ADVERTISEMENT

ന്യൂഡൽഹി∙ മുൻ ബിജെപി നേതാവും എംഎൽഎയുമായ കുൽദീപ് സിങ് സെൻഗർ പ്രതിയായ ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി പ്രത്യേക കോടതി ജഡ്ജി നേരിട്ടെത്തി രേഖപ്പെടുത്തി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചാണ് പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ മൊഴി രേഖപ്പെടുത്തിയത്. ഇതിനായി ആശുപത്രിയിൽ താൽക്കാലിക കോടതിമുറി സജ്ജീകരിച്ചിരുന്നു. മൊഴി രേഖപ്പെടുത്തുന്നതിനായി സെൻഗറിനേയും ആശുപത്രിയിലെത്തിച്ചിരുന്നു.

എയിംസിൽ സജ്ജീകരിച്ച താൽക്കാലിക കോടതിമുറിയിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. ആശുപത്രിയിലെത്തി വാദം കേൾക്കണമെന്ന പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യത്തിന് ‍ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വിചാരണ എയിംസിലേക്കു മാറ്റിയത്.

ജൂലൈയിൽ സ്വദേശമായ ഉത്തർപ്രദേശിലെ ഉന്നാവിൽ നിന്നും റായ്ബറേലിയിലേക്ക് സഞ്ചരിക്കവെ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പെൺകുട്ടിക്കു ഗുരുതരമായി പരുക്കേറ്റത്. കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് എയിംസിൽ പ്രത്യേക കോടതി തയാറാക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പെൺകുട്ടിയെ വധിക്കാൻ സെൻഗർ ആസൂത്രണം ചെയ്തതാണ് കാർ അപകടമെന്നാണ് ആരോപണം. കാർ അപകടത്തെക്കുറിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്. ഉന്നാവുമായി ബന്ധപ്പെട്ട അഞ്ചു കേസുകൾ ഡൽഹിലേയ്ക്ക് മാറ്റാനും പ്രത്യേക ജഡ്ജിയെ നിയമിക്കാനും ഓഗസ്റ്റ് ഒന്നിനാണ് സുപ്രീം കോടതി നിർദേശിച്ചത്. 45 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തായാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com