ADVERTISEMENT

ആലപ്പുഴ∙ സി.പി.സുഗതനു മറുപടിയുമായി പുന്നല ശ്രീകുമാറും വെള്ളാപ്പള്ളി നടേശനും. ശബരിമലയില്‍ ലിംഗസമത്വം ഉറപ്പാക്കണമെന്നാണു നവോത്ഥാന സംരക്ഷണസമിതിയുടെ നിലപാടെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്എന്‍ഡിപി ഏതറ്റംവരെയും പോകുമെന്നു വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി. അതേസമയം, ശബരിമല സമരം പൊളിക്കാനായിരുന്നു സമിതിയുണ്ടാക്കിയതെന്നു കേന്ദ്രമന്ത്രി വി.മുരളീധരനും, സമിതി കാപട്യമായിരുന്നെന്നു രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

പുന്നല ശ്രീകുമാറും വെള്ളാപ്പള്ളി നടേശനും ചേര്‍ന്നു നവോത്ഥാന സംരക്ഷണസമിതിയെ ഹൈജാക്ക് ചെയ്തെന്നാരോപിച്ച് 54 സംഘടനകള്‍ പിന്‍മാറുന്നുവെന്ന ഹിന്ദു പാര്‍ലമെന്‍റ് സെക്രട്ടറി സി.പി.സുഗതന്‍റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ഇരുവരുടെയും പ്രതികരണം. ശബരിമല പൊതു ഇടമായി മാറണമെന്നും ആത്മീയ രംഗത്തു പരിഷ്കരണങ്ങളുണ്ടാകുമ്പോള്‍ ദഹനക്കേടുകള്‍ സ്വാഭാവികമാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

യുവതികള്‍ ശബരിമലയിലെത്തണമെന്ന നിര്‍ബന്ധമാണ് പുന്നലയ്ക്കെന്നുള്ള സുഗതന്‍റെ പ്രസ്താവനയ്ക്കുള്ള മറുപടിയിങ്ങനെ: ‘സുഗതന്റേതു സംഘപരിവാര്‍ ആശയങ്ങളാണ്. ശബരിലയില്‍ ലിംഗസമത്വം ഉറപ്പാക്കാനാണ് നവോത്ഥാന സംരക്ഷണസമിതി രൂപീകരിച്ചത്. ഞാനും വെള്ളാപ്പള്ളിയും ചേര്‍ന്ന് സമിതി ഹൈജാക്ക് ചെയ്തെന്ന ആരോപണവും ശരിയല്ല. സുഗതന്റെ നിലപാട്, സമിതിയില്‍ മുൻപും പ്രശ്നമായിട്ടുണ്ട്.’– ശ്രീകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

സി.പി. സുഗതന്റെ രീതി ശരിയല്ലെന്നു തുടക്കത്തിലേ പറഞ്ഞിരുന്നെന്നാണ് വെളളാപ്പളളി നടേശന്റെ പ്രതികരണം. നവോത്ഥാന സമിതി തട്ടിക്കൂട്ടായിരുന്നെന്നായിരുന്നു വി.മുരളീധരന്‍റെ പ്രതികരണം. സമിതി കാപട്യമായിരുന്നെന്ന തുടക്കത്തിലുള്ള നിലപാടു തന്നെയാണ് ഇപ്പോഴുമുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. 94 സംഘടനകള്‍ ചേര്‍ന്നാണ് നവോത്ഥാന സംരക്ഷണ സമിതി രുപീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com