ADVERTISEMENT

മേലുകാവ്(പാലാ) ∙ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന ഒരാള്‍ പാലായില്‍ നിന്നുണ്ടായാല്‍ അത് പാലായ്ക്കു കൂടുതല്‍ സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേലുകാവില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ഇടതു മുന്നണിക്കൊപ്പം നിന്നില്ല എന്നതുകൊണ്ട് വിവേചനം ഉണ്ടായിട്ടില്ല എന്നു വ്യക്തമാക്കിയ അദ്ദേഹം വോട്ടര്‍മാര്‍ക്ക് വലിയ അവസരം കൈവന്നിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ പൊതുവായ വികാരം പ്രകടിപ്പിക്കാനുള്ള അവസരമാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ ഏറിയത് മൂന്നേകാല്‍വര്‍ഷം മുമ്പാണ്. അന്നത്തെ ആ സാഹചര്യത്തില്‍ കേരളത്തിന്റെ സമഗ്രമായ വികസനം, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സര്‍വതലസ്പര്‍ശിയായ വികസനം എല്‍ഡിഎഫ് വാഗ്ദാനംചെയ്തു. ജനം സ്വാഭാവികമായും അത് സ്വീകരിച്ചു. മൂന്നേകാല്‍ വര്‍ഷം എല്‍ഡിഎഫ് കേരളം ഭരിച്ചപ്പോള്‍ നമ്മുടെ നാടിന്റെ അവസ്ഥയ്ക്ക് മാറ്റം വന്നു. കാര്‍ഷികരംഗം മൂന്നേകാല്‍വര്‍ഷം മുമ്പ് പിറകോട്ടായിരുന്നു പോയിരുന്നത്. അന്നത്തെ കണക്കനുസരിച്ച് കാര്‍ഷികവളര്‍ച്ച 4.6 ശതമാനം പിന്നോട്ടുപോയി. ഇന്ന് ആ സ്ഥിതിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം.

പിണറായി വിജയൻ
പിണറായി വിജയൻ(ഫയൽ ചിത്രം)

നമ്മുടെ സംസ്ഥാനത്ത് അഭിമാനകരമായ വളര്‍ച്ച കാര്‍ഷികരംഗത്തുണ്ടാക്കാന്‍ ഈ മൂന്നേകാല്‍ വര്‍ഷംകൊണ്ട് കഴിഞ്ഞെന്ന് പിണറായി വിജയന്‍ പറഞ്ഞു. നെല്‍കൃഷി വലിയതോതില്‍ വര്‍ധിച്ചു. പച്ചക്കറിയില്‍ സ്വയംപര്യാപ്തതയില്‍ എത്താന്‍ സാധിക്കും. റബര്‍ മൂന്നേകാല്‍വര്‍ഷംമുമ്പ് കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് 210 കോടി രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്നു. അത് പോയെന്ന് കണക്കാക്കി കര്‍ഷകര്‍ ഉപേക്ഷിച്ചതാണ്. ആ 210 കോടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കി. മൂന്നേകാല്‍വര്‍ഷംകൊണ്ട് റബര്‍കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ 1310 കോടി രൂപ നല്‍കി. 4.12 ലക്ഷം കര്‍ഷകര്‍ക്കാണ് നല്‍കിയത്.

പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ കര്‍ഷകര്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നു. മൂന്നേകാല്‍വര്‍ഷംമുമ്പ് പദ്ധതിച്ചെലവ് 61 ശതമാനം മാത്രമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 90 ശതമാനത്തിനു മുകളിലെത്തി. നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് എല്‍ഡിഎഫിനു ഈ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.

ദേശീയതലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. സാമ്പത്തികമേഖലയ്ക്ക് പ്രത്യാഘാതമുണ്ടായി എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നയങ്ങളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുകയാണ്. ആസിയാന്‍ കരാര്‍ ഒപ്പിട്ട ഘട്ടത്തില്‍ എല്‍ഡിഎഫ് ശക്തമായി എതിര്‍ത്തു. അങ്ങനെ എതിര്‍ത്ത ഞങ്ങളെ പരിഹസിക്കാനായിരുന്നു പലര്‍ക്കും താല്‍പര്യം. കോണ്‍ഗ്രസിന്റെ ഭാഗമായി നിന്നവര്‍ക്കും കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കും ആസിയാന്‍ കരാറിനു മുമ്പും ശേഷവുമുള്ള റബറിന്റെ വില ഓര്‍ക്കണം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നു. ലക്കും ലഗാനുെമില്ലാതെ ബിജെപി പദ്ധതികള്‍ നടപ്പാക്കുന്നു. ആഗോളവല്‍ക്കരണ നയങ്ങളെ ഇടതുപക്ഷം എതിര്‍ത്തത് ഗുണഫലം കാണാതെയെന്ന് വിമര്‍ശിച്ചു. ഏത് ഗുണമാണ് അനുഭവിക്കാന്‍ കഴിഞ്ഞതെന്നു മുഖ്യമന്ത്രി ചോദിച്ചു.

ബദല്‍ നയം നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് പൊതുവേ അവകാശപ്പെടാറുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം ഇതേ ആഗോളവല്‍ക്കരണനയം വീറോടെ നടപ്പാക്കി. യുഡിഎഫും യുപിഎയും വാശിയോടെ ആഗോളവല്‍ക്കരണ നയം നടപ്പാക്കി. യുഡിഎഫ് ഇറങ്ങുമ്പോ പൊതുമേഖലാ സ്ഥാപനങ്ങള്‍ 131 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇപ്പോഴത് 258 കോടി രൂപ ലാഭമുണ്ടാക്കി. കേന്ദ്രം നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞ സ്ഥാപനങ്ങള്‍ ചിലത് ഏറ്റെടുത്തു. ചിലത് ഏറ്റെടുക്കാന്‍ നടപടി പുരോഗമിക്കുന്നു. ചിലതിന് പാരവയ്ക്കാന്‍ കേന്ദ്രം മുന്നോട്ടുപോകുന്നു.

യുഡിഎഫ് നടപ്പാക്കിയ നിയമന നിരോധനം എല്‍ഡിഎഫ് ഉപേക്ഷിച്ചു. മൂന്നേകാല്‍ വര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ 1.20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. പുതിയ തസ്തിക 22,500 സൃഷ്ടിച്ചു. അഴിമതിയുടെ കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനമായിരുന്നു കേരളം. ഇപ്പോള്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന് കേന്ദ്രം തന്നെ അംഗീകരിക്കുന്ന സ്ഥിതി വന്നു. അഴിമതി ഇല്ലാത്ത സംസ്ഥാനം എന്നലക്ഷ്യത്തിലേക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

അഴിമതി ആരു കാണിച്ചാലും അവരെ സംരക്ഷിക്കാതിരിക്കണമെങ്കില്‍ സ്വയം അഴിമതി കാണിക്കാതിരിക്കണം. ആര് അഴിമതി കാണിച്ചാലും രക്ഷപ്പെടില്ല. കര്‍ക്കശമായ നടപടിയുണ്ടാകും. ആ നടപടികളെ ഒരാളെയോ പ്രത്യേക വിഭാഗത്തെയോ ലക്ഷ്യമിട്ടുകൊണ്ടല്ല. നിക്ഷേപകര്‍ക്കിപ്പോള്‍ നല്ല ആത്മവിശ്വാസം. ഇവിടെ നിക്ഷേപത്തിന്റെ പങ്ക് ചോദിക്കാന്‍ ആരും വരുന്നില്ല. നിസാനുള്‍പ്പെടെ അന്താരാഷ്ട്ര കമ്പനികള്‍ കേരളത്തിലേക്ക് വരുന്നു. ചിലര്‍ വരാനുള്ള ചര്‍ച്ച നടക്കുന്നു. മാറ്റം കേരളത്തിന് ഗുണപരമായി എങ്ങനെ ഭവിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.

അഴിമതി മുക്തമായ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഒരു നേരത്തെ കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തവരുടെ ക്ഷേമപെന്‍ഷനുകള്‍ യുഡിഎഫ് സര്‍ക്കാര്‍ കുടിശികയാക്കിയത് 1800 കോടി രൂപ. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നയുടന്‍ ആദ്യം അതുകൊടുത്തു തീര്‍ത്തു. പെന്‍ഷന്‍ 600 രൂപ എന്നത് 1200 രൂപയാക്കി. 52 ലക്ഷം കുടുംബത്തിന് പെന്‍ഷന്‍ ലഭിക്കുന്നു. യുഡിഎഫ് കാലത്ത് കൊടുത്തതുപോലുമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ 3 വര്‍ഷംകൊണ്ട് 20,000 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണംചെയ്തു. ഇതാണ് വ്യത്യാസം. ഇതൊന്നും യുഡിഎഫിന് സ്വപ്‌നം കാണാന്‍ കഴിയില്ല. പാവപ്പെട്ടവരെക്കുറിച്ച് ചിന്തയില്ലല്ലോ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം 453 കോടി രൂപമാത്രം കൊടുത്തപ്പോള്‍ മൂന്നുവര്‍ഷം കൊണ്ട് എല്‍ഡിഎഫ് കൊടുത്തത് 1294 കോടി രൂപ. 3.70 ലക്ഷം പേര്‍ക്കായാണ് ഈ തുക നല്‍കിയത്. യുഡിഎഫ് അഞ്ചുവര്‍ഷംകൊണ്ട് 40,000 പട്ടയം കൊടുത്തപ്പോള്‍ എല്‍ഡിഎഫ് മൂന്നുവര്‍ഷംകൊണ്ട് 1,07765 പട്ടയം. അതിവേഗതയില്‍ ബാക്കിയുള്ളത് കൊടുത്തുതീര്‍ക്കാന്‍ നടപടി പുരോഗമിക്കുന്നു.

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി ലോകത്തിലെ ഏത് വിദ്യാഭ്യാസ സമ്പ്രദായവുമായി കിടപിടിക്കാന്‍ നമുക്കു കഴിഞ്ഞു. വലിയ മുന്നേറ്റം നാടിനുണ്ടായി. മൂന്നുവര്‍ഷം കൊണ്ട് പൊതുവിദ്യാലയങ്ങളില്‍ അഞ്ചുലക്ഷത്തില്‍പരം കുട്ടികള്‍ പുതുതായി ചേര്‍ന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതു കുളങ്ങള്‍ ജലാശയങ്ങള്‍ എന്നിവ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. ഇനിയും ശക്തിപ്പെടണം. ജൈവകൃഷി നല്ലനിലയില്‍ വര്‍ധിച്ചു. വലിയമാറ്റം ഇതിന്റെയെല്ലാം ഭാഗമായി സംഭവിച്ചു. നാടിന്റെ നല്ല വികസനത്തിനുവേണ്ടയാണ് ഇവയെല്ലാം. നാടിന്റെ വികസനം എന്നതില്‍ പശ്ചാത്തല സൗകര്യവികസനം വളരെ പ്രധാനമാണ്.

കിഫ്ബിയെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്ന മനോഭാവം ചിലര്‍ക്ക്. നിങ്ങളിവിടെ ഒരു വികസനവും നടത്താന്‍ പാടില്ല എന്നതാണ് ചിലരുടെ മനോഭാവം. 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടു. 45,000 കോടിയിലധികം രൂപയുടെ പദ്ധതി ഇതിനകം ആരംഭിച്ചു.സമ്പൂര്‍ണ വൈദ്യുതീകരണം എന്നാല്‍ എല്ലായിടത്തും വൈദ്യുതി എത്തിക്കണം. ഇടമലക്കുടിയില്‍ വരെ വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഒട്ടേറെ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍ പാലായും ഒപ്പം നില്‍ക്കണ്ടേ എന്നു പറഞ്ഞ മുഖ്യമന്ത്രി മാണി സി കാപ്പന് വോട്ടുചെയ്യണമെന്നും അഭ്യര്‍ഥിച്ചു. കൊല്ലപ്പളളിയിലും കരൂര്‍ പേണ്ടാനംവയലിലും സംഘടിപ്പിച്ചു പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com