ADVERTISEMENT

ദേശീയ പ്രസ്ഥാനങ്ങളോട് തമിഴകം മുഖം തിരിച്ചിട്ട് അരനൂറ്റാണ്ട്. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റി, തമിഴകത്തിന്റെ തലക്കുറി മാറ്റിയെഴുതിയ ഡിഎംകെ എന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന് ഇന്ന് സപ്തതി. പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കർ ഉയർത്തിയ ആത്മാഭിമാനവും സാമൂഹികനീതിയും അടിത്തറയൊരുക്കിയ ദ്രാവിഡ പ്രസ്ഥാനമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റി നിർത്താനാവാത്ത ശക്തിയായി വളർന്ന് 70 സംവത്സരങ്ങൾ പിന്നിടുന്നത്. സി.എൻ. അണ്ണാദുരൈയും മുത്തുവേൽ കരുണാനിധിയും എംജിആറുമെല്ലാം ഊതിക്കാച്ചിയ ദ്രാവിഡ രാഷ്ടീയം ഇന്നും തമിഴകത്ത് തെളിഞ്ഞു നിവർന്നുനിൽക്കുന്നു.

പ്രാദേശിക രാഷ്ട്രീയത്തിൽ മഹാപ്രസ്ഥാനമായി മാറിയ ദ്രാവിഡ രാഷ്ട്രീയത്തിന്റെ തുടക്കം ഡിഎംകെയ്ക്കും അഞ്ചുവർഷം മുമ്പാണ്. ‘ദ്രാവിഡർ കഴകം’ എന്ന പേരിൽ പിറവിയെടുത്ത പ്രസ്ഥാനത്തിലെ ഭിന്നതയിൽ നിന്നാണ് ഡിഎംകെയുടെ ഉദയം. തമിഴ് ജനതയ്ക്ക് വ്യത്യസ്തമായ ദിശാബോധവും നീതി ബോധവും രാഷ്ട്രീയ നൈതികതയും നൽകിയ ദ്രാവിഡ രാഷ്ട്രീയം എഴുപത്തിയഞ്ചാം വാർഷികത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

അരനൂറ്റാണ്ട് മുമ്പാണ് കോൺഗ്രസിനെ തൂത്തെറിഞ്ഞു തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിലേക്ക് നടന്നു കയറിയത്. രൂപപരിണാമങ്ങൾ ഏറെയുണ്ടായെങ്കിലും പിന്നീടൊരിക്കലും ദ്രാവിഡ രാഷ്ട്രീയത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന്റെ ആശയങ്ങളിൽ വിയോജിച്ചാണ് സ്വാതന്ത്ര്യ സമരസേനാനി കൂടിയായ രാമസ്വാമി നായ്ക്കർ ദ്രാവിഡ രാഷ്ട്രീയത്തിനു വിത്തു പാകിയത്.

1944 ൽ ദ്രാവിഡർ കഴകം രൂപീകരിച്ചതോടെ തമിഴകത്തിന്റെ രാഷ്ട്രീയത്തിൽ വൻ ദിശാമാറ്റം തുടങ്ങി. ദ്രാവിഡർ കഴകത്തോടും രാമസ്വാമി നായ്ക്കരോടും വിയോജിച്ച പ്രമുഖരായ നേതാക്കൾ 1949 സെപ്റ്റംബർ 17 ന് രൂപം നൽകിയതാണ് ദ്രാവിഡ മുന്നേറ്റ കഴകം . അരനൂറ്റാണ്ട് മുമ്പ് 1967 ൽ കോൺഗ്രസിനെ പുറത്താക്കി ഇന്ത്യയിൽ ഒറ്റയ്ക്ക് അധികാരത്തിലെത്തിയ ആദ്യ പ്രാദേശിക പ്രസ്ഥാനം കൂടിയായി ഡിഎംകെ. രൂപപരിണാമങ്ങൾ പലതുണ്ടായിട്ടും അര നൂറ്റാണ്ടിലേറെയായി തമിഴകം അടക്കി വാഴുകയാണ് ഡിഎംകെയും അണ്ണാഡിഎംകെയും നേതൃത്വം നൽകുന്ന ദ്രാവിഡ രാഷ്ട്രീയം.

വൈക്കം സത്യഗ്രഹവും ദ്രാവിഡർ കഴകവും

PTI5_16_2011_000125B
പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരും കരുണാനിധിയും.

1919 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്ന തമിഴ് നവോത്ഥാന നായകൻ പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കർ, കേരളത്തിൽ, വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതോടെ, കടുത്ത സാമൂഹിക പരിഷ്ക്കരണ വാദങ്ങളുടെ കൂടി വക്താവാകുകയായിരുന്നു. ബ്രാഹ്മണ്യ വിരുദ്ധ വികാരവുമായി 1926 ൽ ആത്മാഭിമാന പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

1935 ൽ കോൺഗ്രസ് വിട്ട നായ്ക്കർ ജസ്റ്റിസ് പാർട്ടിയിൽ ചേർന്നു. ദ്രാവിഡ കഴകത്തിനു മുമ്പു തന്നെ പ്രാദേശിക വാദമുയർത്തിയ പ്രസ്ഥാനമായിരുന്നു ജസ്റ്റിസ് പാർട്ടി. 1937 ൽ മദ്രാസ് പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ തോൽപ്പിച്ച് അധികാരത്തിൽ എത്തിയ കോൺഗ്രസും രാജാജിയും ഹിന്ദി പഠനം സ്കൂളുകളിൽ നിർബന്ധമാക്കിയതോടെയാണ് പെരിയോറിലെ ദ്രാവിഡ രാഷ്ട്രീയം ആളിക്കത്തിയത്.

ജസ്റ്റിസ് പാർട്ടിയിൽ നിന്ന പുറത്തുവന്ന നായ്ക്കർ, 1944 ഓഗസ്റ്റ് 27 ന് ദ്രാവിഡർ കഴകത്തിന് രൂപം നൽകി. ഹിന്ദി വിരുദ്ധതയ്ക്കൊപ്പം ‘ദ്രാവിഡനാട്’ എന്ന സ്വതന്ത്ര രാഷ്ട്രത്തിനും വേണ്ടി നിലകൊണ്ട നായ്ക്കർക്കൊപ്പം അണ്ണാദുരെയും കരുണാനിധിയുമടക്കം ഒട്ടേറെ തമിഴ് നേതാക്കളും അണിചേർന്നു. ദ്രാവിഡനാടു വാദവും ഹിന്ദി വിരുദ്ധ നിലപാടിനുമപ്പുറം സാമൂഹിക നീതിക്കു വേണ്ടിയും അന്ധവിശ്വാസങ്ങൾക്കും ജാതി വ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനുമെതിരെയും ശബ്ദമുയർത്തിയ ദ്രാവിഡർ കഴകം തമിഴ് നാട്ടിലെ അധഃസ്ഥിത, പിന്നാക്ക ജനതയ്ക്ക് മോചനത്തിന്റെ പുതിയ മുദ്രാവാക്യമായി. ‘ദക്ഷിണേന്ത്യ’ എന്ന സ്വതന്ത്ര രാഷ്ട്രവാദം കൂടിയായപ്പോൾ‌ തമിഴകത്തിന്റെ രാഷ്ട്രീയം പതിയെ തിളച്ചുപൊന്തി.

ദ്രാവിഡനാട്ടിൽ നിന്ന് ‘ദ്രാവിഡ മുന്നേറ്റ’ത്തിലേക്ക്‌

indira-kamaraj-karunanidhi
കാമരാജ്, കരുണാനിധി, ഇന്ദിരാഗാന്ധി എന്നിവർ.

ദ്രാവിഡർ കഴകം അഞ്ചു വർഷം പിന്നിട്ടതോടെ നേതൃനിരയിലെ പലർക്കും പെരിയോറുമായി യോജിപ്പില്ലാതായി. സി.എൻ.അണ്ണാ ദുരെയുടെ നേതൃത്വത്തിൽ ‘ഡിഎംകെ’ എന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പിറവിയിലാണ് ഈ കലാപം അവസാനിച്ചത്. ദ്രാവിഡർ കഴകം ഉയർത്തിയ ആശയങ്ങൾക്കൊപ്പെം ഹിന്ദിവിരുദ്ധ നിലപാടും ശക്തമാക്കിയ ഡിഎംകെ, അധികം വൈകാതെ തമിഴക മനസ്സിൽ ചിരപ്രതിഷ്ഠ നേടി. 1949 സെപ്റ്റംബർ 17 ന് ചെന്നൈ റോയ പുരത്തെ റോബിൻസൺ പാർക്കിലാണ് സപ്തതി ആഘോഷിക്കുന്ന ഡിഎംകെയുടെ പിറവി.

ഒരു പതിറ്റാണ്ടിലേറെക്കാലത്തെ അധ്വാനത്തിനൊടുവിലാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഡിഎംകെ നേട്ടമുണ്ടാക്കിയത്. 1967 ൽ മദ്രാസ് (ഇന്നത്തെ തമിഴ്നാട് ) നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക അവസാനിപ്പിച്ച് ഡിഎംകെ വൻ കുതിപ്പു നടത്തി. അരനൂറ്റാണ്ടിലേറെയായി തമിഴ്നാട് വാഴുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാന്ദിയായിരുന്നു ആ വിജയം.

പാർട്ടി പിന്നീട് പല പിളർപ്പുകളെ നേരിട്ടെങ്കിലും ദ്രാവിഡ രാഷ്ട്രിയത്തിനു തമിഴ്നാട്ടിൽ ബദലില്ലെന്നതാണ് ഇന്നും യഥാർഥ്യം.1957 ൽ സ്വതന്ത്രരായാണ് ഡിഎംകെ ആദ്യം തിരഞ്ഞെടുപ്പു രംഗത്തെത്തിയത്. ജയിച്ചു കയറിയ ആദ്യ എട്ടു പേരിൽ ഒരാൾ കരുണാനിധിയായിരുന്നു. ഇന്ത്യയിൽ, ശക്തമായ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉദയം കൂടിയായിരുന്നു ഡിഎംകെയുടെ 1967 ലെ വിജയം. തിരഞ്ഞെടുപ്പു ചരിത്രത്തിൽ കോൺഗ്രസിനെ പുറത്താക്കി ഒരു പ്രാദേശിക കക്ഷി രാജ്യത്ത് ഒറ്റയ്ക്ക് ആദ്യം അധികാരത്തിലെത്തിയത് ഡിഎംകെയാണ്. അങ്ങനെ സി.എൻ. അണ്ണാദുരൈ 1967 ൽ തമിഴ്നാടിന്റെ പ്രഥമ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായി.

ഇതിനിടെ, നിലപാടുകളിൽ പലതിലും ഡിഎംകെ മാറ്റം വരുത്തി. 1962 ലെ ഇന്ത്യ - ചൈന യുദ്ധത്തോടെ സ്വതന്ത്ര രാഷ്ട്രവാദം ഉപേക്ഷിച്ച് ദേശീയതയുടെ ഭാഗമാകാൻ പാർട്ടി തീരുമാനിച്ചു. 1953 ലെ കടുത്ത ഹിന്ദി വിരുദ്ധസമരവും തമിഴക മനസ്സിൽ വേരോടാൻ ഡിഎംകെ യെ ഏറെ സഹായിച്ചു. പ്രതിഷേധം കുറച്ചെങ്കിലും ഹിന്ദി വിരുദ്ധ നിലപാട് ഇന്നും ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണ്.

karunanidhi-annadurai
കരുണാനിധിയും അണ്ണാദുരൈയും.

തമിഴ്നാടിനും ഡിഎംകെയ്ക്കും കനത്ത ആഘാതം നൽകി പാർട്ടി സ്ഥാപകനും മുഖ്യമന്ത്രിയുമായ അണ്ണാദുരെ 1969 ഫെബ്രുവരി 3 ന് അന്തരിച്ചു. തുടർന്ന് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായി എം. കരുണാനിധി അധികാരമേറ്റു. അധഃസ്ഥിത ജനതയുടെ രക്ഷകനെന്ന പരിവേഷത്തോടെ അഞ്ചു തവണയായി 23 വർഷം അദ്ദേഹം തമിഴകത്തെ നയിച്ചു. പിതാവിന്റെ പോരാട്ട വീര്യത്തോടെ തന്നെ മകൻ എം.കെ. സ്റ്റാലിൻ ഇന്ന് ഡിഎംകെയെ ദേശീയ രാഷ്ട്രീയത്തിൽ പോലും നിർണായക ശക്തിയാക്കി മാറ്റിയിരിക്കുന്നു. രാഷ്ട്രീയത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടായെങ്കിലും പിളർന്നും വളർന്നും ദ്രാവിഡ രാഷ്ട്രിയ പ്രസ്ഥാനങ്ങൾ വിളിച്ചറിയിക്കുന്നത് തമിഴ്നാടിന്റെ സ്വത്വം കൂടിയാണ്.

അണ്ണാ ഡിഎംകെയുടെ വരവ്

സിനിമയും രാഷ്ട്രീയവും ജീവിതത്തിൽ ഇഴപിരിയാത്ത തമിഴ്നാട്ടിൽ, അണ്ണാ ദുരെയ്ക്കും കരുണാനിധിക്കുമൊപ്പം ജനങ്ങളെ ആവേശം കൊള്ളിച്ച താര പ്രചാരകനായിരുന്നു എംജിആർ. അണ്ണായുടെ വിയോഗത്തോടെ കരുണാനിധിയും എംജിആറും തമ്മിലെ വൈരുദ്ധ്യങ്ങൾ ഡിഎംകെയുടെ പിളർപ്പിൽ കലാശിച്ചു. 1972 ഒക്ടോബർ 27 ന് ഡിഎംകെ ബന്ധം ഉപേക്ഷിച്ച് എം ജി ആർ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (എഡിഎംകെ) രൂപം നൽകി.

PTI5_16_2011_000125B
കരുണാനിധിയും എംജിആറും. ഒരു പഴയകാല ചിത്രം.

അഞ്ചു വർഷത്തെ, നിരന്തരമായ പ്രവർത്തനത്തിൽ തമിഴക ഹൃദയം എംജിആർ കീഴടക്കി. 1977 മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയെ തൂത്തെറിഞ്ഞ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന ഇന്നത്തെ എഐഎഡിഎംകെ തമിഴ്നാട്ടിൽ ഭരണമുറപ്പിച്ചു. മുഖ്യമന്ത്രിയായത് എംജിആർ. ദ്രാവിഡ രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിനു തുടക്കമായിരുന്നു ആ ഭരണമാറ്റം. 1987 ൽ അന്തരിക്കും വരെ എംജിആറിനെ അധികാര ഭ്രഷ്ടനാക്കാൻ കരുണാനിധിക്കോ മറ്റാർക്കുമോ ആയില്ല.

അണ്ണാ ഡിഎംകെ വരവോടെ തമിഴ് രാഷ്ട്രീയം എംജിആർ - കരുണാനിധി പോരാട്ടമായി. 1967 ൽ പുറത്താക്കപ്പെട്ട കോൺഗ്രസിന് പിന്നീട് ഒരിക്കലും അധികാരത്തിലേക്ക് തിരിച്ചുവരാനായില്ല. എന്നും ഏതെങ്കിലും ദ്രാവിഡ പാർട്ടികളുടെ പാർശ്വവർത്തിയായി തമിഴകത്ത് കോൺഗ്രസും മറ്റു ദേശീയപാർട്ടികളും ഇടതുപാർട്ടികളും മാറുന്നതും തുടർക്കാഴ്ചയായി.

ജയലളിതാ യുഗം

1987 ൽ എംജിആറിന്റെ മരണത്തോടെ അണ്ണാ ഡിഎംകെയിൽ പുതിയ താരോദയത്തിന് വഴിതെളിഞ്ഞു. ഭാര്യ ജാനകി മുഖ്യമന്ത്രിയായി പാർട്ടി നേതൃത്വം ഏറ്റെടുത്തെങ്കിലും എംജിആറിന്റെ ഇഷ്ടനായിക ജയലളിതയ്ക്കൊപ്പമായിരുന്നു പാർട്ടി അണികളും തമിഴ് ജനതയും അണ്ണാ ഡിഎംകെയെ ഒപ്പംകൂട്ടിയത്. എംജി ആറിന്റെ മരണത്തിനു പിന്നാലെ 1989 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചു കയറാനായില്ലെങ്കിലും 1991 ൽ തകർപ്പൻ നേടി ജയലളിത തമിഴ് മാനസം കീഴടക്കി.

PTI5_16_2011_000125B
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തുന്ന ജയലളിതയെ കൂപ്പുകൈകളോടെ വരവേൽക്കുന്ന എഐഎഡിഎംകെ നേതാക്കൾ. – ഫയൽ ചിത്രം.

2001ലും 2011ലും 2016 ലും ഉജ്വല വിജയമാണ് ജയയുടെ നേത്യത്വത്തിൽ അണ്ണാ ഡിഎംകെ നേടിയത്. ജയയുടെ ജനപ്രീതിക്കു മുമ്പിൽ പലപ്പോഴും പിടിച്ചുനിൽക്കാൻ ഡിഎംകെ ഏറെ പണിപ്പെട്ടു. ജയലളിയുടെ മരണത്തോടെ രണ്ട് ചേരിയായ അണ്ണാ ഡിഎംകെ വീണ്ടും ഒന്നായി ഇപ്പോഴും അധികാരത്തിൽ തുടരുമ്പോൾ ദ്രാവിഡ രാഷ്ട്രീയം തമിഴകത്ത് എതിരാളികളല്ലാതെ അധികാരത്തിൽ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

ദേശീയ രാഷ്ട്രീയത്തിലെ ദ്രാവിഡ മുന്നേറ്റം

ദേശീയ തലത്തിൽ രൂപപ്പെട്ട മുന്നണി രാഷ്ട്രീയം, ദ്രാവിഡ പ്രസ്ഥാനങ്ങൾക്ക് മാറ്റുകൂട്ടി.1980 മുതൽ തമിഴ്നാട്ടിൽ കോൺഗ്രസും ഇടതു പാർട്ടികളും ദ്രാവിഡ പ്രസ്ഥാനങ്ങളുടെ മുന്നണികളിൽ കൂട്ടാളികളാണ്. രണ്ട് പതിറ്റാണ്ടായി ബിജെപിയും തമിഴ്നാട്ടിലെ ചെറു കക്ഷികളും ഈ മുന്നണികളിൽ മാറി മാറി ഭാഗ്യം പരീക്ഷിക്കുന്നു.

PTI5_23_2019_000386A
പിന്നിട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കു ലഭിച്ച വൻമുന്നേറ്റം പാർട്ടി തലവൻ എം.കെ.സ്റ്റാലിന്റെ ചിത്രമുയർത്തി ആഘോഷിക്കുന്ന ഡിഎംകെ പ്രവർത്തകർ.

1980 കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയ കോൺഗ്രസ്, തമിഴ്നാട്ടിൽ ഡിഎംകെയ്ക്കൊപ്പമാണ് തിരഞ്ഞെടുപ്പു പോരാട്ടത്തിറങ്ങിയത്. ഇടതുകക്ഷികൾ അണ്ണാ ഡിഎംകെയ്ക്കൊപ്പവും. 1999 ൽ ബി ജെപി യോടൊപ്പം ചേരിമാറിയ ഡിഎംകെ കേന്ദ്രത്തിലും അധികാരത്തിന്റെ ഭാഗമായി തമിഴകത്തിന്റെ കരുത്തു കാട്ടി. 2006 മുതൽ കോൺഗ്രസിനൊപ്പം ചേർന്ന് യുപിഎയുടെ ഭാഗമായി ഡിഎംകെ ദേശീയ രാഷ്ട്രീയത്തിൽ ഇന്നും നിർണായകമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നാഴികെ എല്ലാ സീറ്റും സ്വന്തമാക്കിയ ഡിഎംകെ സഖ്യത്തിന്റേത് ദ്രാവിഡ രാഷ്ട്രീയം സ്വന്തം വരുതിയിലാണെന്ന വിളംബരം കൂടിയായിരുന്നു.

1984 ൽ കോൺഗ്രസിനെ ഒപ്പം നിർത്തിയ അണ്ണാ ഡിഎംകെ, തൊണ്ണുകളിൽ ബിജെപിയെ കൂടെ കൂട്ടാൻ താൽപര്യം കാണിച്ചു. തമിഴ്നാട്ടിൽ കാര്യമായ വേരോട്ടമില്ലാത്ത ബിജെപി ക്ക് അണ്ണാ ഡിഎംകെയുടെ പിന്തുണ അനുഗ്രഹമാവുകയായിരുന്നു. പിന്നീട് ഏറെക്കാലം ഇടതു പാർട്ടികളെ ഒപ്പം നിർത്തിയ അണ്ണാ ഡിഎംകെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെയും പിഎംകെയെയും കൂടെ കൂട്ടിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

AIADMK-DMK
തമിഴനാട് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ.പനീർസെൽവം, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി.

മുന്നണികളായി ഇരുപാർട്ടികളും ബലപരീക്ഷ നടത്തുമ്പോഴും ദ്രാവിഡ പ്രസ്ഥാനം മുന്നോട്ടുവച്ച പുരോഗമന ആശയങ്ങൾ മിക്കതും തമിഴ്‌മണ്ണിൽ ഇന്നും സ്വപ്നങ്ങൾ പോലെ ബാക്കിയാണ്. ജാതിയും സിനിമയും കൊല്ലും കൊലയുമെല്ലാം കൊടികുത്തി വാഴുന്ന തമിഴക രാഷ്ട്രീയത്തിൽ പെരിയോറുടെയും അണ്ണായുടെയും കലൈജ്ഞറുടെയും എംജിആറിന്റെയുമെല്ലാം സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് വർത്തമാനകാല സംഭവങ്ങൾ ഓർമിപ്പിക്കുന്നത്.

കൂടുതൽ വായനയ്ക്ക്

തീയെ താണ്ടിയ തമിഴുയിർ...

രാഷ്ട്രീയവും സിനിമയും: ഇരട്ട സഹോദരൻമാർ...

അധികാരം അകറ്റിയ ‘ഇരുവർ’; കരുണാനിധിയും എംജിആറും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com