ADVERTISEMENT

കൊച്ചി ∙ മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ താമസക്കാർക്കു നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ചിനുള്ളിൽ എല്ലാവരും ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നാണ് നോട്ടിസിൽ പറയുന്നത്. ഇതിൽ പ്രതിഷേധം കടുപ്പിച്ച ഫ്ലാറ്റ് ഉടമകൾ ഇന്നു മുതൽ നഗരസഭയ്ക്കു മുന്നിൽ നിരാഹാരം ഇരിക്കും. കൂടുതൽ രാഷ്ട്രീയ നേതാക്കൾ ഇന്ന് മരടിൽ എത്തും.

താമസക്കാർ ഒഴിഞ്ഞു പോയില്ലെങ്കിൽ സെക്രട്ടറിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ പ്രകാരം മുന്നറിയിപ്പ് ഇല്ലാതെ മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്നാണു നഗരസഭയുടെ നോട്ടിസിൽ പറയുന്നത്. കായലോരം ഫ്ലാറ്റ് ഉടമകൾ മാത്രമാണ് നോട്ടിസിനു മറുപടി നൽകിയത്.

ജീവിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനം ആണെന്നും ഒരു കാരണവശാലും ഒഴിഞ്ഞു പോകില്ലെന്നുമായിരുന്നു മറുപടി. നോട്ടിസിനെതിരെ ഹൈക്കോടതിയിൽ ഫ്ലാറ്റ് ഉടമകൾ ഹർജി നൽകും. ഒഴിപ്പിക്കൽ നോട്ടിസ് നിയമാനുസൃതമല്ലെന്നാണു ഹർജിയിൽ പറയുന്നത്.

സമയപരിധി അവസാനിച്ചാലും സർക്കാർ നിർദേശപ്രകാരം മാത്രം തുടർനടപടികളിലേക്കു കടക്കാനാണു നഗരസഭയുടെ തീരുമാനം. പ്രതിഷേധം കടുപ്പിച്ച ഫ്ലാറ്റ് ഉടമകൾക്കു പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളുമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഫ്ലാറ്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമരക്കാരെ കാണാനെത്തി. എറണാകുളം മുൻ എംപി കെ.വി.തോമസും പിന്തുണ അറിയിച്ചു. ബിജെപി നേതൃത്വവും മരടിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com