sections
MORE

പാലാരിവട്ടം അഴിമതി വിഴുങ്ങിയത് 39 കോടി; ഇനിയും കോടികള്‍ എവിടെനിന്ന്?

Palarivattom flyover
പാലാരിവട്ടം മേൽപ്പാലം , ചിത്രം ഇ.വി. ശ്രീകുമാർ
SHARE

കൊച്ചി∙ കോടികള്‍ ചെലവഴിച്ച് രണ്ടു വര്‍ഷംകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി, കൊട്ടിഘോഷിച്ച് ഗതാഗതത്തിനു തുറന്ന്, രണ്ടരവര്‍ഷത്തിനുള്ളില്‍ അടയ്‌ക്കേണ്ടിവന്ന പാലാരിവട്ടം മേല്‍പ്പാലം,  പൊളിച്ചു പണിയാന്‍ തീരുമാനിക്കുന്നതോടെ പുറത്താകുന്നതു കേരളം കണ്ട ഏറ്റവും വലിയ നിര്‍മാണ അഴിമതികളിലൊന്ന്. പുതിയ പാലം നിര്‍മിക്കാനുള്ള ചെലവ് ആരു വഹിക്കുമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

ഉദ്യോഗസ്ഥതല അഴിമതിയുടെയും നിര്‍മാണത്തിലെ പിഴവുകളുടെയും നേര്‍സാക്ഷ്യമായി മാറിയിരിക്കുകയാണ് ഈ മേല്‍പ്പാലം. 39 കോടി രൂപ മുടക്കി നിര്‍മിച്ച പാലമാണ് ഇപ്പോള്‍ പൊളിച്ചു കളഞ്ഞ് പുതിയതു നിര്‍മിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഒരു തരത്തിലുള്ള അറ്റക്കുറ്റപ്പണികളും ശാശ്വത പരിഹാരമല്ലെന്ന് ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ദേശീയപാത അതോറിറ്റി നിര്‍മിച്ചാല്‍ ടോള്‍ ഈടാക്കുമെന്നു ചൂണ്ടിക്കാട്ടി ഇതൊഴിവാക്കാനായിരുന്നു ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങളുടെ നിര്‍മാണം സംസ്ഥാനം ഏറ്റെടുത്തത്. 

പാലാരിവട്ടം പാലത്തെക്കുറിച്ച് മലയാള മനോരമ ദിനപത്രം പ്രസിദ്ധീകരിച്ച ‘വിവര’ ഇൻഫോഗ്രാഫിക്സ്

മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. സൂരജിനൊപ്പം സുമിത് ഗോയല്‍, ബെന്നി പോള്‍, എം.ടി. തങ്കച്ചന്‍ എന്നിവരും അറിസ്റ്റിലായി. നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സ് എംഡിയാണ് സുമിത് ഗോയല്‍. കിറ്റ്‌കോ മുന്‍ എംഡിയാണ് ബെന്നി പോള്‍. ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജരാണ് എം.ടി.തങ്കച്ചന്‍. പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

E. Sreedharan

മേല്‍പാലത്തിന്റെ ദുരവസ്ഥയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. രൂപരേഖയിലെ പിഴവും കോണ്‍ക്രീറ്റിങ്ങിന്റെ നിലവാരമില്ലായ്മയും മേല്‍നോട്ടത്തിലെ അപാകതയും മൂലമാണ് ഗര്‍ഡറുകളിലും തൂണുകളിലും വിള്ളല്‍ കണ്ടതെന്നും അവര്‍ അറിയിച്ചിരുന്നു.

നിര്‍മാണത്തിലെ ക്രമക്കേടുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയ നേതാക്കള്‍ക്ക് കേസുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു തെളിവുകള്‍ ഇല്ലാതാക്കുമെന്നും വിജിലന്‍സ് വാദിച്ചു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഇടപെട്ട വമ്പന്‍ അഴിമതിയാണു നടന്നിരിക്കുന്നതെന്നാണു വിജിലന്‍സിന്റെ വിലയിരുത്തല്‍. 

പാലത്തിന്റെ 19 പില്ലറുകളില്‍ ഒന്നില്‍ സ്ഥാപിച്ച ബുഷ് തിരിഞ്ഞു പോയതുമാത്രമാണു പാലത്തിനുണ്ടായ തകരാറിനു കാരണമെന്നും ഇതു പരിഹരിക്കാവുന്നതേയുള്ളുവെന്നുമാണു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. നിര്‍മാണത്തിലെ അപാകതകളുണ്ടെന്ന വാദം പ്രതിരോധിക്കാതെ നിര്‍മാണം നടത്തിയ തൊഴിലാളികളുടെ കഴിവുകേടാണ് നിര്‍മാണത്തിലെ വീഴ്ചയ്ക്കു കാരണമെന്ന നിലയിലും വാദങ്ങളുണ്ടായി. എന്നാല്‍ പാലത്തിന്റെ എല്ലാ തൂണുകളിലും തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പാലം മുഴുവന്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നും വിജിലന്‍സ് വാദിച്ചു.

palarivattom flyover

അതേസമയം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നും മുന്‍ മന്ത്രിയെ കുടുക്കാനുള്ള നീക്കങ്ങളാണിതിന്റെ പിന്നിലെന്നും പ്രതിഭാഗം വാദിച്ചു. അതിനുവേണ്ടിയാണു ടി.ഒ.സൂരജിനെ കേസില്‍ കുടുക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ന്യൂനതകളും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി. 

ടി.ഒ.സൂരജ് 8.25 കോടി രൂപ കരാറുകാരന് അനുവദിച്ചത് ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്താണെന്നും ഇതിനു തെളിവുകളുണ്ടെന്നും വിജിലന്‍സ് വാദിച്ചു. കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയും നാഗേഷ് കണ്‍സല്‍റ്റന്‍സിയുമായുള്ള പാലത്തിന്റെ രൂപരേഖ സംബന്ധിച്ച കരാറുകളും കമ്പനിയുടെ പ്രവര്‍ത്തനപരിചയവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാതിരുന്നിട്ടും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവര്‍ക്ക് അംഗീകാരം നല്‍കിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

നിര്‍മാണത്തിന്റെ നാള്‍വഴി 

മേല്‍പാലം പദ്ധതി നടപ്പാക്കിയത് റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരളയാണ് (ആര്‍ബിഡിസികെ). കിറ്റ്‌കോയായിരുന്നു ഡിസൈന്‍ കണ്‍സല്‍റ്റന്റ്. കരാറെടുത്ത, ഡല്‍ഹി ആസ്ഥാനമായ ആര്‍ഡിഎസ് കണ്‍സ്ട്രക്ഷനാണു പാലത്തിന്റെ രൂപരേഖ തയാറാക്കി ബന്ധപ്പെട്ട ഏജന്‍സികളില്‍നിന്ന് അനുമതി വാങ്ങിയത്. 2014 സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങി. 39 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയില്‍തന്നെ പാലത്തിന്റെ ഉപരിതലത്തില്‍ ഇരുപതിലധികം കുഴികള്‍ രൂപപ്പെട്ടു. കുഴികളില്‍ വെള്ളം നിറഞ്ഞതോടെ ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുകയും ചെയ്തു.

