sections
MORE

മറവിയിൽ ആശങ്കകളില്ലാതെ; മരടിലെ ഫ്ലാറ്റില്‍ ഓർമക്കുറവിൽ വലയുന്ന മൂന്നുപേർ

maradu-flat-life–1
ഭർതൃമാതാവിനൊപ്പം ലതാ വർഗീസ്
SHARE

കൊച്ചി ∙ സുപ്രീം കോടതി പൊളിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള നെട്ടൂർ ആൽഫ സറീൻ ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിലെ 9എയിൽ ജീവിത സായാഹ്നത്തിലുള്ള 3 പേരാണ് 3 മുറികളിലായി എവിടെയാണെന്ന ഓർമപോലും ഇല്ലാതെ കഴിയുന്നത്. ലതാ വർഗീസാണ് ഇവർക്കു തുണ. 12 വർഷം മുൻപു വിടപറഞ്ഞ ഭർത്താവ് വർഗീസിന്റെ അമ്മ അശ്വതി തോമസ്(83) പക്ഷാഘാതം വന്ന് അർധബോധത്തിൽ പൂർണമായും കിടപ്പിലാണ്.

പിഞ്ചു കുഞ്ഞിനെപ്പോലെ മരുമകൾ ശ്രദ്ധിക്കുന്നതു കൊണ്ട് ആ അമ്മ ഇപ്പോഴും കൂടെയുണ്ട്. അപ്പുറത്തെ മുറിയിൽ ലതയുടെ പിതാവ് ഏബ്രഹാം 90 പിന്നിട്ടയാൾ. ഇടയ്ക്കിടെ മിന്നിമറയുന്ന ഓർമയുമായ് അമ്മ ശാന്ത (82) എന്തിനും ഏതിനും അടുത്ത മുറിയിൽ കിടന്നു വിളിക്കുന്നുണ്ട്. ഹോം നഴ്സ് ഉണ്ടെങ്കിലും 3 മുറികളിലും എപ്പൊഴും ലതയുടെ സാന്നിധ്യമുണ്ടാകണം. ഫ്ലാറ്റ് പൊളിക്കാൻ നോട്ടിസ് പതിച്ചതിനെക്കുറിച്ച് ഇതിനിടെ എങ്ങനെ ആവലാതിപ്പെടുമെന്നു പോലും അറിയാത്ത അവസ്ഥയിലാണ് ലത.

‘താമസം മാറേണ്ടി വന്നാൽ കാര്യങ്ങൾ തകിടം മറിയും. ഭർത്താവിന്റെ അമ്മ എത്രനാൾ കൂടെയുണ്ടാകുമെന്നറിയില്ല, അത്രയ്ക്ക് അവശയാണ്. ഇതിനിടെ ഫ്ലാറ്റ് മാറേണ്ടി വന്നാൽ അമ്മയ്ക്കു ജീവഹാനി പോലും ഉണ്ടായേക്കാം. ആരൊക്കെയുണ്ടെങ്കിലും അമ്മയ്ക്കു തന്റെ കൂടെ നിൽക്കാനായിരുന്നു ഇഷ്ടം. ഒന്നു വീഴാൻ പോലും ഇടകൊടുക്കാതെയാണ് ഇതുവരെയും താൻ പരിചരിക്കുന്നത്. മറവിരോഗം പിടിപെട്ട സ്വന്തം മാതാപിതാക്കളെയും ഇതിനിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ നിന്നു മാറ്റം ഒരു കാരണവശാലും സാധ്യമല്ല’ – ലത വർഗീസ് പറയുന്നു.

കോട്ടയം തൈത്തറ കുടുംത്തിലെ അംഗമാണ് ലത എന്ന എലിസബത്ത് വർഗീസ്. മരടിൽ സുപ്രീംകോടതി പൊളിക്കാൻ ആവശ്യപ്പെട്ട അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ 360 ഫ്ലാറ്റുകളിൽ ഒന്നിലെ മാത്രം സാഹചര്യമാണിത്. മാതാപിതാക്കളെ പരിചരിച്ചു കഴിയുന്നതിനിടെ താനും രോഗിയായി. ഷുഗറും പ്രഷറുമെല്ലാം വല്ലാതെ അലട്ടുന്നുണ്ടെന്ന് ലത പറയുന്നു.

ഡൽഹിയിൽ സ്വകാര്യ കമ്പനിയിൽ ജോലിയിലായിരുന്നു ലതയുടെ ഭർത്താവ് വർഗീസ് തോമസ്. ഭർത്താവിന്റെ മരണത്തോടെയാണ് എല്ലാം വിറ്റു പെറുക്കി നാട്ടിലേയ്ക്കു പോരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും മാതാപിതാക്കളുടെ സ്വസ്ഥ ജീവിതത്തിനുമാണു സുരക്ഷിതമായ ഇടം എന്ന നിലയിൽ കൊച്ചിയിൽ ഫ്ലാറ്റു വാങ്ങുന്നതിനു തീരുമാനിച്ചത്. അതു പക്ഷെ ഇത്തരത്തിൽ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. സുപ്രീംകോടതി വിധി ശരിക്കും ഷോക്കായിപ്പോയി. എന്തു ചെയ്യുമെന്ന കാര്യത്തിൽ ഒരറിവുമില്ല. എന്നിരുന്നാലും ഇനിയും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും ലത വർഗീസ് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA