ADVERTISEMENT

ബെംഗളൂരു/ ന്യൂഡൽഹി ∙കള്ളപ്പണക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. സിംഗപ്പൂരിലെ ബെനാമി പണമിടപാടുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിന് ഹാജരാകാൻ ചൊവ്വാഴ്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് നൽകിയത്‌. ഡല്‍ഹി ഖാൻ മാർക്കറ്റിലെ എൻഫോഴ്സ്മെൻറ് ആസ്ഥാനത്താണു ചോദ്യം ചെയ്യൽ.

2017-ല്‍ ഐശ്വര്യക്കൊപ്പം നടത്തിയ സിംഗപ്പുര്‍ യാത്ര സംബന്ധിച്ച് ശിവകുമാര്‍ നല്‍കിയ രേഖകളെക്കുറിച്ച് ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചറിയും. ശിവകുമാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ട്രസ്റ്റിയാണ് ഇരുപത്തിരണ്ടുകാരിയായ ഐശ്വര്യ. നിരവധി എന്‍ജിനീയറിങ് കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐശ്വര്യയാണ് ഈ ട്രസ്റ്റിന്റെ പ്രധാന മേല്‍നോട്ടം വഹിക്കുന്നത്.

സമൻസിനു പിന്നാലെ, ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ് എംപി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ശിവകുമാറിന്റെ പണമിടപാടുകൾ പരിശോധിക്കവെ ഐശ്വര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്കു ലഭിച്ചിരുന്നു. ഇതാണ് അന്വേഷണം മകളിലേക്കും എത്തിച്ചത്. കേസിൽ എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ് നിലവിൽ ശിവകുമാർ.

അതിനിടെ, ശിവകുമാറിനെ കാണാൻ ബന്ധുക്കൾക്കും അഭിഭാഷകർക്കും കൂടുതൽ സമയം നൽകണമെന്ന ആവശ്യം ഡൽഹി പ്രത്യേക കോടതി തള്ളിയിരുന്നു. പ്രതിദിനം അനുവദിക്കുന്ന 30 മിനിറ്റ്, ഒരു മണിക്കൂറാക്കണമെന്നായിരുന്നു ആവശ്യം. 13 വരെയാണ് എൻഫോഴ്സ്മെന്റ് കസ്റ്റഡി. അന്നു വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കും. ശിവകുമാറിന്റെ ഡൽഹിയിലെ ഫ്ലാറ്റിൽ നിന്നുൾപ്പെടെ 8.69 കോടി രൂപ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com