ADVERTISEMENT

ന്യൂഡൽഹി ∙ ‘ഊബർ, ഒല’ പരാമർശത്തിൽ ധനമന്ത്രി നിർമല സീതാരാമനെ പിന്തുണച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വാഹന മേഖലയിൽ മാന്ദ്യത്തിന് ഒരു കാരണം യുവാക്കൾ കൂടുതലായി ഓൺലൈൻ ടാക്സി സേവനങ്ങൾ ഉപയോഗിക്കുന്നതാകാമെന്ന് ഗ്ഡകരി പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ, ഉൽപന്നങ്ങളുടെ ആവശ്യകത, വിതരണം എന്നിവയിലും പ്രശ്‌നമുണ്ട്. വാഹനങ്ങളുടെ ഉൽപാദനം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ വാഹന വ്യവസായത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതി ഗതാഗത മന്ത്രാലയം തയാറാക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.

വാഹന മേഖലയിലെ മാന്ദ്യം പരിഹരിക്കാൻ േകന്ദ്ര സർക്കാർ ഒപ്പമുണ്ടാകും. രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ സുപ്രധാന സംഭാവന നൽകുന്ന വ്യവസായമാണ് ഇത്. ധന, ഗതാഗത മന്ത്രാലയങ്ങൾ ഇവർക്കായി ഒരുപാട് കാര്യങ്ങള്‍ ഗൗരവമായി ചിന്തിക്കുന്നുണ്ട്. ഈ മേഖലയിൽ പരിഷ്കാരങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ഇന്ത്യ വാഹനങ്ങളുടെ നിർമാണശാലകളുടെ കേന്ദ്രമായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

പുതിയ തലമുറയിൽപ്പെട്ടവർ ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സികളെ വ്യാപകമായി ആശ്രയിക്കുന്നതാണ് വാഹന മേഖലയിലെ മാന്ദ്യത്തിനു കാരണമെന്നു നിർമല സീതാരാമൻ പറഞ്ഞതാണ് വിവാദങ്ങൾ വഴിവച്ചത്. തവണ വ്യവവസ്ഥയിൽ പോലും വാഹനം വാങ്ങാൻ യുവാക്കൾ തയാറാകുന്നില്ല. പകരം ഓൺലൈൻ ടാക്സികളെ ആശ്രയിക്കാൻ തുടങ്ങിയതാണ് വാഹന വിപണിയിലെ മാന്ദ്യത്തിലാഴ്ത്തിയത്. മാന്ദ്യം ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിർമല പറഞ്ഞു. ഓട്ടമൊബീൽ മേഖലയിൽ ലക്ഷക്കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യമാണ് മേഖല നേരിടുന്നതെന്നാണ് ചൊവ്വാഴ്ച നിർമല സീതാരാമൻ പറഞ്ഞത്.

കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നിർമലയ്ക്കെതിരെ രംഗത്തുവന്നു. ബിജെപി ഭരണത്തിലെ കഴിവുകേടും അപക്വതയും പരിചയമില്ലായ്മയുമാണ് ധനമന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇതിൽ‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലും നിർമലയ്ക്കെതിരെ പ്രതിഷേധം പുകഞ്ഞു. യുവാക്കളെ ബഹിഷ്കരിക്കൂ (#BoycottMillennials) എന്ന ഹാഷ് ടാഗിലാണ് നിർമലക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്.

ഓൺലൈൻ ടാക്സി സേവനങ്ങളുടെ വ്യാപനമല്ല വാഹന മേഖലയിലെ മാന്ദ്യത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളും രംഗത്തെത്തി. ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും സ്വന്തമായി വാഹനം വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും അതുകൊണ്ടു തന്നെ ടാക്സി സേവനം കൊണ്ട് മാന്ദ്യം സംഭവിച്ചെന്ന് പറയാൻ സാധിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

എന്നാൽ നിർമലയുടെ ‘സിദ്ധാന്തത്തെ’ അനുകൂലിച്ചും നിരവധി പേർ‌ എത്തി. ഓൺലൈൻ ടാക്സി എന്നത് ഒരു സംസ്കാരമായി വളർന്നുവരുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ധനമന്ത്രിയുടെ അഭിപ്രായത്തെ പൂർണായി തള്ളിക്കളയാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു. കനത്ത ഗതാഗതക്കുരുക്ക്, പാർക്കിങ് സ്ഥലങ്ങളുടെ കുറവ്, നിലവാരമില്ലാത്ത റോഡുകൾ, വാഹന റജിസ്ട്രേഷനിലെ സങ്കീർണത തുടങ്ങിയവയെല്ലാം ഇപ്പോൾ വാഹനം വാങ്ങുന്നതിൽ നിന്ന് ആളുകളെ അകറ്റുന്നുണ്ടെന്നും ഇവർ വാദിക്കുന്നു.

English Summary: "Also A Reason": Nitin Gadkari Backs Finance Minister's "Ola-Uber" Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com