ടറിയെ പുറത്തു കടത്താൻ പൊലീസും ഒപ്പമുള്ള ഉദ്യോഗസ്ഥരും ഏറെ പാടുപെട്ടു.

flat-owners

സുപ്രീം കോടതി പൊളിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട അഞ്ചു ഫ്ലാറ്റുകളും ചീഫ് സെക്രട്ടറി സന്ദർശിച്ചു. ഹോളി ഫെയ്ത്തിലൊഴികെ മറ്റെങ്ങും പ്രതിഷേധം ഉയർന്നില്ല. മറ്റിടങ്ങളിൽ കണ്ണീരും കൈകൂപ്പിയും അപേക്ഷിക്കലുകൾ മാത്രമായിരുന്നു. ‘സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്’ എന്നു മാത്രം ഒരു തവണ അദ്ദേഹം പറഞ്ഞു. മരട് നഗരസഭാ ഉദ്യോഗസ്ഥരോടു കൂടി സംസാരിച്ച ശേഷം എന്തു ചെയ്യുമെന്നു വ്യക്തമാക്കുമെന്ന നിലപാടിലാണ് അദ്ദേഹം. 

protest-maradu-collector
കൊച്ചി മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നെത്തിയ കേരള ചീഫ് സെക്രട്ടറി ടോം ജോസ്, കായലോരത്തോടു ചേര്‍ന്നുള്ള ഭാഗം സന്ദര്‍ശിക്കുന്നു. ജില്ലാ കലക്ടര്‍ എസ്. സുഹാസ് സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

ഫ്ലാറ്റുകൾ നഗരസഭയ്ക്ക് പൊളിച്ചു നീക്കാനാവില്ലെന്ന് മരട് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നാദിറ പറഞ്ഞു. വിഷയം കൗൺസിൽ ചേർന്ന് ചർച്ച ചെയ്യും. താമസക്കാരെ ഒഴിപ്പിക്കുന്നതിനു എന്തു ചെയ്യുമെന്ന് കലക്ടറുമായി ചർച്ച ചെയ്തിരുന്നു. സർക്കാർ ഒപ്പം നിന്നാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ എന്നും അവർ പറഞ്ഞു. എന്നാൽ ഫ്ലാറ്റ് പൊളിക്കുന്നതിനെക്കുറിച്ചും എപ്രകാരമായിരിക്കും എന്ന കാര്യങ്ങൾ നഗരസഭയോടു ചോദിക്കണമെന്ന് കലക്ടർ എസ്. സുഹാസ് പ്രതികരിച്ചു. ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്തശേഷം നടപടികളുമായി മുന്നോട്ടു പോകും. പുനരധിവാസത്തിനു വേണ്ടതു ചെയ്യുമെന്നും കലക്ടർ വ്യക്തമാക്കി. 

തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച കൊച്ചി മരടിലെ 350 ഫ്ലാറ്റുകൾ ഈ മാസം 20നകം പൊളിച്ചുമാറ്റി റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ അന്ത്യശാസനം. നടപടിയുണ്ടായില്ലെങ്കിൽ 23ന് ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. കോടതിയലക്ഷ്യ നടപടിയുണ്ടാകാമെന്ന മുന്നറിയിപ്പിനു മുന്നിൽ സർക്കാരും നിസഹായ അവസ്ഥയിലാണ്. നെട്ടൂർ ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളാണു പൊളിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com