palarivattom flyover

യുഡിഎഫ് സര്‍ക്കാരിന്റെ സ്പീഡ് പദ്ധതിയില്‍ നിര്‍മിച്ച പാലമാണിത്. പാലത്തിനു കേടുപാടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടു വന്നിട്ടും കാര്യങ്ങള്‍ ഗൗരവമായി കാണാതെ വീണ്ടും ടാറിങ് നടത്തി തലയൂരാനുള്ള ശ്രമത്തിലായിരുന്നു ആര്‍ബിഡിസികെ. പിന്നീട് ദേശീയപാത അതോറിറ്റിക്കു വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ പാലത്തിലെ വിള്ളലുകളും നിര്‍മാണത്തിലെ അപാകതകളും റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് മദ്രാസ് ഐഐടിയും പഠനം നടത്തിയത്. ഐഐടി അറ്റകുറ്റപ്പണി നിര്‍ദേശിച്ചതോടെ പാലം അടച്ചിട്ടു. ഐഐടിയുടെ പഠനത്തില്‍ പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരവീഴ്ച കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍, പാലം നിര്‍മാണത്തില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ പ്രസ്താവന നടത്തി. പാലത്തിന്റെ ഡിസൈന്‍ കണ്‍സല്‍റ്റന്റായ കിറ്റ്‌കോയുടെയും പദ്ധതി നടപ്പാക്കിയ ആര്‍ബിഡിസികെയുടെയും വീഴ്ചയാണു മോശം നിര്‍മാണത്തില്‍ കലാശിച്ചതെന്നും ഡിസൈന്‍ അംഗീകരിച്ചതു മുതല്‍ മേല്‍നോട്ടത്തിലെ പിഴവുവരെ പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാങ്കേതികപ്പിഴവാണു പാലത്തിന്റെ ഉപരിതലത്തില്‍ ടാറിങ് ഇളകിപ്പോകാനും തൂണുകളില്‍ വിള്ളലുണ്ടാകാനും ഇടയാക്കിയതെന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും ആവശ്യത്തിനു സിമന്റോ കമ്പിയോ ഉപയോഗിക്കാതെയായിരുന്നു കോണ്‍ക്രീറ്റിങ്ങെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കാനായി സ്പാനുകള്‍ക്കിടയില്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ക്കു പകരം ഡെക്ക് കണ്ടിന്യൂറ്റി എന്ന പുതിയ രീതിയിലുള്ള നിര്‍മാണമാണു പാലാരിവട്ടത്തു ചെയ്തത്. കൃത്യമായ പഠനമോ മുന്‍പരിചയമോ ഇല്ലാതെയാണ് ഈ രീതിയില്‍ നിര്‍മാണം നടത്തിയതെന്നാണ് ആക്ഷേപം. കിറ്റ്‌കോയുടെയും ആര്‍ബിഡിസികെയുടെയും നോട്ടക്കുറവും വില്ലനായി. ഡെക്ക് കണ്ടിന്യൂറ്റി രീതിയില്‍ ഇപ്പോള്‍ വ്യാപകമായി പാലങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അവിടെയൊന്നും ഉണ്ടാകാത്ത പ്രശ്‌നമാണു പാലാരിവട്ടത്തുണ്ടായിരിക്കുന്നത്. 

2014 സെപ്റ്റംബര്‍

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്‌ നിര്‍മാണം ആരംഭിച്ചു

2016 ഒക്ടോബര്‍ 12

മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം ഉദ്ഘാടനം ചെയ്തു.

E. Sreedharan
ഇ. ശ്രീധരൻ

2017 ജൂലൈ

പാലത്തിന്റെ ഉപരിതലത്തില്‍ 20 കുഴികള്‍.

2017 നവംബര്‍ 21

ചീഫ് ടെക്‌നിക്കല്‍ എന്‍ജിനീയറുടെ പരിശോധന.ടാറിങ്ങിലും ഡെക്ക് കണ്ടിന്യുറ്റിയിലും പ്രശ്‌നങ്ങള്‍ കണ്ടെത്തി.

2018 മാര്‍ച്ച് 13

ദേശീയ പാത അതോറിറ്റിക്കു വേണ്ടി സ്വകാര്യ ഏജന്‍സിയുടെ പഠനം. നിര്‍മാണ വൈകല്യങ്ങളും വിളളലുകളും കണ്ടെത്തി.

2018 സെപ്റ്റംബര്‍ 20,21

ദേശീയ പാത അതോറിറ്റിക്കു വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ രണ്ടാമത്തെ പഠനം.1,2,3,7,10,12 പിയര്‍ ക്യാപ്പുകളില്‍ വിളളല്‍. വിളളലുകളില്‍ ചിലതു വലുതാകുന്നു. പാലത്തില്‍ ഭാരവാഹനങ്ങള്‍ നിരോധിക്കണമെന്നും ഗതാഗതം നിര്‍ത്തി വച്ച് അറ്റകുറ്റപ്പണി നടത്തണമെന്നും ശുപാര്‍ശ.

2019 മേയ് 1

പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. പാലം നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളെന്ന് ഐഐടി പഠന റിപ്പോര്‍ട്ട്.

മേയ് 3

വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ജൂണ്‍ 4

വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍. ആര്‍ഡിഎസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയല്‍ ഉള്‍പ്പെടെ 5 പേരെ പ്രതികളാക്കി വിജിലന്‍സ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പാലം പുനര്‍നിര്‍മിക്കണമെന്ന് നിര്‍ദേശം.

ജൂണ്‍ 13

പാലം സംബന്ധിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇ.ശ്രീധരനെ ചുമതലപ്പെടുത്തി.

ജൂണ്‍ 17

ഇ.ശ്രീധരന്‍, കോണ്‍ക്രീറ്റ് വിദഗ്ധന്‍ പ്രഫ.മഹേഷ് ടണ്ടന്‍, ഐഐടി പ്രഫ.അളഗുസുന്ദര മൂര്‍ത്തി എന്നിവരുടെ നേതൃത്വത്തില്‍ പാലം പരിശോധിച്ചു.

ജൂലൈ 4

ഇ.ശ്രീധരന്‍ പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പാലത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നു ശുപാര്‍ശ.

palarivattom flyover

ജൂലൈ 5

റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

അറ്റകുറ്റപ്പണി സമയം: 10 മാസം

ചെലവ്: 18.5 കോടി രൂപ

വരുത്തിയ മാറ്റങ്ങള്‍

ഐഐടി നിര്‍ദേശിച്ചതനുസരിച്ചു ഡെക്ക് കണ്ടിന്യൂറ്റി ഒഴിവാക്കി 12 സ്ഥലങ്ങളില്‍ പഴയ രീതിയിലുളള സ്റ്റീല്‍ സ്ട്രിപ്പുകള്‍ പിടിപ്പിച്ച് എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ പുനസ്ഥാപിച്ചു. വീണ്ടും ടാര്‍ ചെയ്തു. അപ്രോച്ച് സ്പാനിലെ തകരാറിലായ ബെയറിങ് മാറ്റി സ്ഥാപിക്കുന്ന പണികള്‍ നടത്തി. 

വിള്ളലുകള്‍

വിളളലുകള്‍ 0.2 മില്ലിമീറ്റര്‍ വീതിയില്‍ കൂടാന്‍ പാടില്ല. പാലാരിവട്ടം പാലത്തിലെ ചില വിള്ളലുകളുടെ വീതി 0.3 മില്ലിമീറ്റര്‍.

പ്രധാന പോരായ്മകള്‍

ഡിസൈന്‍ അപാകത

മേല്‍നോട്ടത്തിലെ പിഴവ്

എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ക്കു പകരം പുതിയ സാങ്കേതിക വിദ്യയായ ഡെക്ക് സ്ലാബ് കണ്ടിന്യുറ്റി രീതി ഉപയോഗിച്ചതിലെ പാകപ്പിഴകള്‍

ഗര്‍ഡറുകള്‍ക്ക് അനുവദനീയമായ പരിധിയില്‍ കൂടുതല്‍ താഴേക്കു വലിച്ചില്‍

തൂണുകളുടെ ബെയറിങ്ങുകളുടെ തകരാര്‍

നിലവാരമില്ലാത്ത നിര്‍മാണസാമഗ്രികള്‍

(വീടുകളും ചെറിയ കടമുറികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എം 22 ഗ്രേഡിലുളള കോണ്‍ക്രീറ്റ് മിക്‌സാണു പാലത്തിന് ഉപയോഗിച്ചത്. കരുത്തു കൂടിയ എം 35 ഗ്രേഡിലുളള കോണ്‍ക്രീറ്റ് മിക്‌സാണ് ഉപയോഗിക്കേണ്ടിയിരുന്നത്.)

ഗര്‍ഡറുകള്‍ സ്ഥാപിച്ചതു ശരിയായ രീതിയിലല്ല. പലയിടത്തും ഉയര വ്യത്യാസം. ചില സ്ഥലങ്ങളില്‍ പാലം ഇരുന്ന പോയ നിലയില്‍

1,2,3,7,10,12 തൂണുകളുടെ പിയര്‍ ക്യാപ്പുകളില്‍ വിളളല്‍

സെന്‍ട്രല്‍ സ്പാനിലും ഗര്‍ഡറുകളിലും വിളളല്‍

ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

പാലത്തിനു ഘടനാപരമായ പ്രശ്‌നങ്ങള്‍

102 ഗര്‍ഡറുകളില്‍ 97 ല്‍ വിളളല്‍

19 സ്പാനുകളില്‍ 17 എണ്ണം മാറ്റണം

18 പിയര്‍ ക്യാപുകളില്‍ 16 എണ്ണത്തില്‍ വിളളല്‍

എന്ത് അഴിമതി കാട്ടിയാലും പിടിക്കപ്പെടില്ല എന്ന അമിത ആത്മവിശ്വാസമാണ് പാലാരിവട്ടം മേല്‍പാലത്തില്‍ തകര്‍ന്നത്. ഉദ്ഘാടനം കഴിഞ്ഞ് 2 വര്‍ഷത്തിനകം പാലത്തിനുണ്ടായ ദുര്‍ഗതി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പാണ്.

പാലാരിവട്ടം പാലം ഒറ്റനോട്ടത്തില്‍

ആകെ നീളം - 750 മീറ്റര്‍

എസ്റ്റിമേറ്റ്- 42 കോടി

കരാര്‍ തുക- 39 കോടി

കരാര്‍ സ്ഥാപനം -ആര്‍ഡിഎസ് പ്രൊജക്ട്‌സ്

മേല്‍നോട്ടം കിറ്റ്‌കോ

നോഡല്‍ ഏജന്‍സി- റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ (ആര്‍ബിഡിസികെ)

ഡിസൈന്‍ -നാഗേഷ് കണ്‍സല്‍റ്റന്റ്, ബെംഗളൂരു.

ഡിസൈനിലെ പ്രത്യേകത- എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ക്കു പകരം സ്പാനുകള്‍ ചേര്‍ത്തു കോണ്‍ക്രീറ്റ് ചെയ്യുന്ന ഡെക്ക് സ്ലാബ് കണ്ടിന്യുറ്റി

നിര്‍മാണ സമയം- 2 വര്‍ഷം

നിര്‍മാണം സംസ്ഥാനം ഏറ്റെടുത്തതിന് പിന്നില്‍

ദേശീയപാത അതോറിറ്റി നിര്‍മിച്ചാല്‍ ടോള്‍ ഈടാക്കും. ടോള്‍ ഒഴിവാക്കാന്‍ സംസ്ഥാനം ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങളുടെ നിര്‍മാണം ഏറ്റെടുത്തു.

വളവ്

ഭാരം കയറുമ്പോള്‍ ഗര്‍ഡറുകളിലുണ്ടാകുന്ന വളവാണ് ഡിഫ്‌ലക്ഷന്‍. ഇതു അനുവദനീയമായ പരിധിയില്‍ കൂടിയതാണ് പാലാരിവട്ടം പാലത്തിലെ സ്പാന്‍ ജോയിന്റുകളിലെ ലെവല്‍ വ്യത്യാസത്തിനു കാരണം. ഡിസൈന്‍ അനുസരിച്ചു അനുവദനീയമായ ഡിഫ്‌ലക്ഷന്‍ 25 മില്ലിമീറ്റര്‍. പാലാരിവട്ടത്തു 40 മില്ലിമീറ്റര്‍. ഇതാണു ഗര്‍ഡറുകളിലെ വിളളലുകള്‍ക്കു കാരണമായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA