ADVERTISEMENT

തിരുവനന്തപുരം ∙ പഞ്ചിങ്ങില്‍ വീഴ്ച വരുത്തുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് അടുത്തമാസം മുതല്‍ അനധികൃത അവധി കണക്കാക്കി പണം പിടിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഹാജര്‍ രേഖകള്‍ ശരിയാക്കാന്‍ ജീവനക്കാർ നെട്ടോട്ടത്തിൽ. പഞ്ചിങ് സംവിധാനം നിലവിലുണ്ടായിരുന്നെങ്കിലും ശമ്പള വിതരണ സോഫ്റ്റ്‍വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. ഈ മാസമാണു നടപടികള്‍ കര്‍ശനമാക്കിയതും സ്പാർക്കുമായി പഞ്ചിങ് ബന്ധിപ്പിച്ചതും.

പഞ്ചിങില്‍ വീഴ്ച വന്നാല്‍ ശമ്പളം പിടിക്കുമെന്നാണു പൊതുഭരണ വകുപ്പിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണു പഞ്ചിങ് കര്‍ശനമാക്കിയത്. ഇടതുപക്ഷം അടക്കം എല്ലാ സംഘടനകളും ഇതിനെതിരെ നിലപാടെടുത്തു. എന്നാൽ, ഗവർണറുടെ നയപ്രഖ്യാപനത്തിലടക്കം പ്രഖ്യാപിച്ച കാര്യം നടപ്പിലാക്കാൻ പൊതുഭരണ സെക്രട്ടറി തയാറാവുകയായിരുന്നു.

പഞ്ചിങ് നടപ്പാക്കാൻ ഇതിനുമുന്‍പും സർക്കാരുകൾ ശ്രമിച്ചു പരാജയപ്പെട്ടതിനാൽ മിക്ക ജീവനക്കാരും നിർദേശങ്ങൾ കാര്യമായി എടുത്തില്ല. അങ്ങനെയുള്ളവർക്കു പഞ്ചിങ് രേഖകള്‍ ശരിയാക്കണമെങ്കില്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ഹാജര്‍ രേഖയും പരിശോധിക്കേണ്ട അവസ്ഥയാണ്. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ പ്രവൃത്തി സമയം.

മാസം 300 മിനിറ്റാണു ഗ്രേസ് ൈടം. ദിവസം പരമാവധി 60 മിനിറ്റ് ഗ്രേസ് ടൈം മാത്രമേ ഉപയോഗിക്കാനാകൂ. ഗ്രേസ് ടൈം ബാലന്‍സ് സ്പാര്‍ക്കിലൂടെ ജീവനക്കാര്‍ക്കു കാണാം. ഹാഫ് ഡേ ജോലിക്കു ഗ്രേസ് ടൈം നല്‍കില്ല. മാസത്തില്‍ 10 മണിക്കൂറോ അതിലധികമോ അധികസമയം ജോലി െചയ്യുന്ന ഉദ്യോഗസ്ഥര്‍ക്കു മാസത്തില്‍ ഒരു ദിവസം കോംപന്‍സേഷന്‍ ഓഫ് അനുവദിക്കും. ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് ഹാജരായി കണക്കാക്കില്ല.

സെക്രട്ടേറിയറ്റില്‍ ശമ്പള ബില്‍ തയാറാക്കുന്നതു മുന്‍മാസം 16 മുതല്‍ പ്രസ്തുത മാസം 15 വരെയുള്ള ഹാജർ കണക്കാക്കിയാണ്. ജീവനക്കാര്‍ ഓഫിസില്‍ വരുമ്പോഴും പോകുമ്പോഴും ഐഡി കാര്‍ഡ് മുഖേനയോ പെന്‍ നമ്പര്‍ രേഖപ്പെടുത്തിയോ ആണു പഞ്ചിങ് ഉപകരണത്തില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടത്. തിരുവനന്തപുരം നഗരപരിധിയില്‍ താമസിക്കുന്ന ജീവനക്കാർ പഞ്ചിങ് ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്.

രാവിലെ നടക്കാൻ പോകുമ്പോഴും കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുമ്പോഴും പഞ്ചിങ് ചെയ്യുന്നതായും അതുവഴി ഗ്രേസ് സമയം അടക്കം വാങ്ങി കോംപൻസേറ്ററി അവധി കൈക്കലാക്കുന്നതായും പരാതിയുണ്ട്. ഇത്തരക്കാരെ കുടുക്കാൻ സെക്രട്ടേറിയറ്റ് വളപ്പിലും പഞ്ചിങ് പോയിന്റിലും സ്‌ഥാപിച്ചിട്ടുള്ള ക്യാമറകളുടെ സഹായം തേടാനാണു ബിശ്വനാഥ് സിൻഹയുടെ തീരുമാനം.

സ്പാര്‍ക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബറിനുള്ളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിങ് നടപ്പിലാക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. സ്പാര്‍ക്ക് ഇല്ലാത്ത ഓഫിസുകളില്‍ സ്വതന്ത്രമായി മെഷീനുകള്‍ വാങ്ങി ഹാജര്‍ നില പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

English Summary: Salary-linked punching system in Secretariat kicks off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com