ADVERTISEMENT

ഇസ്‍ലാമബാദ്∙ കശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ എത്തിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തിനു തിരിച്ചടി. കേസ് നിലനിൽക്കില്ലെന്ന് പാക്ക് നിയമ മന്ത്രാലയ സമിതിയുടെ റിപ്പോർട്ട്. അതേസമയം കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ വിമർശനങ്ങൾ കൂടുതല്‍ ശക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. കശ്മീരിലെ പ്രതിഷേധങ്ങൾക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന സമീപനങ്ങൾ ആഗോള തലത്തിൽ കൂടുതൽ ഇസ്‍ലാം വിശ്വാസികളെ തീവ്രവാദത്തിലേക്കു നയിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

ആയിരക്കണക്കിനു ജനങ്ങളെ തടവിൽ വയ്ക്കുന്നതിലൂടെ നിങ്ങൾ കൂടുതൽ പേരെ തീവ്രവാദത്തിലേക്കു തള്ളിവിടുകയാണ്. ഇതാണ് ഇന്ത്യയോട് എനിക്കു പറയാനുള്ളത്– മുസഫറാബാദിൽ നടന്ന റാലിയിൽ ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ജനങ്ങൾ ഇന്ത്യയ്ക്കെതിരാകും. ഇന്ത്യയിലെ മുസ്‍ലീം വിഭാഗക്കാരുടെ കാര്യം മാത്രമല്ല, ലോകത്താകെ 1.25 ബില്യൻ ഇസ്‍ലാം വിശ്വാസികളുണ്ട്. അവരെല്ലാം ഇതു കണ്ടുകൊണ്ടിരിക്കുകയാണ്– പാക്കിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി.

പീഡനങ്ങൾ കൂടിവരുമ്പോൾ അപമാനകരമായ ജീവിതത്തേക്കാൾ നല്ലതു മരണമാണെന്നു കരുതി ജനം അതു തിരഞ്ഞെടുക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അതേസമയം കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ പോരായ്മ തുറന്നുസമ്മതിച്ച് പാക്ക് ആഭ്യന്തര മന്ത്രി തന്നെ രംഗത്തെത്തി. കശ്മീർ പ്രശ്നത്തിൽ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ നേടാൻ സാധിച്ചില്ലെന്നു മന്ത്രി ഇജാസ് അഹമ്മദ് ഷാ സമ്മതിച്ചു. പാക്കിസ്ഥാന്റെ ശ്രമങ്ങൾക്കിടെയും ലോകം ഇന്ത്യയെയാണു വിശ്വസിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ കർഫ്യൂ കൊണ്ടുവന്നു. അവിടെ മരുന്ന് ഇല്ല എന്നൊക്കെയാണു ഞങ്ങൾ പറയുന്നത്. പക്ഷേ ലോകം ഇതു വിശ്വസിക്കുന്നില്ല– ഒരു പാക്കിസ്ഥാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പാക്ക് മന്ത്രി ഇക്കാര്യം സമ്മതിച്ചത്. കശ്മീർ വിഷയത്തിൽ 58 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com