ADVERTISEMENT

കൊച്ചി ∙ മരണത്തിന്റെ പടിവാതിൽക്കൽനിന്നു വയോധികനെ തിരിച്ചുപിടിച്ച് വനിത പൊലീസിന്റെ സമയോചിത ഇടപെടൽ. കലൂരിലെ തിരക്കിൽ ട്രാഫിക് ഡ്യൂട്ടിക്കിടെയാണു മഹിളാമണിയുടെ കൈത്തണ്ടയിൽ പ്രാണവേദനയോടെ പോണേക്കര മാനംഞ്ചാത്ത് വീട്ടിൽ കെ.വി.ബാബു പിടിമുറുക്കിയത്. ആദ്യം ഒന്നു പകച്ചെങ്കിലും ആ ജീവൻ തിരിച്ചു പിടിക്കാൻ മഹിളാമണി തീരുമാനിച്ചു. വെള്ളിയാഴ്‌ച രാവിലെ 10.30ന് കലൂരിലായിരുന്നു സംഭവം.

രാവിലെ മാർക്കറ്റിൽനിന്നും സാധനങ്ങൾ വാങ്ങിയ ബാബു റോഡ്‌ മുറിച്ച്‌ കടക്കാൻ മഹിളാമണിയുടെ സഹായം തേടി. നടക്കുന്നതിനിടെ പ്രയാസം തോന്നിയ ബാബു ഇവരുടെ കൈകളിൽ മുറുകെ പിടിക്കുകയായിരുന്നു. നെഞ്ചു വേദനിക്കുന്നെന്നു പറഞ്ഞതോടെ റോഡിനു സമീപത്തായി ഇരുത്തി. സമീപത്തെ ഹോട്ടലിൽനിന്നു വെള്ളം വാങ്ങി കൊടുത്തെങ്കിലും ഛർദിച്ചു. ബോധം മറയുന്നതിനു മുന്‍പ് ബാബുവിൽനിന്നു ബന്ധുക്കളുടെ ഫോൺ നമ്പർ മഹിളാമണി വാങ്ങി വിവരം നൽകി. ഉടൻ ഓട്ടോ വിളിച്ച്‌ ബാബുവിനെ ആശുപത്രിയിലെത്തിച്ചു.

അത്യാഹിത വിഭാഗത്തിലെ പരിശോധനയിൽ ഹൃദയത്തിൽ രണ്ട്‌ ബ്ലോക്ക്‌ ഉണ്ടെന്നും പെട്ടെന്ന്‌ എത്തിച്ചതിനാൽ രക്ഷിക്കാനായിയെന്നും ഡോക്‌ടർമാർ പറഞ്ഞു. മഹിളാമണി അറിയിച്ചതിനുസരിച്ചു ബാബുവിന്റെ ഭാര്യയും മക്കളും ആശുപത്രിയിലെത്തി. ആൻജിയോഗ്രാം കഴിഞ്ഞ്‌ നിരീക്ഷണത്തിലാണു ബാബു ഇപ്പോൾ. ബന്ധുക്കളെത്തിയശേഷമാണു മഹിളാമണി തിരിച്ച്‌ സ്‌റ്റേഷനിലെത്തിയത്‌.

റോഡിൽ കൊഴിഞ്ഞുപോകുമായിരുന്ന അപരിചിതനായ ഒരുമനുഷ്യനെ താങ്ങിയെടുത്ത്‌ ജീവിതത്തിലേക്ക്‌ തിരികെയെത്തിച്ച മഹിളാമണിക്ക്‌ അഭിനന്ദനങ്ങളുമായി സഹപ്രവർത്തകരും ട്രാഫിക്‌ എസി ഫ്രാൻസിസ്‌ ഷെൽബി ഉൾപ്പെടെയുള്ളവരും വിളിച്ചു. ബാബുവിന്റെ കുടുംബാംഗങ്ങളും നന്ദി പറഞ്ഞു. 19 വർഷമായി പൊലീസ്‌ സേനയിലുള്ള മഹിളാമണി ഇടപ്പള്ളി ഈസ്‌റ്റ്‌ ട്രാഫിക്‌ സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്‌ ഓഫീസറാണ്‌. ചേർത്തല സ്വദേശിയായ മഹിളാമണി കുടുംബസമേതം എറണാകുളത്തെ പൊലീസ്‌ ക്വാർട്ടേഴ്‌സിലാണു താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com