sections
MORE

മോദിയുടെ അടുത്തലക്ഷ്യം പാക്ക് അധിനിവേശ കശ്മീരോ?; കരുതിയിരിക്കണം ചൈനയെയും

Narendra Modi, Imran Khan
നരേന്ദ്ര മോദി, ഇമ്രാൻ ഖാൻ
SHARE

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ നരേന്ദ്ര മോദി സർക്കാർ ഇനി ലക്ഷ്യമിടുന്നതു പാക്ക് അധിനിവേശ കശ്മീരോ? അതെയെന്നു പറയുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പാക്കിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ) ഇന്ത്യയുടെ ഭാഗമാക്കുകയെന്നതാണ് അടുത്ത അജൻഡ. ഇതു ബിജെപിയുടെ മാത്രം തീരുമാനമല്ല. 1994ൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ പ്രമേയമാണിത്– ജിതേന്ദ്ര സിങ് ചൂണ്ടിക്കാട്ടുന്നു.

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്കു താൽപര്യമില്ലെന്നും പിഒകെയെ കുറിച്ചാണെങ്കിൽ നോക്കാമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പറഞ്ഞിരുന്നു. പിഒകെയ്ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം ഒരുക്കമാണെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തുറന്നടിക്കുക കൂടി ചെയ്തിരിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഊട്ടിവളര്‍ത്തുന്ന ഭീകരര്‍ക്ക് സുരക്ഷിത താവളമായി പിഒകെ മാറുന്നുവെന്നാണ് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം. 2016 സെപ്റ്റംബറില്‍ പിഒകെയിലെ ഭീകരക്യാമ്പുകള്‍ക്കു നേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി ഇന്ത്യ ഇത് ഉറപ്പിക്കുകയും ചെയ്തിരുന്നു. കശ്മീർ വിഷയത്തിൽ തൽക്കാലം ഇടപെടില്ലെന്നാണു യുഎന്നിന്റെ നിലപാട്. പാക്ക് അധിനിവേശ കശ്മീർ വീണ്ടും ചർച്ചകളിൽ നിറയ്ക്കുമ്പോൾ ഇന്ത്യയുടെ മനസ്സിലെന്താണ്? സങ്കീർണമാണു പിഒകെയുടെ ചരിത്രവും വർത്തമാനവും. ഇന്ത്യയും പാക്കിസ്ഥാനും മാത്രമല്ല, ചൈനയ്ക്കും പ്രദേശത്തു താൽപര്യങ്ങളുണ്ട്.

ചൈനീസ് ‘നുഴഞ്ഞുകയറ്റം’

കാരക്കോറം ഹൈവേയുടെ നിർമാണത്തിലൂടെയാണു മേഖലയിൽ ചൈന സ്വാധീനമുറപ്പിച്ചത്. 15,397 അടി ഉയരത്തിലെ റോഡ്, ലോകത്തിലെ ഏറ്റവും ഉയരമുള്ള റോഡുകളിലൊന്നാണ്. വ്യാപാരപാത എന്നതിനൊപ്പം ചൈനയിൽനിന്ന് വൻ ആയുധശേഖരം പാക്കിസ്ഥാനിലേക്ക് എത്തിക്കാനും ഹൈവേ ഉപയോഗിക്കുന്നു. 1978ൽ പണിതീർന്ന് 1982ൽ ഉദ്ഘാടനം ചെയ്ത റോഡ് 1986ൽ ആണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. പാക്കിസ്ഥാനിൽ 887 കിലോമീറ്ററും ചൈനയിൽ 413 കിലോമീറ്ററുമായി ആകെ 1300 കിലോമീറ്ററാണ് നീളം. 10 മീറ്ററിൽനിന്നു ഹൈവേയുടെ വീതി 30 മീറ്ററായി വർധിപ്പിക്കാൻ രണ്ടുരാജ്യങ്ങളും 2008ൽ ധാരണാപത്രം ഒപ്പിട്ടു.

