ADVERTISEMENT

കൊച്ചി ∙ തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി നിർദേശിച്ച മരടിലെ ഫ്ലാറ്റുകളിൽ സങ്കീർണ സാഹചര്യം. അഞ്ചു ദിവസത്തിനകം സാധനങ്ങള്‍ നീക്കി ഒഴിഞ്ഞുപോയില്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരുമെന്ന് ഉടമകൾക്ക് നഗരസഭ നോട്ടിസ് നൽകി. എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ആയിരത്തിലധികം മനുഷ്യർ.

1994ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ടും നിലവിൽ ബാധകമായ മറ്റു നിയമങ്ങൾ പ്രകാരവും ഇനി ഒരു അറിയിപ്പു കൂടാതെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അതിന് ചെലവാകുന്ന തുക പ്രോസിക്യൂഷൻ നേരിടേണ്ടി വരുന്ന വ്യക്തിയിൽനിന്ന് ഈടാക്കുമെന്നും നഗരസഭയുടെ നോട്ടിസിൽ പറയുന്നു.  

മൂന്നു ഫ്ലാറ്റുകളിൽ അധികൃതരെ അകത്തേക്കു കടത്താതെ ഉടമകൾ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ചു. ജെയ്ന്‍, ഹോളിഫെയ്ത്, ആൽഫ വെഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകളുടെ മതിലുകളിലാണു നഗരസഭ നോട്ടിസ് പതിച്ചത്. ഗോൾഡൽ കായലോരം ഫ്ലാറ്റ് ഉടമകൾ നോട്ടിസ് കൈപ്പറ്റിയെന്ന് സഗരസഭാ സെക്രട്ടറി അറിയിച്ചു. 

ഫ്ലാറ്റ് ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് പ്രമേയങ്ങള്‍ നഗരസഭാ കൗണ്‍സിൽ യോഗത്തിൽ അവതരിപ്പിച്ചു. ഇവ സര്‍ക്കാരിന് അയച്ചുകൊടുക്കും. 5 അപ്പാർട്മെന്റ് സമുച്ചയത്തിലെ 350 ഫ്ലാറ്റിൽ 1200 പേർ താമസിക്കുന്നുണ്ടെന്നാണു നഗരസഭയുടെ കണക്ക്. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കാന്‍ നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചു. 

ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ നാലു ഫ്ളാറ്റ് ഉടമകള്‍ സംയുക്തമായി നല്‍കിയ ഹര്‍ജി ഇതുവരെ സുപ്രീംകോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യരുതെന്നു ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവനുസരിച്ച് അഞ്ച് ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ നഗരസഭ കണക്കാക്കുന്ന ചെലവ് 30 കോടി രൂപയാണ്. ടെൻഡർ വിളിച്ചാണു കരാർ നൽകേണ്ടത്. ഉത്തരവ് 20 മുൻപു നടപ്പാക്കണമെന്നാണു സുപ്രീം കോടതി അന്ത്യശാസനം. ഫ്ലാറ്റുകൾ ഒറ്റയ്ക്കു പൊളിച്ചുമാറ്റാൻ സാമ്പത്തിക ശേഷിയില്ലെന്നാണു നഗരസഭയുടെ നിലപാട്. ഇതു നഗരസഭയുടെ ബാധ്യതയാണെന്നാണു സർക്കാർ വാദം.

ഇത്രയും വലിയ കോൺക്രീറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ വൻ സാങ്കേതിക സംവിധാനം വേണ്ടി വരും. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന പ്രശ്നവുമുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും വിഷയമാണ്. ചെന്നൈ ഐഐടിയിലെ വിദഗ്ധർ പരിസ്ഥിതി ആഘാത പഠനം നടത്തിയെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com