ADVERTISEMENT

കോട്ടയം ∙ പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. അഴിമതി കാണിക്കാതിരുന്നാൽ സർക്കാർ ഭക്ഷണം കഴിക്കാതിരിക്കാം. ഒരു പഞ്ചവടിപ്പാലവും കേരളത്തിൽ അനുവദിക്കില്ല. പാലായിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പിണറായി.

‘ഇന്നൊരാളുടെ കഥ പുറത്തു വന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. എത്ര ഉന്നതനായാലും അഴിമതി കാണിച്ചാല്‍ രക്ഷപ്പെടില്ല, ശക്തമായ നടപടി ഉണ്ടാകും. അഴിമതിയോട് ഒരു വീട്ടുവീഴ്ചയും കാണിക്കുകയില്ല. അഴിമതിക്കെതിരെ ശക്തമായ നടപടിയെന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്’– ഇബ്രാഹിംകുഞ്ഞിനെ ഉദ്ദേശിച്ചു പിണറായി പറഞ്ഞു.

കിഫ്ബിയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം പുകമറയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സിഎജിയുടെ ഏത് പരിശോധനയ്ക്കും സര്‍ക്കാര്‍ തടസ്സമല്ല. അനാവശ്യ വിവാദമുണ്ടാക്കി നാടിന്റെ വികസനത്തെ തടയുകയാണു പ്രതിപക്ഷം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. പാലം നിര്‍മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് എതിരായത്‌. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും പലിശയില്ലാതെ പണം മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നു മന്ത്രിയായിരുന്നു വി.കെ.ഇബ്രാഹിംകുഞ്ഞ് ആണെന്നാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചത്.

MM Mani, Ibrahim Kunju, Pinarayi Vijayan
എം.എം.മണി, വി.കെ.ഇബ്രാഹിം കുഞ്ഞ്, പിണറായി വിജയൻ

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അരോപണവിധേയനായ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ട്രോളി മന്ത്രി എം.എം.മണി രംഗത്തെത്തി. ‘കമ്പിയില്ലേല്‍ കമ്പിയെണ്ണും’ എന്ന ഒറ്റ വാചകത്തിലാണു മന്ത്രിയുടെ പരിഹാസം. പാലാരിവട്ടം പാലം പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെയും വിജിലൻസ് അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണു മണിയുടെ പോസ്റ്റ്. ഫെയ്സ്ബുക്ക് കുറിപ്പ് ഏതാനും മണിക്കൂറുകൾക്കകം വൈറലായി.

കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വിശദമായി ചോദ്യം ചെയ്യും. സര്‍ക്കാര്‍ ഫയലുകള്‍ കിട്ടിയ ശേഷമാണു വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായത്. കരാറുകാരനു മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കും. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് മതിയെന്നാണു തീരുമാനം.

മേൽപ്പാലം നിര്‍മാണത്തിനായി മുന്‍കൂര്‍ പണം നല്‍കിയതു തെറ്റാണെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. റോഡ് ഫണ്ട് ബോര്‍ഡും റോഡ്സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ കേരളയും തമ്മില്‍ പണമിടപാട് ശരിയല്ല. അങ്ങനെയൊരു കീഴ്‌വഴക്കമില്ല. കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടുപോകും. ടി.ഒ.സൂരജിന്‍റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ തെറ്റുണ്ടെങ്കില്‍ സര്‍ക്കാര്‍ കണ്ടുപിടിക്കട്ടെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. തെളിവുകളുടെ പിന്‍ബലമില്ലാതെ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്കു നീങ്ങാന്‍ കഴിയുമോ എന്നു വിജിലന്‍സ് പരിശോധിക്കണം. പാലാ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു നീക്കമെങ്കില്‍ ജനം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്കു കാര്യങ്ങൾ നീങ്ങില്ലെന്നും പാലാ ഉപതിരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയനീക്കം മാത്രമാണെന്നും ലീഗ് വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com