sections
MORE

‘പൊളിക്കുന്നത് ജീവിതങ്ങൾ; സർക്കാരിന് ഉത്തരവാദിത്തം, നഷ്ടപരിഹാരം നൽകണം’

SHARE

കൊച്ചി ∙ സുപ്രീംകോടതി ഉത്തരവനുസരിച്ചു മരടിൽ പൊളിക്കുന്ന ഫ്ലാറ്റുകളുടെ ഉടമകൾക്കു നഷ്ടപരിഹാരം ലഭിക്കുമെന്നതിൽ തർക്കമില്ലെന്നു റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ. ഫ്ലാറ്റിൽനിന്ന് ഇറങ്ങേണ്ടി വരുന്നവർക്കു നിയമപരമായ സംരക്ഷണം ലഭിക്കും. ഇവർ നിയമം ലംഘിച്ചു നിർമാണം നടത്തിയിട്ടില്ല. നിയമലംഘനം നടത്തിയതു ബിൽഡർമാരും അനുമതി നൽകിയ ഉദ്യോഗസ്ഥരും സർക്കാർ സംവിധാനങ്ങളുമാണ്. പൊളിക്കാൻ നിർദേശിക്കപ്പെട്ട ഹോളിഫെയ്ത് ഫ്ലാറ്റ് സമുച്ചയം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന നഷ്ടം ആരു നികത്തണം എന്ന് സുപ്രീംകോടതി വിധിയോടൊപ്പം പറയണമായിരുന്നു. ഫ്ലാറ്റ് ഉടമകളുടെ നഷ്ടം ആരു നികത്തും എന്നതു വിധിയിൽ പരിഗണിച്ചിരുന്നെങ്കിൽ നിയമത്തിന്റെ മറ്റു നൂലാമാലകളിൽ ചെന്നുപെടാതെ ഇവർക്കു നേരിട്ട് നഷ്ടം പരിഹരിച്ചു കിട്ടുമായിരുന്നു. സാമാന്യനീതി അനുസരിച്ചു ഫ്ലാറ്റിൽ താമസിക്കുന്നവരെ കോടതി കേൾക്കേണ്ടതായിരുന്നു. കെട്ടിടം പൊളിക്കുക എന്നാൽ ആളുകളുടെ ജീവിതമാണു പൊളിക്കുന്നത്.

പണം കൊടുത്തു വാങ്ങിയവരുടെ ജീവിതം കൂടി പൊളിച്ചു കളയുകയാണ്. ബാധിക്കുന്നവരെ കേൾക്കാതെയുള്ള ഉത്തരവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആർട്ടിക്കിൾ 142 അനുസരിച്ചു സമ്പൂർണ നീതി നടപ്പാക്കുന്നതിനു സുപ്രീം കോടതിക്ക് ഏത് വിധിയും പാസാക്കാം. വിധി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയെടുക്കാം എന്നല്ലാതെ മറ്റു പോംവഴികൾ സർക്കാരിനു മുൻപിലില്ല. സർക്കാർ ഈ വിഷയം അടിയന്തര സംഗതിയായി കാണണം.

പൊളിച്ചു നീക്കാൻ 30 കോടി രൂപ വേണ്ടിവരും, താമസക്കാർക്കു പുതിയ സ്ഥലം ഒരുക്കാൻ സമയം എടുക്കും തുടങ്ങിയ കാര്യങ്ങൾ സർക്കാരിനു പറയാമായിരുന്നു. ഏതെല്ലാം രീതിയിൽ ചെറുക്കാമെന്ന മാർഗം സർക്കാർ ആലോചിക്കണം. പല വിധികളെയും മറികടക്കാൻ സർക്കാർ എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഫ്ലാറ്റുടമകൾ കക്ഷികളായിരുന്നില്ലെന്നും കുറ്റവാളികളല്ല, നിരപരാധികളാണു ശിക്ഷിക്കപ്പെട്ടതെന്നും ജസ്റ്റിസ് കെമാൽ പാഷ കഴിഞ്ഞ ദിവസം മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ പ്രതികരിച്ചിരുന്നു. 

കൗണ്ടർ പോയിന്റിൽ ബി.കെമാൽ പാഷയുടെ വാക്കുകൾ:

‘ഇവിടെ കുറ്റവാളികളല്ല കേസിൽ ശിക്ഷിക്കപ്പെടുന്നത്, നിരപരാധികളാണ്. അവരൊന്നുമറിഞ്ഞിട്ടില്ല. ഏതാണ്ട് 350 കുടുംബങ്ങൾ വില കൊടുത്തു വാങ്ങിയ ഫ്ലാറ്റാണ് ഇത്. അവർ വന്നു കണ്ടിരുന്നു. അവരുടെ കണ്ണുനീർ കാണുക എന്നല്ലാതെ ഒന്നും ചെയ്യാനാവില്ല. അതിലെ പ്രശ്നം എന്നു പറഞ്ഞാൽ സർക്കാർ സംവിധാനം അതായതു പ്രാദേശിക ഭരണകൂടത്തിൽ നിന്നായാലും സർക്കാരിൽനിന്നായാലും കിട്ടേണ്ട അനുവാദങ്ങളെല്ലാം വാങ്ങി ഈ ബിൽഡേഴ്സ് ഫ്ലാറ്റ് നിർമിക്കുന്നു. പാവപ്പെട്ട ആളുകൾ വളരെ കഷ്ടപ്പെട്ട് അത് വാങ്ങുന്നു. അവരുടെ ജീവിതമാണത്. അതു വാങ്ങിക്കഴിഞ്ഞ ശേഷവും അവര്‍ അറിയുന്നില്ല കുഴപ്പം ഉണ്ടെന്നുള്ളത്. അപ്പോൾ ആർക്കും പരാതിയുമില്ല.

പിന്നെയാണു പ്രശ്നം ഉണ്ടാകുന്നത്. ജലസ്രോതസുകളൊക്കെ നശിക്കുന്നു, ജലാശയത്തിൽനിന്നു വേണ്ടത്ര ദൂരപരിധി പാലിച്ചിട്ടില്ല എന്നതൊക്കെ. ഇങ്ങനെയാണെങ്കിൽ എറണാകുളം മറൈൻ ഡ്രൈവിൽ എല്ലാ കെട്ടിടങ്ങളും പൊളിക്കേണ്ടതല്ലേ? അതിന് ഈ പാവങ്ങളെ  മാത്രം, ഈ 350 കുടുംബങ്ങളെ മാത്രം എന്തിനു മാർക്ക് ചെയ്തിട്ട് നടപടി എടുക്കുന്നു എന്നു മനസ്സിലാകുന്നില്ല. കോടതിയുടെ ഉത്തരവിനെ ബഹുമാനിച്ചുകൊണ്ടു തന്നെ പറയുകയാണ്, കോടതി നിയമം മാത്രമേ നോക്കുകയുള്ളൂ. കോടതി കർശനമായി നിയമം നടപ്പാക്കുകയാണ്.

സുപ്രീം കോടതിക്ക് ആർട്ടിക്കിൾ 142 അനുസരിച്ചു സമ്പൂർണനീതി നടപ്പാക്കാൻ വേണ്ടി ഏത് ഉത്തരവും കൊടുക്കാൻ അധികാരമുണ്ട്. ഫ്ലാറ്റ് ഉടമകൾ അവിടെ ചെന്നപ്പോൾ അവരുടെ കരച്ചിൽ കേൾക്കാൻ കോടതി തയാറായില്ല എന്നതു ഖേദകരമായ സംഭവമാണ്. സമ്പൂർണനീതി നടപ്പാക്കാൻ അവരുടെ ഭാഗം കേൾക്കണമായിരുന്നു. അവർ ഇതിൽ‌ കക്ഷികളല്ല. ഇപ്പോൾ കക്ഷികളായിരുന്നിട്ടു നോട്ടിസ് കിട്ടി നിങ്ങൾ ചെന്നില്ല എങ്കിൽ അത് എക്സ്പാർട്ടിയായിട്ട് പറയാം അവർ വന്നില്ല എന്ന്. ഇത് അങ്ങനെയല്ല. അവർ കേസിൽ പാർട്ടിയല്ല. അവർ അഫെക്റ്റഡ് പാർട്ടീസ് ആണ്.

അങ്ങനെയുള്ളവർ ചെല്ലുമ്പോൾ അവരുടെ ഭാഗം കേട്ടിട്ട് ആർട്ടിക്കിൾ 142 അനുച്ഛേദം അനുസരിച്ച് സമ്പൂർണനീതി നടപ്പാക്കാനുള്ള ഏത് ഉത്തരവും കൊടുക്കാൻ അധികാരമുള്ള സുപ്രീം കോടതി ഇവർക്കു വേണ്ടി പറയണമായിരുന്നു. സർക്കാർ സംവിധാനമാണ് ഇതിനെല്ലാം അംഗീകാരം കൊടുത്തത്. ഈ പാവങ്ങൾ അല്ല ഇത് നിർമിച്ചവരാണു ചെയ്തത്. കോടതി കണ്ണടച്ചു നീതി നടപ്പാക്കണം. പക്ഷെ അകക്കണ്ണ് തുറന്നിരിക്കണം. നീതിയായിരിക്കണം അവിടെ നടക്കുന്നത്. ഈ പാവങ്ങൾ എവിടെ പോകും. ഇവർക്ക് എന്തെങ്കിലും ഒരു മാർഗം ഉണ്ടാക്കി കൊടുക്കാനുള്ള ബാധ്യതയും കൂടി ജുഡീഷ്യറിക്കുണ്ട്.

അല്ലാതെ കെട്ടിടം ഇടിച്ച് നിരത്തിക്കൊള്ളൂ. ഇവർ തെരുവിൽ കിടക്കട്ടെ എന്നു പറയുന്നതല്ല നീതി. സർക്കാരിനു മാർഗനിർദേശം കൊടുക്കാം. നിങ്ങള്‍ അനുവദിച്ചാണ് ഇതെല്ലാം നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ അവർക്കു വേണ്ട നഷ്ടപരിഹാരം കൊടുക്കണം, ഫ്ലാറ്റിന്റെ വില കൊടുക്കണം, അവര്‍ക്ക് കിടപ്പാടം ഉണ്ടാക്കി കൊടുത്തിട്ട് വേണം ഇറക്കാൻ എന്നു പറയാം. ആ രീതിയിലുള്ള കാഴ്ചപ്പാട് കോടതിക്ക് എടുക്കാമായിരുന്നു. ഖേദകരമെന്നു പറയട്ടെ അത് ചെയ്തില്ല. ഇനിയും പല കാര്യങ്ങളും സർക്കാരിനു ചെയ്യാം. കുറച്ചു വൈകിപ്പിച്ചു പാവങ്ങൾക്ക് നീതി വാങ്ങിച്ചു കൊടുക്കാം. സർക്കാരിന് ഒഴിഞ്ഞു മാറാൻ പറ്റില്ല. 

തിരുത്തൽ ഹർജി നൽകിയാലും വളരെ ബുദ്ധിമുട്ടാണ്. കാരണം ഇതേ ബഞ്ചിൽ തന്നെയാണു തിരുത്തൽ ഹർജിയും വരുന്നത്. ആ റിപ്പോർട്ടിൽ പ്രകടമായ എന്തെങ്കിലും തെറ്റുകൾ വന്നുകഴിഞ്ഞാൽ മാത്രമേ അങ്ങനെയൊരു നടപടി ഉണ്ടാവുകയുള്ളൂ. അല്ലാതെ സമ്പൂർണമായിട്ടുള്ള അഴിച്ചുപണി അവിടെ റിവ്യൂ ഹർജിയിൽ വരുത്തില്ല. നിയമപ്രകാരമുള്ള ഏതെങ്കിലും കാര്യങ്ങൾ പാലിക്കപ്പെട്ടിട്ടില്ല, അല്ലെങ്കിൽ പ്രകടമായ തെറ്റുകള്‍ കടന്നുകൂടി അത് തിരുത്തുക എന്നുള്ളതാണ്. അതല്ലാതെ ആർട്ടിക്കിൾ 142 സുപ്രീംകോടതിക്ക് എപ്പോൾ വേണമെങ്കിലും എടുക്കാം. ഇനിയും എടുക്കാം.

142–ാം വകുപ്പനുസരിച്ചുള്ള അധികാരം സുപ്രീം കോടതി പ്രയോഗിച്ചിട്ട് ഈ പാവങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കണം. ഇതിന്റെ ബിൽഡേഴ്സ്, സർക്കാർ സംവിധാനം, പ്രദേശിക ഭരണകൂടം എന്നിവ ഈ പാവങ്ങളുടെ കണ്ണുനീർ ഒപ്പണം. തിരുവോണത്തിന് അവർ പട്ടിണിയായിരുന്നു. യഥാർഥ ഉത്തരവാദികൾ, യഥാർഥ പ്രതികൾ ഇപ്പോഴും കർട്ടനു പിന്നിലാണ്. അവർക്കെതിരെ യാതൊരു നടപടിയും വരുന്നില്ല. ഇതിൽ നഷ്ടം സഹിക്കുന്നതും കഷ്ടപ്പാട് സഹിക്കാൻ പോകുന്നതും ഈ പാവങ്ങളാണ്. 350 കുടുംബങ്ങൾ എവിടെ പോകും?

വീടെന്നു പറയുന്നതു ചെറ്റക്കുടിലാണെങ്കിലും കെട്ടിടം ആണെങ്കിലും സുരക്ഷിതത്വം വളരെ വലുതാണ്. ഇവരുടെ ഇത്രയും നാളത്തെ അധ്വാനഫലം കൊണ്ട് നേടിയത് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാവുകയാണ്. ഇവർക്ക് നാലു ദിവസം കൂടി മാത്രമല്ലേ അവിടെ കിടക്കാൻ പറ്റൂ. നോട്ടിസ് കൊടുത്തിരിക്കുകയല്ലേ. അതിനെതിരെ എന്തൊക്കെ സർക്കാരിനു ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യണം. കെട്ടിടം നിർമിക്കാൻ അംഗീകാരം നൽകിയവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ലോക്കല്‍ ബോഡിയും സർക്കാരും നിശ്ചയമായിട്ടും ഇവരുടെ നഷ്ടം നികത്തണം. ആ ബാധ്യതയിൽനിന്ന് ഒഴിഞ്ഞുമാറാൻ അവർക്കു പറ്റില്ല.

ഈ നീതിയാണ് ഇവിടെ നടപ്പാക്കുന്നതെങ്കിൽ മറൈൻ ഡ്രൈവിലും നടപ്പിലാക്കി കാണിക്കണം. കാരണം തീരപരിപാലന നിയമം ഒന്നും പാലിക്കാത്ത എത്രയോ നിർമാണങ്ങളാണ് ഇവിടെയുള്ളത്. ഇനി ഇങ്ങനെ പുതിയ നിർമാണങ്ങൾ ഒന്നും വരാതെ ഇത് ഇങ്ങനെ തന്നെ നിലനിർത്തി കൊണ്ടുപോകുന്ന എന്തെങ്കിലുമൊരു കാര്യം ചെയ്യുന്നതിനെ കുറിച്ച് ഗാഢമായി ആലോചിക്കണം. അധികാരം എങ്ങനെ വിനിയോഗിക്കണം എന്നത് അധികാരികൾ പഠിക്കണം. നല്ല രീതിയിൽ അത് മനസ്സിലാക്കിയിട്ടേ അധികാരം വിനിയോഗിക്കാവൂ. അതിനു പകരം ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്യുകയാണ്. ഒരുപാട് അഴിമതി ചെയ്യുന്നവർ സർവീസിലുണ്ട്. അവർ എല്ലാത്തിനും അനുമതി നല്‍കും.

ആ അനുമതിയുടെ പുറകിൽ ലക്ഷങ്ങൾ ഒക്കെയായിരിക്കും. ഇതിന്റെ ദോഷങ്ങൾ അനുഭവിക്കുന്നത് നിരപരാധികളാണ്. ഈ കെട്ടിടത്തിന്റെ ബിൽഡർ കൈ കഴുകി. അയാൾക്കു കോടികൾ ലാഭം കിട്ടി. ഫ്ലാറ്റ് ഇടിച്ചു കളയുമ്പോൾ ഉടമകൾ എന്തു ചെയ്യും? ഉദ്യോഗസ്ഥർ കാണിച്ച അലംഭാവം, അവർ കാണിച്ച നിയമലംഘനം ഇതിനൊക്കെ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല. ഈ പാവങ്ങളുടെ മുഴുവൻ നഷ്ടവും നികത്തണം. ഇവർക്കു കിടപ്പാടം കൊടുക്കേണ്ട ചുമതല സർക്കാരിനാണ്. സർക്കാരിനെതിരെ കേസ് കൊടുത്ത് നഷ്ടപരിഹാരം ഈടാക്കണം. സർക്കാരിനു കൊടുക്കാനുള്ള ബാധ്യതയുണ്ട്.

ഏത് വിധിയും അതിന്റെ കാലാവധി വലിച്ചു നീട്ടാനുള്ള ഒരുപാട് മാർഗങ്ങൾ ഉണ്ട്. വിരമിച്ച ജഡ്ജി എന്ന നിലയ്ക്കു സുപ്രീം കോടതി വിധി മറികടന്നു പറയുന്നത് ശരിയല്ല എന്നതിനാലാണ് അതിനെക്കുറിച്ച് ഒന്നും മിണ്ടാത്തത്. സർക്കാരിന്റെ തന്നെ വളരെ സീനിയറായിട്ടുള്ള അഭിഭാഷകരുമായി ആലോചിച്ച് വേണ്ടത് ചെയ്യണം. സുപ്രീംകോടതി വിധി മാനിക്കരുതെന്നു പറയില്ല.

സുപ്രീം കോടതി വിധി മാനിക്കപ്പെടുമ്പോൾ ഈ 350 കുടുംബങ്ങൾ തെരുവിലാണെന്നുള്ള ബോധം നമുക്ക് വേണം. വളരെ സങ്കടം കൊണ്ടാണു പറയുന്നത്. ഒരു കുഞ്ഞ് കഴുത്തിൽ പ്ലക്കാർഡും കെട്ടി നിൽക്കുന്നത് കണ്ടു. ‘എന്റെ വീട്ടിൽ നിന്നും എന്നെ ഇറക്കി വിടല്ലേ’ എന്ന്. കണ്ണീരോടു കൂടി മാത്രമേ കാണാൻ സാധിക്കൂ. അത് അവരുടെ കണ്ണിൽനിന്നു വരുന്ന രക്തമാണ്. അത് എല്ലാവരും കാണണം. അവർക്കു വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാവരും ചെയ്യണം’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA