ADVERTISEMENT

ഇസ്‌ലാമാബാദ് ∙ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭീകരസംഘടനയായ ജമാഅത്തുദ്ദഅവയിൽ ഇമ്രാൻ ഖാൻ സർക്കാർ കോടികൾ മുടക്കിയതായി പാക്ക് മന്ത്രി. സ്വകാര്യ ചാനലിലെ ടോക് ഷോയിലായിരുന്നു ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷായുടെ ഏറ്റുപറച്ചിൽ. ജമാഅത്തുദ്ദഅവയിലെ അംഗങ്ങളെ സംഘടനയിൽ തുടരുന്നതിൽ നിന്നു നിരുത്സാഹപ്പെടുത്തുന്നതിനും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുമാണു കോടികൾ ചെലവഴിച്ചതെന്നു മന്ത്രി പറഞ്ഞു.

രാജ്യാന്തര സമിതിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഒക്ടോബറിലെ യോഗത്തിനു മുന്നോടിയായുള്ള മുഖം രക്ഷിക്കൽ നടപടിയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവനയെന്നു വിലയിരുത്തപ്പെടുന്നു. ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു എന്ന് എഫ്എടിഎഫ് ഏതാനും മാസങ്ങൾക്കു മുൻപ് താക്കീതു ചെയ്തിരുന്നു.

മസൂദ് അസ്ഹർ, ഹാഫിസ് സയീദ് തുടങ്ങിയ കൊടുംഭീകരരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകളുമായി ഭീകരർക്കുള്ള ബന്ധം മുറിച്ചു കളയാനും പാക്കിസ്ഥാൻ ഒന്നും ചെയ്തിട്ടില്ലെന്ന് എഫ്എടിഎഫ് കുറ്റപ്പെടുത്തി. പാക്കിസ്ഥാനെ‘ഗ്രേ’ ലിസ്റ്റിൽ ഉൾപ്പെടുത്തിയ എഫ്എടിഎഫ് ഒക്ടോബറിനകം നടപടികളെടുത്തില്ലെങ്കിൽ രാജ്യത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

എഫ്എടിഎഫ്

സുസ്ഥിരമായ ആഗോള സമ്പദ് വ്യവസ്ഥ ഉറപ്പാക്കാനും ഭീകരതയ്ക്കെതിരായ സാമ്പത്തിക സഹായം തടയൽ, കള്ളപ്പണം തടയൽ, സംഹാരശേഷിയുള്ള ആയുധങ്ങളില്ലാതാക്കൽ എന്നിവയ്ക്കും വേണ്ടി 1989ലാണ് എഫ്എടിഎഫ് രൂപീകരിച്ചത്. പാരിസാണ് ആസ്ഥാനം. എഫ്എടിഎഫ് ഉപരോധമേർപ്പെടുത്തുന്നത് രാജ്യങ്ങളുടെ വ്യാപാര ബന്ധങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും.

English Summary: Pakistan has spent millions on terror group Jamat-ud-Dawa, admits minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com