ADVERTISEMENT

കൊച്ചി∙ മെട്രോ തൈക്കൂടം യാത്ര തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. പ്രതിദിന യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് മെട്രോ പുതിയ റെക്കോർഡ് കരസ്ഥമാക്കിയത്. സര്‍വീസ് തുടങ്ങിയശേഷം ഒരു ദിവസം ഇത്രയും പേര്‍ യാത്ര ചെയ്യുന്നത് ആദ്യമായാണ്. മഹാരാജാസ് – തൈക്കൂടം സര്‍വീസ് ആരംഭിച്ചശേഷം മെട്രോയില്‍ കയറിയത് 6.7 ലക്ഷം യാത്രക്കാരാണ്. പ്രതിദിന സര്‍വീസില്‍ മെട്രോ പ്രവര്‍ത്തനം ലാഭത്തിലായി.

ഇതിനു മുമ്പ് കഴിഞ്ഞ ഏഴാം തീയതിയാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. 99680 പേർ. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണ് ഇതിനു മുൻപ് ഏറ്റവും അധികം ആളുകൾ യാത്ര ചെയ്തത്. 98310 പേർ. ഈ റെക്കോർഡാണ് ഏഴാം തീയതി തകർത്തത്.

ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്ന് കെഎംആർഎൽ പ്രതീക്ഷിച്ചിരുന്നു. പത്താം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ രാത്രി 11 മണി വരെയാണ് മെട്രോ സർവീസ് നടത്തുന്നത്. സാധാരണ ഇത് രാവിലെ ആറു മുതൽ രാത്രി 10 വരെയാണ്. മഹാരാജാസ് മുതൽ തൈക്കൂടം വരെ മെട്രോ സർവീസ് നീട്ടിയ കഴിഞ്ഞ മൂന്നാം തീയതി മുതൽ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം എഴുപതിനായിരത്തിന് മുകളിലാണ്. 

കൊച്ചി നഗരത്തില്‍ ഗതാഗത തിരക്ക് രൂക്ഷമായതിനാല്‍ കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിക്കുന്നുണ്ട്. ഇതോടൊപ്പം മഹാരാജാസ് –തൈക്കൂടം റൂട്ടില്‍ സര്‍വീസ് തുടങ്ങിയതിനോടനുബന്ധിച്ച് നിശ്ചിത ദിവസത്തേക്ക് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. സെപ്റ്റംബര്‍ നാലു മുതലാണ് നഗരഹൃദയം കടന്ന് കൊച്ചി മെട്രോ വൈറ്റില തൈക്കൂടത്തേക്ക് സര്‍വീസ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഈ മാസം 18 വരെ മെട്രോ നിരക്കുകള്‍ പകുതിയായി കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ മഹാരാജാസ് വരെ സര്‍വീസ് നടത്തിയിരുന്നപ്പോള്‍ 40000 ആയിരുന്നു പ്രതിദിന യാത്രക്കാരുടെ എണ്ണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com