ADVERTISEMENT

കൊച്ചി ∙ കോളജ് ഹോസ്റ്റലുകളിൽ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാര്‍ഥികളുടെ മൗലികാവകാശ ലംഘനമാണെന്നു ഹൈക്കോടതി. ഇ–പേപ്പറും ഇ–ബുക്കും ഓൺലൈൻ കോഴ്സുകളും വ്യാപകമാകുന്ന കാലമാണ്. മൊബൈൽ ഫോൺ ഒഴിച്ചുകൂടാനാകാത്ത വസ്തുവായി മാറിയ സാഹചര്യത്തിൽ ഇന്റർനെറ്റ് ഉപയോഗം മൗലിക അവകാശമാണ്. പെൺകുട്ടികളോട് ഇക്കാര്യത്തിൽ വിവേചനം പാടില്ലെന്നും കോടതി നിർദേശിച്ചു.

പെൺകുട്ടികൾക്കു കോളജ് ഹോസ്റ്റലിൽ മൊബൈൽ ഫോൺ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ചേളന്നൂർ എസ്എൻ കോളജിലെ ബിഎ വിദ്യാർഥിനി ഫഹീമ ഷിറിൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി.ആശയുടെ ഉത്തരവ്. ഹോസ്റ്റലിൽ മൊബൈൽ ഉപയോഗം നിരോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതിയുടെ 2016ലെ പ്രഖ്യാപനം അനുസരിച്ചും ഇന്റർനെറ്റ് മൗലികാവകാശമാണ്. ഇത് ഇന്ത്യയ്ക്കും ബാധകമാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹോസ്റ്റലിലെ അന്തേവാസികള്‍ പ്രായപൂര്‍ത്തിയായവരാണെന്നു കോളജ് അധികൃതരും രക്ഷിതാക്കളും മനസ്സിലാക്കണം. എങ്ങനെ പഠിക്കണം, എപ്പോള്‍ പഠിക്കണം എന്നൊക്കെ വിദ്യാര്‍ഥികളാണു തീരുമാനിക്കേണ്ടത്. വൈകിട്ട് ആറു മുതൽ 10 വരെ പെൺകുട്ടികൾക്കു ഫോൺ ഉപയോഗിക്കാൻ വിലക്കിയതിൽ പ്രതിഷേധിച്ചതിനു ഹോസ്റ്റലിൽനിന്നു പുറത്താക്കിയ സാഹചര്യത്തിലാണു ഹർജി. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇല്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഏർപ്പെടുത്തുന്നതു ലിംഗ വിവേചനമാണെന്നു ഹർജിഭാഗം വാദിച്ചു.

വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണു പഠനസമയത്തു മൊബൈൽ നിയന്ത്രണം കൊണ്ടുവന്നതെന്നു കോളജ് അധികൃതര്‍ വാദിച്ചു. വിവരങ്ങൾ ശേഖരിക്കാനും പ്രകടിപ്പിക്കാനും വിദ്യാർഥിനികൾക്ക് ഇന്റർനെറ്റ് ഉപയോഗം ഒഴിവാക്കാനാകില്ല. വിദ്യാർഥിനികളുടെ പഠന ആവശ്യത്തിനും ഇത് അനിവാര്യമാണെന്നും ഹർജിഭാഗം ചൂണ്ടിക്കാണിച്ചു. വിദ്യാർഥിനിയുടെ ആവശ്യങ്ങൾ പരിശോധിച്ച കോടതി വാദങ്ങൾ ശരിവയ്ക്കുകയായിരുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com