ADVERTISEMENT

തിരുവനന്തപുരം ∙ ഗതാഗത നിയമലംഘകർക്കുള്ള പിഴത്തുക പകുതിയായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് നിയമലംഘനങ്ങൾക്ക് 1,000 രൂപയിൽ നിന്ന് 500 രൂപ ആയേക്കും. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ 5,000 രൂപയിൽ നിന്ന് 3,000 ആക്കും. പെർമിറ്റ് ലംഘനം, ഓവർലോഡ് എന്നിവയ്ക്കും പിഴയിൽ ഇളവു നൽകാനാണ് ആലോചന. എന്നാൽ മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് പിഴ കുറയ്ക്കില്ല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച എടുക്കും.

ഗതാഗത നിയമം ലംഘിച്ചാലുള്ള ഉയർന്ന പിഴത്തുക ഉടൻ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ബുധനാഴ്ച പറഞ്ഞിരുന്നു. മോട്ടർ വാഹന നിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിൽ നിന്നു വ്യക്തത വരുന്നതുവരെയാണ് ഉയർന്ന പിഴ ഒഴിവാക്കുന്നത്. കേന്ദ്രം പുതിയ ഉത്തരവിലൂടെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ബോധവൽക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത നിയമലംഘനത്തിനു പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതിനു പിന്നാലെയാണ് എ.കെ.ശശീന്ദ്രൻ ഇക്കാര്യം അറിയിച്ചത്. ഉയർന്ന പിഴത്തുകയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം അറിയിച്ചത്. ഇതു സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും ഗഡ്കരി പറഞ്ഞു.

അതിനിടെ, മോട്ടർ വാഹന ഭേദഗതി പ്രകാരം പുതുക്കിയ പിഴത്തുകയിൽ ഇളവു വരുത്തണമെന്ന ആവശ്യവുമായി കൂടൂതൽ സംസ്ഥാനങ്ങൾ രംഗത്തെത്തി. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ബിഹാർ, ഗോവ സംസ്ഥാനങ്ങളാണ് പിഴത്തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. റോഡുകൾ നന്നാക്കിയിട്ടെ ഉയർന്ന പിഴത്തുക ഈടാക്കുകയുള്ളുവെന്ന് ഗോവ ഗതാഗത മന്ത്രി അറിയിച്ചു. ഗുജറാത്ത് മാതൃകയിൽ പിഴയിൽ ഇളവു വരുത്തുമെന്ന് കർണാടകയും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com