sections
MORE

ഫ്ലാറ്റുകൾ പൊളിക്കാൻ നടപടി തുടരുന്നു; തിരുവോണ ദിനത്തിൽ ഫ്ലാറ്റുടമകളുടെ നിരാഹാരം

marad-hunger-strike
ഫ്ലാറ്റ് ഉടമകളുടെ നിരാഹാര സമരം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
SHARE

കൊച്ചി ∙ തീരദേശ പരിപാലന നിയമം ലംഘിച്ചതിന് മരടിലെ അ‍ഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടിയുമായി നഗരസഭ മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ച് ഫ്ലാറ്റ് ഉടമകള്‍ നിരാഹാരമാരംഭിച്ചു. നഗരസഭാ കാര്യാലയത്തിന് മുന്നിലാണ് തിരുവോണ ദിനം ഫ്ലാറ്റ് ഉടമകളുടെ നിരാഹാരസമരം. എറണാകുളം എംപി ഹൈബി ഈഡൻ സമരം ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റുകൾ പൊളിക്കുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ ഉടമകൾ തിരുത്തൽ ഹർജി നൽകി. ഗോൾഡൺ കായലോരം റസിഡൻസ് അസോസിയേഷനാണ് ഹർജി നൽകിയത്. നിയമലംഘനം പഠിച്ച സമിതി സുപ്രീംകോടതി നിർദേശപ്രകാരമല്ല പ്രവർത്തിച്ചതെന്ന വാദം ഉന്നയിച്ചാണ് തിരുത്തൽ ഹർജി നൽകിയത്.

അഞ്ച് ദിവസമാണ് ഫ്ലാറ്റ് വിട്ടൊഴിയാന്‍ ഉടമകള്‍ക്ക് നഗരസഭ അനുവദിച്ചിരിക്കുന്ന സമയം. തീരദേശനിയമം ലംഘിച്ച് പണിത ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി സ്വരം കടുപ്പിച്ചതോടെയാണ് നഗരസഭ കഴിഞ്ഞ രണ്ട് ദിവസമായി നടപടികള്‍ വേഗത്തിലാക്കിയത്. ചൊവ്വാഴ്ച ഫ്ലാറ്റുകളില്‍ എത്തിയ നഗരസഭാ ഉദ്യോഗസ്ഥര്‍ അഞ്ച് ദിവസത്തിനകം എല്ലാവരും ഒഴിയണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കാണിച്ച് നോട്ടിസ് പതിപ്പിച്ചിരുന്നു.

1994ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ടും നിലവിൽ ബാധകമായ മറ്റു നിയമങ്ങളും പ്രകാരം ഇനി ഒരു അറിയിപ്പു കൂടാതെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അതിനു ചെലവാകുന്ന തുക പ്രോസിക്യൂഷൻ നേരിടേണ്ടു വരുന്ന വ്യക്തിയിൽനിന്ന് ഈടാക്കുമെന്നും നഗരസഭയുടെ നോട്ടിസിൽ പറയുന്നു.

ഫ്ലാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുമ്പോഴും എലൂരിലുള്ള ഫാക്ടിന്റെ അതിഥിമന്ദിരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ നഗരസഭ ശ്രമിക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ലാറ്റുകൾ പൊളിക്കാൻ താല്‍പര്യപത്രം ക്ഷണിച്ചിരിക്കുകയാണ് നഗരസഭ. ഈ മാസം പതിനെട്ടിനാണ് നഗരസഭ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകേണ്ടത്. ഇരുപതിനാണ് ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. 23ന് ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യംകൂടി ഉള്ളതിനാല്‍ അതീവ ഗൗരവത്തോടെയാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.

∙ പ്രതിഷേധം ശക്തം

ആദ്യം നോട്ടിസ് നൽകാൻ ചെന്ന നെട്ടൂർ കേട്ടേഴത്ത് കടവ് ‘ജെയ്ൻ കോറൽ കോ’വിലും കുണ്ടന്നൂർ ‘ഹോളി റെയ്ത്ത് എച്ച്ടുഒ’വിലും അധികൃതരെ അകത്തേക്കു കടത്താതെ ഉടമകൾ ഗേറ്റ് പൂട്ടിയിട്ടു പ്രതിഷേധിച്ചു. നെട്ടൂർ ആൽഫാ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിൽ അകത്തു കടത്തിയെങ്കിലും ഉടമകൾ നോട്ടിസ് കൈപ്പറ്റാതിരുന്നതിനെ തുടർന്ന് ചുവരിൽ പതിപ്പിച്ചു. കണ്ണാടിക്കാട് ഗോൾഡൺ കായലോരത്തിലെ താമസക്കാർ മാത്രമാണ് തീരുമാനത്തിൽ വിയോജനക്കുറിപ്പു രേഖപ്പെടുത്തി നോട്ടിസ് നേരിട്ടു കൈപ്പറ്റിയത്.

പൊലീസ് ഇടപെട്ടതോടെ ജെയ്ൻ കോറൽ കോവിലെ താമസക്കാർ അധികൃതരെ അകത്തു കടത്തിയെങ്കിലും നോട്ടിസ് കൈപ്പറ്റാൻ തയാറായില്ല. സ്ത്രീകളടക്കം ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും അധികൃതർ ചുവരിൽ നോട്ടിസ് പതിച്ചു മടങ്ങി. ഹോളി ഫെയ്ത്തിൽ ഗേറ്റ് താഴിട്ടു പൂട്ടി. ഇവിടെയും ഏറെനേരം കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഗേറ്റ് തുറക്കാനോ നോട്ടിസ് കൈപ്പറ്റാനോ തയാറാകാതിരുന്ന സാഹചര്യത്തിൽ, നോട്ടിസ് ചുവരിൽ പതിച്ചതോടെയാണ് ഏഴു മണിക്കൂർ നീണ്ട നടപടികൾക്ക് അവസാനമായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA