ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിലെ ജാദവ്പുർ സർവകലാശാലയിൽ സംഘർഷം. കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോയെ എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതു സംഘടനാ വിദ്യർഥികൾ കരിങ്കൊടി കാണിക്കുകയും ക്യാംപസിൽ പ്രവേശിക്കാൻ അനുവദിക്കാതെ കാർ തടയുകയും ചെയ്തു. എബിവിപി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ഫാഷിസ്റ്റ് ശക്തികളെ കോളജിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു പ്രതിഷേധം.

ക്യാംപസിൽ നിന്നു മടങ്ങാൻ ശ്രമിക്കവെ വിദ്യാർഥിക‌ൾ തലമുടിയിൽ പിടിച്ചു വലിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നു മന്ത്രി ആരോപിച്ചു. നക്‌സലുകളെന്നു സ്വയം വിശേഷിപ്പിച്ച വിദ്യാര്‍ഥികള്‍ പ്രകോപിപ്പിക്കാനാണു ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സംഭവമറിഞ്ഞു ക്യാംപസിലെത്തിയ ഗവർണർ ജഗദീപ് ധന്കറെയും വിദ്യാർഥികൾ ത‍ടഞ്ഞുവയ്ക്കാൻ ശ്രമിച്ചു. സര്‍വകലാശാല വൈസ് ചാൻസലർ സുരഞ്ജന്‍ ദാസ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും പിരിഞ്ഞുപോകാൻ തയാറായില്ല.

ഒടുവിൽ ഗവർണറുടെ കാറിലാണു ബാബുൽ സുപ്രിയോയെ ക്യാംപസിനു പുറത്തെത്തിച്ചത്. കേന്ദ്രമന്ത്രിയെ തടഞ്ഞത് ഗൗരവമേറിയ കുറ്റമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ പ്രതിഫലനമാണു സംഭവമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിയെ ഗവർണർ വിളിച്ചു. ചീഫ് സെക്രട്ടറിയോടു വിശദീകരണവും തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com