ADVERTISEMENT

കൊൽക്കത്ത∙ ശാരദ ചിട്ടിതട്ടിപ്പു കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മിഷണറും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനുമായ രാജീവ് കുമാറിനുമേല്‍ കുരുക്കുമുറുക്കി സിബിഐ. ശനിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ സംഘം രാജീവ് കുമാറിന്‍റെ വീട്ടിലെത്തി നോട്ടിസ് നല്‍കി.

അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല സംരക്ഷണം കൊല്‍ക്കത്ത ഹൈക്കോടതി നീക്കിയതിനു തൊട്ടു പിന്നാലെയാണ് സിബിഐ നടപടി. ഇടക്കാല സംരക്ഷണം നല്‍കുന്നതു നീതി നിര്‍വഹണത്തെ ഫലത്തില്‍ തടസപ്പെടുത്തുന്നതിനു തുല്യമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിബിഐ സമന്‍സ് റദ്ദാക്കണമെന്ന രാജീവ് കുമാറിന്‍റെ ഹര്‍ജിയും കോടതി തള്ളി. ഇതോടെ രാജീവ് കുമാര്‍ ഏതു നിമിഷവും അറസ്റ്റിലാകാമെന്ന അവസ്ഥയിലാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട ശാരദാ ചിട്ടിതട്ടിപ്പു കേസിലെ തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐ ആരോപണം. 

കേസിലെ നിർണായക തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രാജീവ് കുമാറിനെ ചോദ്യം ചെയ്താൽ നിരവധി വിവരങ്ങൾ ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് സിബിഐ. 2500 കോടിയുടെ ചിട്ടി തട്ടിപ്പു കേസ് അന്വേഷിച്ച ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘത്തെ നയിച്ചത് രാജീവ് കുമാറായിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശ പ്രകാരം അദ്ദേഹം കേസിൽ തിരിമറി നടത്തിയെന്നാണ് ആക്ഷേപം. രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ കൊൽക്കത്തയിലെത്തിയ സിബിഐ സംഘത്തെ തടയാൻ മമത നേരിട്ടെത്തി പ്രതിഷേധസമരം നടത്തിയിരുന്നു.

ഫെബ്രുവരിയിൽ സുപ്രീംകോടതി നിർദേശ പ്രകാരം സിബിഐ 5 ദിവസം രാജീവ് കുമാറിനെ ചോദ്യം ചെയ്തെങ്കിലും അദ്ദേഹം വേണ്ടത്ര സഹകരിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് സിബിഐ സുപ്രീം കോടതിയോട് അഭ്യർഥിച്ചിരുന്നു. അറസ്റ്റ് തടയാൻ രാജീവ് കുമാർ നൽകിയ ഹർജിയിൽ അദ്ദേഹത്തിന് അനുകൂലമായ നിർദേശങ്ങളും കോടതി നൽകി. ശാരദാ ചിട്ടി തട്ടിപ്പു കേസിൽ പിടിയിലായവരുടെ നിർണായക വിവരങ്ങളുള്ള മൊബൈൽ ഫോണുകളും ലാപ്ടോപുകളും വിട്ടുനൽകാൻ രാജീവ് കുമാർ സഹായിച്ചുവെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്ന് അറസ്റ്റ് തടയാൻ നൽകിയിരുന്ന ഇളവുകൾ സുപ്രീംകോടതി ഒഴിവാക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com