ADVERTISEMENT

തിരുവനന്തപുരം ∙ മലയാളത്തില്‍ പരീക്ഷ നടത്താത്തതില്‍ പിഎസ്‌സിക്കെതിരെ പ്രതിഷേധവുമായി മലയാള സാഹിത്യ–സാംസ്കാരിക നായകര്‍. പിഎസ്‌സി പിരിച്ചുവിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണനും പെറ്റമ്മയെ അറിയാത്ത പിഎസ്‌സിയെ വേണ്ടെന്ന് സുഗതകുമാരിയും തിരുവോണനാളില്‍ നടന്ന ഉപവാസസമരത്തില്‍ പങ്കെടുത്ത് പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് തിരുവോണനാളില്‍ മലയാളഭാഷക്കായി സാഹിത്യ നായകർ ഒത്തുചേർന്നത്. ആരോഗ്യപ്രശ്നങ്ങള്‍ മറന്ന് കവയിത്രി സുഗതകുമാരി എത്തിയതോടെ സമരാവേശം ഇരട്ടിയായി. സംസാരിക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ച് ഉമ്മന്‍ചാണ്ടിയും മലയാളത്തിനായി ശബ്ദമുയര്‍ത്തി. തിരുവോണനാളിൽ കേരളത്തിന്റെ സാംസ്കാരിക നായകർ ഉപവാസം അനുഷ്ഠിക്കുന്നത് നിസ്സാരമായി കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെഎഎസ് ഉൾപ്പടെ പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും മറ്റു ന്യൂനപക്ഷ ഭാഷകളിലും നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ പിഎസ്‌സി ആസ്ഥാനത്തിനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു ഐക്യദാർഡ്യവുമായിട്ടാണ് ഉപവാസം. കവി വി.മധുസൂദനന്‍നായര്‍, ജോര്‍ജ് ഓണക്കൂര്‍, മധുപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ തലസ്ഥാനത്ത്  നടന്ന സമരത്തില്‍ അണിനിരന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി പിഎസ്‌സിയുമായി നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

എം.ടി.വാസുദേവൻ നായർ കോഴിക്കോട് ബസ് സ്റ്റാൻഡു പരിസരത്തും കുരീപ്പുഴ ശ്രീകുമാർ കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫിസിനു മുന്നിലും ബാലചന്ദ്രൻ ചുള്ളിക്കാട് എറണാകുളം അങ്കമാലി പഴയ മുനിസിപ്പൽ ഓഫിസ് പരിസരത്തും സി.കെ. ശശീന്ദ്രൻ എംഎൽഎ വയനാട് കൽപറ്റ ബസ്റ്റാൻഡിലും ഉപവാസമിരുന്നു. സംസ്ഥാനത്തു 17 കേന്ദ്രങ്ങൾക്കു പുറമേ മുംബൈയിലും തിരുവോണ ദിവസം സമരം നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com