ADVERTISEMENT

ലക്നൗ ∙ ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു പിടികൂടിയ യുവാവിനെ ക്രൂരമായി മർദിച്ച് ഉത്തർപ്രദേശ് പൊലീസ്. നേപ്പാൾ അതിർത്തിയിലുള്ള സിദ്ധാര്‍ഥ് നഗറിലായിരുന്നു സംഭവം. റിങ്കു പാണ്ഡെ എന്ന യുവാവിനെ പൊലീസുകാർ ക്രൂരമർദനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു പുറംലോകം അറിഞ്ഞത്. സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

രണ്ടു പൊലീസുകാർ യുവാവിനെ മർദിച്ച് അവശനാക്കുകയും അസഭ്യം പറഞ്ഞു റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പ്രചരിച്ചത്. യുവാവിനെ മർദിക്കുന്നതു ഭയത്തോടെ നോക്കിനിൽക്കുന്ന ബന്ധുവായ കുഞ്ഞിനെയും ദൃശ്യത്തിൽ കാണാം. പൊലീസ് അതിക്രമത്തിൽ ഈ കുഞ്ഞിനും പരുക്കേറ്റു. ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു നടുറോഡിൽ വച്ച് പൊലീസ് മർദിക്കുകയായിരുന്നെന്നു യുവാവിന്റെ കുടുംബം പറഞ്ഞു. യുവാവ് മദ്യപിച്ചു വാഹനമോടിച്ചെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ മദ്യപാനം സംബന്ധിച്ച യാതൊരു പരിശോധനയും നടത്തിയില്ല. പ്രദേശത്തു മതധ്രുവീകരണത്തിനു യുവാവ് ശ്രമിച്ചതായും പൊലീസ് പറയുന്നു.

നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ജയിലിലടയ്ക്കണമെന്നും നടുറോഡിലിട്ടു മർദിക്കുകയല്ല വേണ്ടതെന്നും യുവാവ് പൊലീസിനോടു പറയുന്നതു കേൾക്കാം. മർദനത്തിനു ശേഷം പൊലീസുകാർ മോട്ടർ സൈക്കിളിന്റെ താക്കോൽ യുവാവിനു നൽകി. എന്തുതെറ്റാണു താൻ ചെയ്തതെന്നു യുവാവ് പൊലീസിനോടു രോഷാകുലനായി ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. പൊലീസിന്റെ ഭാഗത്തുനിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു വകുപ്പിനു നാണക്കേടാണെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ധർമവീർ സിങ് പറഞ്ഞു.

English Summary: After Video Of Beating, 2 UP Cops Charged For Trying To Kill Man On Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com