ADVERTISEMENT

ജനീവ ∙ കശ്മീര്‍ വിഷയത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍. ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് യുഎന്‍ നിലപാടെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥതയ്ക്ക് ഇല്ല. ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത പരിഗണിക്കുമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് വ്യക്തമാക്കി.

ജി–7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീർ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സെക്രട്ടറി ജനറൽ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടതെന്നും സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു. അടിയന്തരമായി കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളിക്കൊണ്ടാണ് യുഎന്നിന്റെ മറുപടി.

ഇതു രണ്ടാം തവണയാണ് കശ്മീർ വിഷയത്തിൽ തന്റെ നിലപാട് അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കുന്നത്. കശ്മീർ പ്രശ്നം അന്താരാഷ്ട്രവിഷയമായി ഉയർത്തി കാട്ടാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് തിരിച്ചടിയാണ് യുഎന്‍ നിലപാട്. ജമ്മു കശ്മീരിലെ നടപടികൾ ആഭ്യന്തര കാര്യമാണെന്നും അതിൽ മറ്റുള്ളവരുടെ ഇടപെടൽ സ്വീകാര്യമല്ലെന്നും യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കഴിഞ്ഞ ദിവസം ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നാണ് ഇന്ത്യയ്ക്കെതിരെ കെട്ടിച്ചമച്ച കഥകൾ വരുന്നതെന്നും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തെ അവർ ബദൽ നയതന്ത്രമാക്കി മാറ്റിയെന്നും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) വിജയ് ഠാക്കൂർ സിങ് വ്യക്തമാക്കി.

കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും ആളുകള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി കൗൺസിലിൽ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു ഇന്ത്യയുടെ പ്രസ്താവന. കശ്മീർ വിഷയത്തില്‍ യുഎന്‍ അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നും പാക്കിസ്ഥാൻ മനുഷ്യാവകാശ കൗൺസിലിൽ ഉന്നയിച്ചിരുന്നു. ഇതിനു തിരിച്ചടിയായിട്ടാണ് അപ്പോൾ യുഎൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com