ADVERTISEMENT

ആലപ്പുഴ∙ വിദേശത്തുള്ള മക്കൾ തനിച്ചാക്കിയ അമ്മയ്ക്ക് ഓണമൊരുക്കി എടത്വാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ഓണക്കോടിയും സദ്യയും നൽകിയാണ് 93 വയസ്സുള്ള ത്രേസ്യാമ്മയ്ക്കൊപ്പം പൊലീസുകാർ ഓണമാഘോഷിച്ചത്. മക്കളെയും ബന്ധുക്കളെയും വിളിച്ച് അമ്മയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് താക്കീത് നൽകി. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേരളാ പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഈ അമ്മ ഇവിടെ ഒറ്റയ്ക്കാണ്. എടത്വാ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോഴിമുക്ക് മുറിയിൽ പറപ്പള്ളിയിൽ 93 വയസ്സായ ത്രേസ്യാമ്മ ജോസഫ്. ഏഴു മക്കൾ ഉണ്ട്. മക്കൾ വിദേശരാജ്യങ്ങളിലും മറ്റു പലയിടങ്ങളിലുമായി അവരുടെ ജീവിതത്തിരക്കിന്റെ ഭാഗമായോ മറ്റോ കഴിയുന്നു. അമ്മയെ നോക്കാൻ അവർക്കു സമയം കിട്ടുന്നില്ല. വീടിന്റെ ചുറ്റും ക്യാമറകൾ ഘടിപ്പിച്ച് അമ്മയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. ക്യാമറ കണ്ണുകളിലൂടെയാണു പലപ്പോഴും മക്കൾ അമ്മയെ കാണുന്നതു തന്നെ.

വയോധികർ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിൽ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തന്നതിനു വേണ്ടി പൊലീസ് ഗൃഹസന്ദർശനം നടത്താറുണ്ട്. പൊലീസ് സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റ് രാജിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഈ അമ്മ.

ഓണനാളിൽ അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. കഷ്ടപ്പെട്ടു കഞ്ഞി മാത്രം വച്ചിട്ടുണ്ട് അവർ. സഹായിക്കാൻ ആരുമില്ല. നല്ല നിലയിൽ കഴിയുന്ന മക്കൾ ഉണ്ടായിട്ടു പോലും അവരുടെ ഓണം ഈ അവസ്ഥയിലാണ്. . എന്തെങ്കിലും അപായം സംഭവിച്ചാൽ പോലും ആരും അറിയാൻ കഴിയാത്ത അവസ്ഥ. സമീപത്തെ വീട്ടുകാരോടു ബന്ധപ്പെടാൻ പോലും അവർക്കു കഴിയുന്നില്ല.

എന്തായാലൂം പൊലീസുകാർക്കു സകുടുംബം ഓണം ആഘോഷിക്കാൻ കഴിയില്ല. എന്നാൽ പിന്നെ ഈ അമ്മയോടൊപ്പം ഓണം കൂടാൻ സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റ് രാജും പോലീസുകാരും തീരുമാനിച്ചു. ഓരോ വിഭവങ്ങൾ ഓരോ പൊലീസുകാരുടെ വീടുകളിൽ നിന്നും എത്തിച്ചു. അവർ തന്നെ വിളമ്പിക്കൊടുത്ത് അമ്മയോടൊപ്പം ഇരുന്ന് ഓണസദ്യ കഴിച്ചു. അമ്മയ്ക്ക് ഓണക്കോടി സമ്മാനിക്കാനും മറന്നില്ല. ഈ ഓണനാളിൽ ആ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.. അതിനു ശേഷം മക്കളെയും ബന്ധുക്കളെയും വിളിച്ച് അമ്മയുടെ പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നു താക്കീതും നൽകി.

സ്റ്റേഷൻ പരിധിയിൽ ഇതുപോലെ പലവീടുകളിലും വയോധികർ ഒറ്റയ്ക്കു താമസിക്കുന്നുണ്ട്. ഈ വിവരം അറിഞ്ഞവർ, നാണക്കേടു ഭയന്ന് ഓണം കഴിഞ്ഞെങ്കിലും അവരുടെ വീടുകളിൽ എത്തുകയും വൃദ്ധരായ മാതാപിതാക്കളെ കൂട്ടിക്കൊണ്ടു പോകുകയോ അവരുടെ ബന്ധുക്കളെ വരുത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുകയോ ചെയ്യുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. മാത്രമല്ല, പലരും ആ വിവരം സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും ചെയ്തു. വയസ്സായ മാതാപിതാക്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നതാണു നമ്മുടെ സംസ്കാരം. അതിന് അപചയം സംഭവിക്കാൻ പാടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com