2005ലെ ഭൂകമ്പം വലിയ അവസരമായി ചൈന കണ്ടു. പിന്നാലെ പുനർനിർമാണത്തിന്റെ പേരിൽ പാക്ക് അധിനിവേശ കശ്മീരിലേക്കു ചൈനയുടെ സാമ്പത്തിക നിക്ഷേപം കുമിഞ്ഞുകൂടി. 2009ൽ മാത്രം 300 ദശലക്ഷം ഡോളർ പണമാണു ചൈന ഒഴുക്കിയത്. പ്രദേശത്തു റോഡുകളും അടിസ്ഥാന സൗകര്യ വികസനവും ചൈനയുടെ കാർമികത്വത്തിലാണു നടന്നത്. ഇവിടെ അണക്കെട്ടുകൾ നിർമിക്കാനും ചൈനയുമായി പാക്കിസ്ഥാൻ കരാറുണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ വലിയ ജലവൈദ്യത പദ്ധതിയും ചൈനയുടേതായുണ്ട്.

ഏഷ്യയുടെ പ്രധാന സാമ്പത്തിക ആശ്രയം യുഎസ് ആണെന്ന അവസ്ഥ മാറ്റുകയാണു ചൈനയുടെ സ്വപ്നം. ഇതിനായുള്ള ‘സില്‍ക്ക് റൂട്ട്’ (പട്ടുപാത) പാക്കിസ്ഥാന്റെയും വികസനം ലക്ഷ്യമിടുന്നു. കാരക്കോറം ഹൈവേയിലൂടെ ഉള്ളിലേക്കിറങ്ങിച്ചെന്നാല്‍ വലിയൊരു തുറമുഖം. അവിടെ നിന്നു പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും എളുപ്പത്തിൽ എത്തിച്ചേരാന്‍ സഹായിക്കുന്ന സമുദ്രപാത. പാക്കിസ്ഥാനാണ് ‘വികസനത്തിലേക്കുള്ള ഇടനാഴി’ എന്നു ചൈന കണക്കുകൂട്ടുന്നു. സ്വന്തം വളര്‍ച്ചയ്ക്കൊപ്പം യുഎസിനെ മറികടക്കാൻ ചൈനയുടെ കൂട്ടാണു പാക്കിസ്ഥാൻ.

അധിനിവേശത്തിനെതിരെ പ്രക്ഷോഭം

പാക്ക് അധിനിവേശ കശ്മീരിനു മാത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും പ്രധാനമന്ത്രിയും നിയമസഭാ അസംബ്ലിയും സുപ്രീം കോടതിയും ഉണ്ട്. ബജറ്റ്, നികുതി തുടങ്ങിയ പ്രധാന അധികാരങ്ങളെല്ലാം കയ്യാളുന്നത് ആസാദ് കശ്മീർ കൗൺസിലാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി തലവനായ ‘ആസാദ് ജമ്മു ആൻഡ് കശ്മീർ കൗൺസിൽ’ പിരിച്ചുവിടണം എന്നാവശ്യപ്പെട്ടു നഗരങ്ങളിലുടനീളം കഴിഞ്ഞ വർഷം ശക്തമായ പ്രതിഷേധം അരങ്ങേറി. കൗൺസിൽ കയ്യാളുന്ന അധികാരങ്ങളെല്ലാം പിഒകെയിലെ തിരഞ്ഞെടുത്ത സർക്കാരിനു കൈമാറണം എന്നായിരുന്നു ആവശ്യം. പാക്കിസ്ഥാന്റെ പ്രവിശ്യയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും കൗൺസിൽ പിരിച്ചുവിടണമെന്നും അധിനിവേശ കശ്മീർ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു.

നിയന്ത്രണരേഖയോടു ചേർന്നുള്ള പാക്ക് ഭീകര ക്യാംപുകൾ ജീവിതം നരകതുല്യമാക്കിയെന്ന രോഷവുമായി പിഒകെയിലെ ജനങ്ങൾ 2016ലും പ്രതിഷേധം തീർത്തു. നീലം താഴ്‌വരയിലെ മുസാഫറാബാദ്, കോട്‌ലി, ചിനാരി, മിർപുർ, ഗിൽജിത് മേഖലകളിലെ ജനങ്ങളാണു പാക്ക് സർക്കാരിനെതിരെ തെരുവിലിറങ്ങിയത്. കോട്‌ലിയിലെ ജനങ്ങൾ പാക്ക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തി. ഇന്ത്യയ്ക്കെതിരെ ഒളിയുദ്ധത്തിനു പാക്ക് ചാരസംഘടനയായ ഐഎസ്ഐ പ്രദേശത്തെ ഉപയോഗിക്കുകയാണെന്നായിരുന്നു ജനങ്ങളുടെ പരാതി. തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയാണു നവാസ് ഷരീഫിന്റെ പാർട്ടി അധികാരത്തിൽ എത്തിയതെന്നാരോപിച്ചു മുൻപും പാക്ക് അധിനിവേശ കശ്മീരിൽ ജനങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്.

പിഒകെ പിടിക്കാൻ ഇന്ത്യ ശ്രമിക്കുമെന്നു യുഎസും കരുതി

ബംഗ്ലദേശ് മോചനത്തിനുശേഷം പിഒകെ പിടിച്ചടക്കാൻ ഇന്ത്യ ശ്രമിക്കുമെന്നു യുഎസും കരുതിയിരുന്നു. ഇതിനു ബലമേകുന്ന സിഐഎ രേഖകൾ 2017 ജനുവരിയിൽ പുറത്തുവന്നു. ഇത്തരമൊരു സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള മാർഗങ്ങളും യുഎസ് ചർച്ച ചെയ്തു. പാക്കിസ്ഥാനിലെ സൈനിക ഭരണാധികാരികളെ സംരക്ഷിക്കാനുള്ള തന്ത്രങ്ങളും പ്രസിഡന്റ് നിക്സന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന കിസിഞ്ജറുടെ നേതൃത്വത്തിൽ ആലോചിച്ചിരുന്നതായി സിഐഎ പറയുന്നു. ഇന്ത്യയുടെ നീക്കം ‘മേധാവിത്വപര’മാണെന്നാണു യുഎസ് നയതന്ത്രജ്ഞരോടു പാക്കിസ്ഥാൻ വിശദീകരിച്ചത്.

ജനങ്ങളെ അടിച്ചൊതുക്കാൻ സൈന്യം

പാക്കിസ്ഥാനിൽ നിന്നു സ്വാതന്ത്ര്യം തേടി പ്രക്ഷോഭം നടത്തുന്ന ജനങ്ങളെ സൈന്യത്തെ ഉപയോഗിച്ചാണ് അടിച്ചൊതുക്കുന്നത്. ഇങ്ങനെ ക്രൂരമായി അടിച്ചമർത്തുന്ന ദൃശ്യങ്ങൾ 2015ൽ പുറത്തായതു പാക്ക് സർക്കാരിനെ പ്രതിരോധത്തിലാക്കി. പ്രക്ഷോഭ വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തവയാണ് അവയെന്നുമായിരുന്നു വിശദീകരണം. ഇന്ത്യയുടെ പതാകയുമായി ആയിരങ്ങൾ പ്രകടനം നടത്തുന്നതിന്റെയും അവരെ സൈന്യവും പൊലീസും നേരിടുന്നതിന്റെയും ദൃശ്യങ്ങളാണു പുറത്തുവന്നത്. പാക്കിസ്ഥാന്റെ കീഴിൽ ദുരിതങ്ങളിൽ കഴിയാൻ താൽപര്യമില്ലെന്നും ഇന്ത്യയിലെ മെച്ചപ്പെട്ട സൗകര്യങ്ങൾ നിഷേധിക്കരുതെന്നും പ്രക്ഷോഭകർ പറഞ്ഞിരുന്നു.

പാക്ക് അധിനിവേശ കശ്മീരിലൂടെ ഒഴുകുന്ന നീലം നദിയിലെ ജലം വൈദ്യുതി ഉൽപാദനത്തിനുശേഷം പഞ്ചാബ് പ്രവിശ്യയിലേക്കു വഴിതിരിച്ചുവിടുന്നതിനെതിരെ മുസഫറാബാദിലെ ജനങ്ങളും പ്രക്ഷോഭപാതയിലാണ്. പതിറ്റാണ്ടുകളായി കൊള്ളയടിക്കുന്ന പാക്ക് ഭരണാധികാരികളുടെ നടപടി ജലയുദ്ധമല്ലാതെ മറ്റൊന്നുമല്ലെന്നു ജനങ്ങൾ ആരോപിക്കുന്നു. നീലം– ഝലം ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടിൽ വെള്ളം നിറച്ചുതുടങ്ങിയതോടെയാണു താഴെപ്രദേശങ്ങളിലെ ജനങ്ങൾക്കു ശുദ്ധജലക്ഷാമം നേരിട്ടത്. മുസഫറാബാദിന്റെ പ്രാണജലമാണു പഞ്ചാബ് പ്രവിശ്യയിലേക്കു തിരിച്ചുവിട്ടതെന്നതാണു പ്രക്ഷോഭത്തിന് ഇന്ധനം പകർന്നത്.

പാക്ക് പാവകളിക്കുള്ള ഭരണകൂടം

പാക്ക് അധിനിവേശ കശ്മീർ ഭരണസൗകര്യത്തിനായി രണ്ടായി തിരിച്ചിട്ടുണ്ട്: ജമ്മു കശ്മീർ, ഗിൽഗിത് - ബാൾട്ടിസ്‌ഥാൻ. ആസാദ് കശ്മീർ (സ്വതന്ത്ര കശ്മീർ) എന്നു വിളിപ്പേരുള്ള പാക്ക് അധിനിവേശ കശ്മീരിനു മൂന്നു ഡിവിഷനുകളിലായി 10 ജില്ലകളാണുള്ളത്. ആകെ വിസ്തീർണം 13,297 ചതുരശ്ര കിലോമീറ്റർ. മുസഫറാബാദ് ആണു തലസ്ഥാനം. 40 ലക്ഷത്തിലേറെയാണു ജനസംഖ്യ. ചോളം, ഗോതമ്പ്, വനവിഭവങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയാണു പ്രധാന വരുമാനമാർഗം. കൂൺ, തേൻ, ആപ്പിൾ, ചെറി, ഔഷധച്ചെടികൾ തുടങ്ങിയവ നന്നായി ഉൽപാദിപ്പിക്കുന്നു.

ആസാദ് ജമ്മു കശ്മീരിന് (എജെകെ) പ്രസിഡന്റും പ്രധാനമന്ത്രിയും നിയമസഭയുമുണ്ട്. സ്വയംഭരണമാണെന്ന് അവകാശപ്പെടുമെങ്കിലും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതു പാക്കിസ്ഥാനാണ്. പാക്കിസ്ഥാന്റെ ആക്രമണത്തെ തുടർന്നു 1947 ഒക്ടോബർ 24ന് കശ്മീർ രാജാവ് രാജാ ഹരിസിങ് ഇന്ത്യയുടെ സഹായം തേടിയതാണു പിഒകെയുടെ പിറവിക്കു തുടക്കമിട്ടത്. 27ന് ഇന്ത്യയുമായി ലയനരേഖ ഒപ്പിട്ടു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പ്രശ്നം യുഎന്നിൽ ഉന്നയിച്ചു. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട യുഎൻ രക്ഷാസമിതി, അധിനിവേശ പ്രദേശങ്ങൾ പാക്കിസ്ഥാനു നൽകി. അധിനിവേശ കശ്മീർ ഭരണകൂടം 1949 ജൂണിൽ പ്രധാന ഭരണകാര്യങ്ങൾ പാക്കിസ്ഥാനു വിട്ടുകൊടുത്തു.

1965–66ൽ ഇന്ത്യ– പാക്ക് യുദ്ധം. സോവിയറ്റ് യൂണിയന്റെ ഉത്സാഹത്തിൽ താഷ്കന്റ് ഉടമ്പടി ഒപ്പുവച്ചു. 1971ൽ ബംഗ്ലദേശ് യുദ്ധവും തുടർന്നു 72ൽ സിംല കരാറും. യഥാർഥ നിയന്ത്രണരേഖ അംഗീകരിക്കാനും പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കാനും തീരുമാനം. ഭരണഘടനാ പരിരക്ഷയോടെയാണ് ഇന്ത്യ കശ്മീരിനെ പരിചരിച്ചത്. എന്നാൽ, പാക്ക് പിന്തുണയുള്ള പാവഭരണകൂടം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കിയിരിക്കുകയാണ് പിഒകെയെ. അധിനിവേശ കശ്മീർ കടുത്ത വികസന പ്രതിസന്ധിയും നേരിടുന്നു.

പാക്ക് അധിനിവേശ കശ്‌മീരിൽ കഴിയുന്ന കശ്‌മീരി യുവാക്കൾക്കു തിരിച്ചുവരാൻ അവസരമൊരുക്കുമെന്നു 2010ൽ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല മുന്നോട്ടുവച്ച നിർദേശം വിമർശനവും കയ്യടിയും സൃഷ്ടിച്ചു. ചെറുപ്രായത്തിൽ അതിർത്തി കടന്ന യുവാക്കൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാവാമെങ്കിലും മനംമാറ്റമുണ്ടായിട്ടുണ്ട് എന്നായിരുന്നു ഒമറിന്റെ വാദം. കശ്‌മീരിൽ ജനിച്ച യുവാക്കളുടെ സേവനം നഷ്‌ടമായാൽ പാക്കിസ്‌ഥാനു സ്വന്തം പൗരന്മാരെയോ വിദേശികളെയോ തീവ്രവാദ പ്രവർത്തനങ്ങൾക്കു നിയോഗിക്കേണ്ടി വരുമെന്നായിരുന്നു ഒമറിന്റെ വാദം.

INDIA-PAKISTAN-KASHMIR-UNREST

പാക്കിസ്‌ഥാനിലുള്ള കശ്‌മീരി മുസ്‌ലിം യുവാക്കളെക്കുറിച്ചുള്ള ചർച്ച കശ്‌മീരി പണ്ഡിറ്റുമാരുടെ ആവശ്യവും സജീവമാക്കി. 1990ൽ താഴ്‍വരയിൽനിന്നു നിർബന്ധമായി കുടിയൊഴിക്കപ്പെട്ട ഇവരിൽ ഭൂരിപക്ഷവും ജമ്മുവിലും ഡൽഹിയിലും മറ്റുമായി ദയനീയ സ്‌ഥിതിയിലാണു കഴിയുന്നത്. ഇവരിൽ മിക്കവരും കശ്‌മീരിൽ തിരിച്ചെത്താൻ ഇഷ്‌ടപ്പെടുന്നവരാണ്. നഷ്‌ടപ്പെട്ട വീടുകളും സ്വത്തുക്കളും വീണ്ടെടുക്കാൻ മോഹിക്കുന്നവരാണ് ഇവരിലേറെയും.

മലക്കം മറിഞ്ഞ പാക്ക് ചരിത്രം

പാക്ക് അധിനിവേശ കശ്‌മീരിലെന്നു പൊതുവെ പറയപ്പെടുന്ന ഗിൽഗിത് - ബാൾട്ടിസ്‌ഥാൻ പ്രദേശത്തു പാക്കിസ്‌ഥാൻ യഥാർഥത്തിൽ പൂർണ പരമാധികാരം ഉറപ്പിച്ചിട്ടില്ല. ഈ പ്രദേശത്തു സ്‌ഥിതിചെയ്യുന്ന, ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ-2ന്റെ പ്രധാന ശിഖരം തങ്ങളുടെ ഭാഗത്താണെന്നു വർഷങ്ങൾക്കു മുൻപു ചൈന അവകാശപ്പെട്ടപ്പോൾ പാക്കിസ്‌ഥാൻ പ്രതിഷേധിച്ചതുമില്ല. ഗിൽഗിത് - ബാൾട്ടിസ്‌ഥാൻ പ്രദേശം (നോർത്തേൺ ഏരിയാസ്) കശ്‌മീരിന്റെ ഭാഗമായിരുന്നോ എന്നതു നിയമപരമായും നയതന്ത്രപരമായും തർക്കമേറിയ വിഷയമാണ്.

പഴയ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ഈ പ്രദേശം ബ്രിട്ടിഷുകാർ കശ്‌മീർ രാജാവിനു പാട്ടത്തിനു നൽകിയതായിരുന്നു. 1947ൽ ഇന്ത്യയും പാക്കിസ്‌ഥാനും സ്വതന്ത്രമായപ്പോൾ പ്രദേശം കശ്‌മീരിന്റെ ഭാഗമാണെന്നു പാക്കിസ്‌ഥാൻ വാദിച്ചു. ഇവിടേക്കാണ് ആദ്യത്തെ നുഴഞ്ഞുകയറ്റം നടത്തിയതും. എന്നാൽ, 1947 - 48ലെ യുദ്ധം കഴിഞ്ഞു കശ്‌മീരിന്റെ മൂന്നിലൊന്നു ഭാഗം പാക്കിസ്‌ഥാൻ അധീനപ്പെടുത്തിയപ്പോൾ നിയമപ്രശ്‌നമുണ്ടായി. ജമ്മു കശ്‌മീർ തർക്കഭൂമിയാണെന്നായിരുന്നു ഐക്യരാഷ്‌ട്ര സംഘടനയിൽ പാക്കിസ്‌ഥാന്റെ വാദം. അങ്ങനെയെങ്കിൽ ഗിൽഗിത് - ബാൾട്ടിസ്‌ഥാനും തർക്കഭൂമിയെന്ന് എതിർവാദം ഉയരുമെന്നു പാക്കിസ്‌ഥാൻ നേതൃത്വത്തിന് ആശങ്കയായി.

അതു ഭയന്ന്, ഗിൽഗിത് - ബാൾട്ടിസ്‌ഥാൻ കശ്‌മീരിന്റെ ഭാഗമല്ലെന്നു പാക്കിസ്‌ഥാനു വാദിക്കേണ്ടി വരുമെന്നായി. അപ്പോൾ മറ്റൊരു പ്രശ്‌നമുയർന്നു. കശ്‌മീരിന്റെ ഭാഗമല്ലെങ്കിൽ, ബ്രിട്ടിഷുകാർ വിഭജിച്ചു പാക്കിസ്‌ഥാനു നൽകിയ പ്രദേശങ്ങളിൽ ഗിൽഗിത് - ബാൾട്ടിസ്‌ഥാൻ ഉൾപ്പെടില്ലെന്ന് എതിർവാദം ഉയരുമെന്നായി. അതായത്, പാക്കിസ്‌ഥാനു നൽകാത്തതും കശ്‌മീരിന്റെ ഭാഗവുമല്ലെങ്കിൽ ആ പ്രദേശം ഇന്ത്യൻ യൂണിയന്റേതാകും. ഗിൽഗിത് - ബാൾട്ടിസ്‌ഥാനിലെ സ്വാതന്ത്യ്രമോഹികൾ ഈ വാദങ്ങൾ ഉയർത്തിയതു പാക്കിസ്‌ഥാനു തലവേദനയായി.

1962ലെ ഇന്ത്യ - ചൈന യുദ്ധം കഴിഞ്ഞ് ഇന്ത്യൻ ലഡാക്കിനോടു ചേർന്നുള്ള അക്‌സായ് ചിൻ ഭാഗങ്ങൾ ചൈന പിടിച്ചെടുത്തു കഴിഞ്ഞപ്പോഴാണു ചൈനയെക്കൂടി തർക്കത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചു പാക്കിസ്‌ഥാൻ അവർ പിടിച്ചെടുത്ത ജമ്മു - കശ്‌മീരിന്റെ ഒരുഭാഗം ചൈനയ്‌ക്കു കൈമാറിയത്. അതോടെ ജമ്മു കശ്‌മീർ തർക്കം പരിഹരിക്കണമെങ്കിൽ ചൈനയുടെ കൂടി സഹകരണം വേണ്ടിവരും എന്ന നിലയായി. ഈ പ്രദേശത്തുകൂടിയാണു ചൈന കാരക്കോറം ഹൈവേ നിർമിച്ചത്. അതോടെ, ചൈനീസ് പട്ടാളത്തിനു പാക്കിസ്‌ഥാനിലേക്കു സാമഗ്രികളുമായി എത്താൻ എളുപ്പമായി.

എന്നാൽ, പാക്കിസ്‌ഥാനിലെ നീതിന്യായ വേദികളിൽ ഗിൽഗിത് - ബാൾട്ടിസ്‌ഥാൻ തർക്കമായി തുടർന്നു. അധിനിവേശ കശ്‌മീരിന്റെ ഭരണകൂടത്തിന് ഈ പ്രദേശത്തിനുമേൽ അധികാരമില്ല. പ്രദേശം കശ്‌മീരിന്റെ ഭാഗമാണെന്നും അല്ലെന്നും ഒരേ പാക്ക് ഭരണകൂടം തന്നെ കോടതികളിൽ മാറ്റിപ്പറഞ്ഞിട്ടുണ്ട്. യഥാർഥത്തിൽ വിലപേശൽ തുട്ടായി പ്രദേശത്തെ ഉപയോഗിക്കുകയാണു പാക്കിസ്‌ഥാന്റെ ലക്ഷ്യം. സൈനിക തന്ത്രപരമായി വളരെ പ്രധാനപ്പെട്ട ഈ പ്രദേശത്തു ചൈനയ്‌ക്കും താൽപര്യമുണ്ട്. ഇത് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണു പാക്കിസ്‌ഥാൻ ഭരണകൂടം പ്രദേശത്തിന്റെ പരമാധികാരം വ്യക്‌തമായി നിർവചിക്കാതെ നിർത്തിയിരിക്കുന്നത്.

ചൈനയുടെ രഹസ്യ തുരങ്കങ്ങൾ

ഗിൽഗിത് - ബാൾട്ടിസ്‌ഥാൻ മേഖലയുടെ നിയന്ത്രണം പാക്കിസ്‌ഥാൻ രഹസ്യമായി ചൈനയ്‌ക്കു കൈമാറുന്നതായുള്ള വിവരം 2010ൽ പുറത്തുവന്നിരുന്നു. പതിനായിരത്തിലേറെ സൈനികരെ നിയോഗിച്ച് അതീവ രഹസ്യമായി ചൈന ഇവിടെ തുരങ്കങ്ങൾ നിർമിച്ചുവെന്നും വിവരമുണ്ട്. ഇവിടങ്ങളിലേക്കു പാക്ക് പൗരന്മാർക്കുപോലും പ്രവേശനമില്ല. ചൈന 1962ലെ യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായി ചിൻ മേഖലയോടു ചേർന്ന പ്രദേശമാണു ഗിൽഗിത് - ബാൾട്ടിസ്‌ഥാൻ. ഇതിന്റെ ഒരുഭാഗം പാക്കിസ്‌ഥാൻ ചൈനയ്‌ക്കു നൽകിയിരുന്നു. പാക്കിസ്‌ഥാനിലൂടെ ഗൾഫ് രാജ്യങ്ങളിലേക്കു വേഗമേറിയ റോഡ്, റെയിൽ മാർഗമാണു ചൈനയുടെ ലക്ഷ്യം.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആയിരക്കണക്കിനു സൈനികരാണ് ഇവിടെയുള്ളത്. ചരക്കുവാഹനങ്ങളും ഓയിൽ ടാങ്കറുകളും കിഴക്കൻ ചൈനയിൽ നിന്നു പാക്കിസ്‌ഥാനിലെ നാവിക താവളം, ബലൂചിസ്‌ഥാനിലെ പസ്‌നി, ഒർമാര എന്നിവിടങ്ങളിലേക്ക് അതിവേഗം എത്തിക്കാനുള്ള റെയിൽ, റോഡ് സംവിധാനങ്ങളായിരുന്നു പ്രഥമലക്ഷ്യം. ചൈനയിൽനിന്നു ഗൾഫ് മേഖലയുടെ തൊട്ടുകിഴക്കുള്ള ഇവിടേക്കെത്താൻ 48 മണിക്കൂർ മതി. ഗ്വാദറിലെ നാവികതാവളം ചൈനയാണു പാക്കിസ്‌ഥാനു നിർമിച്ചുനൽകിയത്.

ഇറാനിൽനിന്നു ചൈനയിലേക്കു ഗിൽഗിത് വഴി കാരക്കോറം കടന്നുള്ള വാതക പൈപ്‌ലൈൻ സ്‌ഥാപിക്കാൻ തുരങ്കം ആവശ്യമാണ്. എങ്കിലും നിർമാണത്തിലെ അതീവ രഹസ്യസ്വഭാവം മിസൈൽ സൂക്ഷിക്കുന്നതുൾപ്പെടെയുള്ള മറ്റു ലക്ഷ്യങ്ങളിലേക്കും വിരൽചൂണ്ടുന്നു. താൽക്കാലിക ടെന്റുകളിൽ താമസിച്ചു പണികൾ പൂർത്തിയാക്കി മടങ്ങുന്ന രീതിവിട്ടു വലിയൊരു പാർപ്പിടസമുച്ചയം ചൈന നിർമിക്കുന്നത് സൈന്യത്തിന്റെ സാന്നിധ്യം ഏറെക്കാലത്തേക്കുണ്ടാകുമെന്നാണു സൂചിപ്പിക്കുന്നത്.

APH2000031807899
ചൈനീസ് സേന.

താലിബാനോടുള്ള അനുഭാവത്തിനൊപ്പം ചൈനയ്‌ക്ക് ഗൾഫ് മേഖലയിലേക്കു വഴിയൊരുക്കുകയും ചെയ്യുന്നതിലൂടെ യുഎസിനെക്കാൾ പ്രിയം ചൈനയോടാണെന്നു പാക്കിസ്ഥാൻ പ്രഖ്യാപിക്കുകയാണ്. ഇത്തരത്തില്‍ ഏറെ തന്ത്രപ്രധാനമായ മേഖലയിലേക്കാണ് ഇപ്പോള്‍ മോദി സര്‍ക്കാരും കണ്ണെറിഞ്ഞിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാട്ടിയ നിശ്ചയദാര്‍ഢ്യം തന്നെ പിഒകെയുടെ കാര്യത്തിലും ഉണ്ടാകുമോ എന്നതാണു പാക്ക്, ചൈനീസ് നേതൃത്വം ആശങ്കയോടെ ഉറ്റുനോക്കുന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA