ADVERTISEMENT

ജറുസലം∙ അടുത്തയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ ഇസ്രയേലിനോടു ചേർക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വാഗ്ദാനം. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും മുന്നണി സർക്കാർ രൂപീകരിക്കാൻ സാധിക്കുകയും ചെയ്താൽ, ജോർദാൻ താഴ്‌വരയും വടക്കൻ ചാവുകടലും ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇസ്രയേലിനൊടു ചേർക്കുമെന്നാണ് പ്രഖ്യാപനം. മധ്യപൂർവ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതികളോടു ചേർന്ന് ഇത് സാധിക്കുമെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ നെതന്യാഹു വ്യക്തമാക്കി.

ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ജോർദാൻ താഴ്‌വാരം അതിനിർണായകമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇക്കാര്യം ബോധ്യപ്പെടുത്താൻ യുഎസിൽനിന്നുള്ള നേതാക്കളെ ഇസ്രയേൽ ജോർദാൻ താഴ്‌വരയിൽ എത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കാൻ മാത്രമേ ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് സാധിക്കൂവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും പലസ്തീനും പ്രതികരിച്ചു. ഏകപക്ഷീയമായ ഇത്തരം നീക്കങ്ങൾ സമാധാന നീക്കങ്ങൾക്ക് സഹായകമല്ലെന്ന് ഗുട്ടറസ് വ്യക്തമാക്കി.

സെപ്റ്റംബർ 17നാണ് ഇസ്രയേലില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പ്രഖ്യാപനത്തിലൂടെ തിരഞ്ഞെടുപ്പില്‍ ജയം നേടാമെന്ന കണക്കുകൂട്ടിലാണ് നെതന്യാഹു. ബ്ലൂ ആൻഡ് വൈറ്റ് പാര്‍ട്ടിയാണ് നെതന്യാഹുവിന്റെ മുഖ്യ എതിരാളികള്‍.

English Summary: Benjamin Netanyahu says Israel will annex parts of West Bank if he's re-elected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com