ADVERTISEMENT

തിരുവനന്തപുരം∙ ഗതാഗതം ആരംഭിച്ച് 3 വര്‍ഷത്തിനകം അടച്ചിടേണ്ടിവന്ന പാലാരിവട്ടം പാലം പുതുക്കിപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡിസൈനും എസ്റ്റിമേറ്റും ഇ.ശ്രീധരന്‍ തയാറാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം പണി ആരംഭിച്ച് 1 വര്‍ഷം കൊണ്ട് പാലം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സാങ്കേതികമായും സാമ്പത്തികമായും പുനര്‍നിര്‍മാണമാണ് നല്ലതെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈ ഐഐടി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയത്. തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ എത്രകാലം നിലനില്‍ക്കുമെന്നു ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. പാലത്തിനു ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണമോ, ശക്തിപ്പെടുത്തലോ സ്ഥായിയായ പരിഹാരമല്ലെന്നുമാണ് ഇ.ശ്രീധരന്റെ അഭിപ്രായമെന്നു മുഖ്യമന്ത്രി പറഞ്ഞു. പാലം പുതുക്കി പണിയണമെന്ന ഇ.ശ്രീധരന്റെ നിര്‍ദേശം അംഗീകരിച്ചു. പാലം പുതുക്കി പണിയാന്‍ നല്ല സാങ്കേതിക മികവുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തും. മേല്‍നോട്ടത്തിനും മികച്ച ഏജന്‍സി ഉണ്ടാകും. പുതുക്കിപണിയുന്നതിന്റെ മേല്‍നോട്ട ചുമതല ശ്രീധരനായിരുക്കും.  സമയബന്ധിതമായി പുതുക്കിപണിയാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നായിരുന്നു മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ പ്രതികരണം. നിർമാണത്തിലെ ക്രമക്കേട് ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. 

പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിര്‍ണായകയോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു.   മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇ. ശ്രീധരന് പുറമെ ചെന്നൈ ഐഐടിയിലെ വിദഗ്ധരും പങ്കെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com